Wednesday, September 17, 2014

പാണന്റെ പാട്ട്...

ഇനിയൊരു മഴ...
എന്നാണ്?
വരണ്ടുണങ്ങിയ
മണ്ണടരുകളില്‍
കണ്ണീര്‍
വീണെരിയുന്നു...
കുനിഞ്ഞുപോയ
തോളുകളില്‍
ആരാണ്
വീണ്ടും വീണ്ടും
അമര്‍ത്തിച്ചവിട്ടുന്നത്?
ഉഴവുചാലുകളില്‍
രക്തം
അതിര്‍വരമ്പുകളൊരുക്കുന്നു...
ചുവപ്പിന്റെ
രേഖാശാസ്ത്രം!!!
അഗ്നിയേക്കാള്‍
സുന്ദരനത്രേ
രാജപ്രമുഖന്‍!!
അടുക്കുന്തോറും
പൊള്ളിയകലുന്ന
സ്‌നേഹമാണവന്‍...
മഴമേഘങ്ങള്‍ക്കുപോലും
അവനെ പേടിയാണ്!!!
കുറുമ്പൊത്ത കുറുനിരയാല്‍
അവന്‍
യേശുവിനെപ്പോലെ
സുന്ദരന്‍...
നനയാത്ത മണ്ണിലെ
മുളയ്ക്കാത്ത നാമ്പുകള്‍ പോലെ
അവന്റെ
അപദാനങ്ങള്‍
ഞങ്ങള്‍
പ്രജകള്‍
ഉടുക്കുകൊട്ടിപ്പാടുന്നു...
പാണന്റെ പാട്ട്!!!
കനത്ത കാല്‍ച്ചുവടുകള്‍
ചുമലുകളിലേറ്റുവാങ്ങി
ഞങ്ങള്‍, പ്രജകള്‍
നീരുറവ തേടുന്നു...
വന്ധ്യമേഘങ്ങളില്‍
അധികാരത്തിന്റെ
ചൂട് പുകയുന്നു...
ചാട്ടവാറുകള്‍
ശോഷിച്ച മേനികളെ
പ്രണയാതുരമായ്
കെട്ടിപ്പുണരുന്നു...
സീല്‍ക്കാരങ്ങള്‍...
നീറ്റലുകള്‍...
ഋശ്യശൃംഗാ...
നിന്റെ കാല്‍പ്പാദം
ഏറ്റുവാങ്ങുന്ന
മേഘനീരിനായ്
കാത്തിരിപ്പിന്റെ
ഉച്ചസ്ഥായിയില്‍
നിന്നൊരു പാട്ട്...
പാണന്റെ പാട്ട്...
മഴമേഘങ്ങള്‍ക്കായ്
വെറുതെയൊരു പാട്ട്...


Tuesday, September 16, 2014

നദി

ഒഴുകുകയാണ്...
കൂര്‍ത്തതും,
മൂര്‍ച്ചയേറിയതുമായ
എല്ലാ കല്ലുകളെയും
ഉരുട്ടിയൊതുക്കി,
ലജ്ജാവതികളായ
കാമുകിമാരെപ്പോലെ
കുണുങ്ങിയൊതുങ്ങി
തലതാഴ്ത്തിയ
എല്ലാ വള്ളിപ്പടര്‍പ്പുകളെയും
ഒന്നൊഴിയാതെ
തഴുകിയുണര്‍ത്തി,
ഇടയ്ക്കിടെ
ആഴങ്ങളിലേക്ക്
ആര്‍ത്തലച്ചും
പിന്നെ-
നെടുനിശ്വാസത്തിന്റെ
കുമിളകളിലൂടെ
ചിരിച്ചമര്‍ന്നും,
ഒടുവില്‍-
ദിക്കറിയാത്ത
മണലിടങ്ങളില്‍
താനേ മെലിഞ്ഞ്,
നുരയൊതുങ്ങി,
പതയമര്‍ന്ന്,
വരണ്ടുപോയൊരു
നദിയത്രേ
ഞാന്‍....

Tuesday, September 2, 2014

തിരിച്ചുപോക്ക്‌

ഇവിടെ,
ഈ മുനമ്പിലാകാം
യാത്രാന്ത്യം!
എങ്കില്‍,
എനിക്ക് തിരികെ പോകണം…

ഒരിക്കല്‍ക്കൂടി,
എന്റെ മുറിവുകളിലേക്ക്
എനിക്ക്
തിരികെപ്പോകണം
പരിഹാസ്യത്തിന്റേതും
നിരാസത്തിന്റേതുമായ
നിന്റെ ചിരിയിലേക്ക്
എനിക്ക്
തിരികെപ്പോകണം.
ഞാനറിയാതെപോയ
എന്നെ,
എനിക്കറിയണം.

മാഞ്ഞുപോയ
നിഴല്‍പ്പാടുകളിലൂടെ
തിരികെ നടക്കണം.
ഞെരിഞ്ഞമര്‍ന്ന്,
വാടിത്തളര്‍ന്ന
കുടമുല്ലയുടെ
ജഡഗന്ധത്തിലേക്ക്
തിരികെപ്പോകണം.
നീയെങ്ങിനെയാണ് അന്ന്
എന്നെ സ്‌നേഹിച്ചതെന്ന്
എനിക്കറിയണം.!!!

ഉത്തരമില്ലാത്ത
ചോദ്യങ്ങളുടെ
ഭാരവും പേറി,
ഈ കഥ
എങ്ങിനെ ഞാന്‍
അവസാനിപ്പിക്കും?

Tuesday, July 15, 2014

ഗാസയുടെ കണ്ണീര്‍

അടഞ്ഞുപോയ
കുഞ്ഞുകണ്ണുകളില്‍
ഉണങ്ങിപ്പിടിച്ച
രക്തക്കറയില്‍
നീ തിരയുന്നതെന്ത്?
സങ്കീര്‍ത്തനങ്ങളിലൂടെ
നിന്നിലേക്കൊഴുകിയിറങ്ങിയ
പാപിയുടെ രക്തമോ?
അതോ -
ഉരുളന്‍ കല്ലുകളാല്‍
എറിഞ്ഞകറ്റിയ
പാപക്കറയോ?
വിശ്വാസത്തിന്
വേലിയിറക്കമാകുന്നു...
കുഞ്ഞുമക്കളുടെ
കുഴിമാടങ്ങളില്‍
ഒരു
അവിശ്വാസിയുടെ
കണ്ണീര്‍പൂക്കള്‍!!!!

Thursday, June 19, 2014

ആട്ടിന്‍ക്കൂട്ടങ്ങള്‍

ഇടയനില്‍നിന്നും
രക്ഷനേടാന്‍ കൊതിക്കുന്ന
ആട്ടിന്‍ക്കൂട്ടങ്ങളാണ് ഞങ്ങള്‍.
സമൃദ്ധമായ മേച്ചില്‍പ്പുറങ്ങളാണ്
പ്രതീക്ഷയുടെ വായ്ത്താരികളായി
ഞങ്ങള്‍ക്ക് നല്‍കിയത്.
വേനല്‍ച്ചൂടില്‍ കരിഞ്ഞുണങ്ങിയ
ഈ വയലിറമ്പില്‍
ഞങ്ങള്‍ മറ്റെന്താണ് ആഗ്രഹിക്കുക?
പക്ഷെ-
വീണ്ടും വീണ്ടും
കബളിപ്പിക്കപ്പെടുന്ന
വെറും ആട്ടിന്‍ക്കൂട്ടങ്ങളാണ് ഞങ്ങള്‍.
ഞങ്ങളുടെ പ്രതിഷേധം
അവന്‍ അറിയുന്നു.
അറിഞ്ഞുകൊണ്ടുതന്നെ
അവനതിനെ
സ്വാഗതം ചെയ്യുന്നു
ഈ വരണ്ടുണങ്ങിയ മരുഭൂമിയില്‍
ഞങ്ങള്‍
വീണ്ടും വീണ്ടും
ബന്ധനസ്ഥരാകുന്നു.
എല്ലാമറിയുന്നവനാണ് അവന്‍!!!
തീ്ക്ഷ്ണനയനങ്ങളോടെ
ഞങ്ങളിലേക്ക്
എരിവെയിലുതിര്‍ക്കുന്നു.
അവന്റെ നേത്രങ്ങള്‍
ശൂലങ്ങള്‍പോലെ!!!
അവ ഗര്‍ഭപാത്രങ്ങളെയും
ഒഴിവാക്കുന്നില്ല!!!
അലയാന്‍ കൊതിക്കുന്ന ഞങ്ങളെ
ആലകള്‍ക്കുള്ളില്‍ കെട്ടിയിടുന്നു...
ഞങ്ങള്‍ക്ക് പൂജിക്കാനും
പരാതി പറയാനും
പുതിയ ദൈവങ്ങളെ സൃഷ്ടിക്കുന്നു...
പഴയവ പൊളിച്ചടുക്കുന്നു...
എല്ലാ ദൈവങ്ങള്‍ക്കും അവന്റെ ഛായ!!!
ദൈവം പുല്ലിലില്ലെന്നറിയാന്‍
എത്ര വൈകി!!!
കയറുകള്‍ക്കുള്ളില്‍ കുടുങ്ങിപ്പോയ
കഴുത്തുകള്‍ക്ക്
'ദൈവമേ' എന്ന്
എങ്ങനെ വിളിക്കാനാകും???

Monday, June 9, 2014

യാത്ര

തണലിടങ്ങളൊഴിഞ്ഞൊരീ വഴി 
താണ്ടുവാനൊട്ടു ദൂരമുണ്ടറിക സഖീ... 
ഓര്‍മതന്‍ ഭാണ്ഡത്തിലുണ്ടു, നീയേകിയ 
നോവിന്‍ പൊതിച്ചോറളിഞ്ഞ ഗന്ധം 

 പൊരിവെയിലാളിപ്പടരുന്നു തൊണ്ടയില്‍ 
പെരുമഴ തേടിയലയുന്നു ഗദ്ഗദം 
ഇവിടെ ഞാനൊറ്റയ്ക്കു തന്നെ,യെന്‍ 
വഴിയേതന്നറിയാതുഴലുന്നു ഞാന്‍ 

കനവുകള്‍പോലും ബാക്കിയില്ലിവിടെ,യീ 
കനലുകള്‍ താണ്ടി പോവതെങ്ങിനെ? 
ഇടറുമെന്‍ കാലുകള്‍ക്കിനിയെത്ര ദൂരം 
കടക്കുവാനാകുമെന്നാര്‍ക്കറിയാം?

Monday, June 2, 2014

അക്ഷരപ്പൂത്തിരി

പുതിയ ലോകമാണെങ്കിലു,മിതി-
ലൊട്ടുമേയാശങ്ക വേണ്ടയെന്നോമനേ,
വഴിതിരിഞ്ഞുപോകേണ്ട ദിക്കിനെ
പതിയെയെങ്കിലുമടുത്തറിക നീ

അക്ഷരക്കൂട്ടങ്ങള്‍ക്കിടയിലാണെങ്കിലും
അക്ഷമയൊട്ടുമേ പാടില്ലിനിമേല്‍
തൊട്ടുരുചിക്കുകയെല്ലാമൊരേമട്ടിലാ-
കില്ല,യെന്നാലും രുചികരംതന്നെ

കേള്‍ക്കുവാനിറ്റു ക്ഷമയുണ്ടായിടേണം
കാണുവാന്‍ കണ്ണുകള്‍ തുറന്നുതന്നാകണം
കൊച്ചുകൈകളിലീ ലോകമാകവെ
കുത്തിക്കുറിച്ചു വെളിവാക്കിടേണം

കാലുറയ്ക്കണം, മണ്ണിതില്‍തന്നെ
മനസ്സലയണം പാരിതിലാകെ
നേരറിയണം, നേരിന്‍വഴിയില്‍ നീ
നന്മയെമാത്രം തൊട്ടറിഞ്ഞീടണം

ദീര്‍ഘമാം നിന്‍വഴിത്താരയില്‍, നിത്യവും
പ്രോജ്വലദീപമായക്ഷരപ്പൂത്തിരി
കെട്ടുപോകാതെ കാക്കുക, നീയിനി
ചുറ്റും പരത്തുക, അറിവിന്‍ വെളിച്ചം...