Thursday, April 3, 2014

പ്രണയം

തിരയൊടുങ്ങാത്ത
കടല്‍ പോലെ...
പ്രണയം
കാല്‍വിരലുകളില്‍
തൊട്ടുതലോടുന്നു...
നനഞ്ഞ ചുണ്ടുചേര്‍ത്ത്
ചുംബിക്കുന്നു...
പരിഭവത്തിന്റെ നുരകള്‍
മുഖത്തേക്ക് തെറ്റിത്തെറിപ്പിക്കുന്നു...
തളര്‍ന്നമര്‍ന്ന് പിന്‍വാങ്ങുന്നു.
പിന്നെയും പിന്നെയും
അലയലയായ്
കടന്നുവരുന്നു...

Saturday, March 8, 2014

വെറുതെയൊരു സൗഹൃദമത്സരം

എനിക്കില്ലാത്തത്
നിനക്കുണ്ടെന്ന്
ഞാന്‍ പറഞ്ഞിട്ടില്ല
എന്നതുകൊണ്ടുതന്നെ
നിനക്കുള്ളത്
എനിക്കുമുണ്ടെന്നും
എനിക്കുവേണ്ടത്
നിനക്കുവേണ്ട
എന്നുമാണ്
എന്റെ വാദമെന്നത്
നീ അംഗീകരിക്കുന്നുണ്ടോയെന്നത്
എന്റെ പ്രശ്‌നമല്ലെന്നും
അപ്പോഴും
നമുക്കീ സൗഹൃദം
നിലനിര്‍ത്താമെന്നും
അങ്ങനെ
പരസ്പരം
പോരടിക്കാമെന്നുമാണ്
ഞാന്‍
ആഗ്രഹിക്കുന്നത്!!!

Friday, February 7, 2014

ജന്മ പുണ്യം

ഉണരുവാനെന്തിത്ര വൈകിയെന്നാർദ്രമായ്
മന്ത്രിച്ചുവോ നീയെൻ കാതിനുള്ളിൽ
സ്വപ്‌നസമൃദ്ധമാം നിദ്രയിന്നേകിയ
മഞ്ജുളനാദമെന്നോർത്തുപോയ് ഞാൻ
മഞ്ജുളനാദമെന്നോർത്തുപോയ് ഞാൻ

കാതരേ, നീയെന്റെ ചാരത്തണഞ്ഞിടാൻ
കാലമിതെത്ര കഴിഞ്ഞുപോയി
ആശാകുസുമങ്ങളെത്ര കൊഴിഞ്ഞുപോയ്
ആതിരരാവും കടന്നുപോയി-തിരു-
വാതിരരാവും കടന്നുപോയി

വേനൽക്കിനാവിന്റെയൂഷരഭൂമിയിൽ
വേപഥുപൂണ്ടു കിടന്നുപോയ് ഞാൻ
മാരിവിൽമാലകൾ കണ്ടതില്ല; ഇളം-
തെന്നലൊന്നരികത്തു വന്നതില്ല-കുളിർ-
തെന്നലൊന്നരികത്തു വന്നതില്ല

വൈകിയെന്നാകിലും എത്തിനീയരികത്തൊ-
രായിരം ജന്മങ്ങൾ തന്റെ പുണ്യം!
ഇനിയീപടുതിരി കത്തിയമർന്നാലും
സഫലമെൻ ജന്മമിതെത്ര പുണ്യം!
സഫലമെൻ ജന്മമിതെത്ര പുണ്യം!

Thursday, February 6, 2014

കടലോളം പ്രണയം

പ്രണയമൊരു കടലായെന്നില്‍
തിരമുറിച്ചെത്തുമീ സാന്ധ്യനേരം
നനുത്തകാറ്റിന്‍ തലോടലിലെന്‍മനം
കുളിരോലുമോര്‍മ്മയെ വാരിപ്പുണരുന്നു

നിന്‍ കവിള്‍ഛായ കോരിയെടുത്തീ
സന്ധ്യയിന്നെത്ര തുടുത്തുപോയ്!
നിന്‍ മിഴിയനക്കങ്ങളാകെ കവര്‍ന്നൊരീ
കടലലകള്‍ക്കെത്ര താളത്തുടിപ്പുകള്‍!

ചൊരിമണലിക്കിളികൂട്ടിയ പദതാരി-
ലാര്‍ത്തിപൂണ്ടെത്തിയ തിരനുരകള്‍
ഒന്നു ചുംബിച്ചിട്ടൊരുമോഹസാഫല്യം
നേടിത്തിരികേ മടങ്ങുന്നു ലാസ്യമായ്

കണ്‍ചിമ്മിയുണരുന്ന നക്ഷത്രകന്യകള്‍
കണ്ണിമയ്ക്കാതുറ്റുനോക്കിടുന്നു-നിന്‍-
കണ്ണിണചെപ്പില്‍ തിളങ്ങുന്ന മാണിക്യ-
കല്ലുകള്‍ക്കെന്തിത്ര ശോഭയെന്നോ?

പാതിചിരിച്ചുണരുന്നോരമ്പിളി
പാലൊളി തൂകിപ്പടരുന്ന നേരം
നിഴലും നിലാവുമിഴചേര്‍ന്ന നിന്‍ മുഖ-
താരിലൊരുമുത്തമായ് എന്റെ സ്നേഹം !

Friday, October 11, 2013

ഉത്സവരാവ്!

ഉത്സവരാവ്!

ആള്‍ത്തിരക്കിലൂളിയിട്ടങ്ങനെ
ആകാശപമ്പരമേറിയിട്ടങ്ങനെ
മരണക്കിണറേറിയിട്ടങ്ങനെ
വ്യാളിയൂഞ്ഞാലിലാടിയിട്ടങ്ങനെ
വര്‍ണവിസ്മയകാഴ്ചകണ്ടങ്ങനെ
ആളനക്കത്തിലൊളിച്ചുകൊണ്ടങ്ങനെ

ഉത്സവരാവിന്നാഘോഷമിത്തിരി
നൊട്ടിനുണഞ്ഞു മടങ്ങി,
ഞാന്റൈയീയേകാന്ത-
മൌനകുടീരത്തിനുള്ളില്‍

Wednesday, October 9, 2013

ചെ

കെട്ടുപോയിടാത്തൊരിത്തിരി വെട്ടമായ്
കനലെരിയുന്നൊരായിരം മനസ്സുകളില്‍
തെളിയുന്നു നീയൊരുജ്വല താരമായ്
നീളേ, പരക്കുന്നു വിപ്ളവതീക്കതിര്‍

എവിടെങ്ങു നീതി നിഷേധങ്ങളുയരുന്നു
അവിടെ നീ നിറയുന്നു പ്രതിഷേധശബ്ദമായ്
എവിടെവിടെ അടിമത്തചങ്ങല മുറുകുന്നു
അവിടെ നീ ഉയരുന്നു സ്വാതന്ത്യ്രദാഹമായ്

വിശ്വനായകനായുയരുന്നു നീ; പുത്ത-
നശ്വമേധം നയിക്കുന്നു ഞങ്ങളില്‍
തോക്കുകള്‍ നീട്ടുന്ന പുത്തനുടയോര്‍ക്കുനേര്‍-
ക്കുറ്റു നോക്കുന്നു നീ തീക്ഷ്ണനേത്രങ്ങളാല്‍

മിടിക്കുന്ന ഹൃദയങ്ങളേറ്റുവാങ്ങുന്നൊരീ-
ഇങ്ക്വിലാബിനജയ്യതയാണു നീ
തുടിക്കുന്ന കൈകളിലുയരുന്ന ചെങ്കൊടിക്കു-
യിരേകുമാവേശകാറ്റാണ് നീ

ഓര്‍ക്കുവാനില്ലിറ്റു താമസം,നീ, യെത്രമേല്‍
മാറ്റുന്നു ഞങ്ങളെ നിന്‍വീരസ്മരണയാല്‍
നീ മരിക്കില്ലൊരിക്കലുമീ മണ്ണില്‍
നിസ്വവര്‍ഗത്തിന്നുയിരാണ് നീ

Tuesday, August 6, 2013

കര്‍ക്കിടകം


ചുറ്റിപ്പിടിക്കുന്ന മാറാലയ്ക്കുള്ളില്‍
അഴുക്കിന്റെ ദുസ്സഹഗന്ധത്തില്‍,
നരച്ചുപോയ ജീവിതയാഥാര്‍ഥ്യങ്ങള്‍ക്കുമേല്‍,
അശുഭചിന്തകള്‍ക്കുമേല്‍
ഇരമ്പിയാര്‍ക്കുന്നു
കര്‍ക്കിടകം

കാടിളക്കി,
മണ്ണിളക്കി,
അലയിളക്കി
ആര്‍ത്തു ചിരിക്കുന്നു
കള്ള കര്‍ക്കിടകം

കത്തിച്ചുവെച്ച നിലവിളക്കില്‍
ആടിയുലയുന്ന കര്‍ക്കിടകക്കാറ്റ്‌;
രാമനാമജപമിടറിവീഴുന്ന
വ്രുദ്ധമനസ്സില്‍
തണുത്ത ഭീതിയായ്‌
വിറകൊള്ളുന്നു കര്‍ക്കിടകം

വഴികള്‍ക്കുമേലേ
തോടൊഴുകുന്നു;
വാഴത്തടകള്‍ക്കുമേലേ
കുരുന്നുകളും;
പശിയൊടുങ്ങാതെ
കരയുന്നു കുഞ്ഞുങ്ങള്‍
കലിയൊടുങ്ങാതെ
ചിരിക്കുന്നു കര്‍ക്കിടകം
ക്ളാസ് മുറികളില്‍
ഈര്‍പ്പമകറ്റി
ചൂടുകായുന്ന കലങ്ങള്‍ക്കുള്ളില്‍
കര്‍ക്കിടകം തിളയ്ക്കുന്നു

കറുത്ത മുഖവുമായ്‌
ആകാശം
ഭൂമിയോടു പിണങ്ങുന്നു,
തേങ്ങുന്നു - പിന്നെ,
പൊട്ടിപ്പൊട്ടി കരയുന്നു
കര്‍ക്കിടകം പെയ്തൊഴിയുന്നതേയില്ല!!!!!