Tuesday, April 22, 2014

ജ്ഞാനോദയം

അശാന്തിയുടെ
പര്‍വതങ്ങളില്‍നിന്ന്
ഗൗതമന്‍
നടന്നകന്നു.
പിന്നില്‍
ബലിക്കാക്കകള്‍
പോയ ജന്മത്തിന്റെ
തിലോദകത്തിനായി
ചിലമ്പിച്ചാര്‍ത്തു.
വെയില്‍നാഗങ്ങള്‍
ഇണചേര്‍ന്ന
ഇലച്ചാര്‍ത്തുകള്‍ കടന്ന്,
ഇരുള്‍ക്കാടുകള്‍
മൗനം പൂണ്ട
താഴ്‌വാരങ്ങളില്‍നിന്നകന്ന്,
മഴക്കുളിരുകള്‍
തൊട്ടുണര്‍ത്തിയ
ആസക്തികളില്‍നിന്നകന്ന്,
അലഞൊറിഞ്ഞിട്ട
പ്രണയത്തിന്റെ
മധുരസാഗരത്തില്‍നിന്നകന്ന്,
എല്ലാറ്റില്‍നിന്നുമകന്ന്
ബോധിമരത്തണലിന്റെ
സാന്ത്വനത്തിലേക്ക്...
സ്വബോധത്തിന്റെ
വാര്‍ധക്യത്തിലേക്ക്...
ചുവടുറയ്ക്കാതുലയുന്ന
അന്തിത്തിരിവെളിച്ചത്തിലേക്ക്...
ഗൗതമന്‍
നടന്നടുക്കുന്നു.
വിരഹമെരിയുന്ന
ചിതയില്‍നിന്നും
ഒരു കിളി പറന്നകലുന്നു...
ഗൗതമന്‍
കണ്ണുകള്‍ മുറുക്കിയടയ്ക്കുന്നു...

1 comment:

സൗഗന്ധികം said...

ഭവസാഗരത്തിന്റെ തിരമാലകൾ ഭേദിച്ച് ജ്ഞാനോദയത്തിന്റെ ദീപ്തചക്രവാളത്തിലേക്ക്...

വളരെ നല്ല കവിത


ശുഭാശംസകൾ.....