Wednesday, January 30, 2013

തേന്‍മാവിന്റെ ദുഃഖം















അകലെയൊരു നിഴലായ് നീ മറഞ്ഞു
നിന്റെ വിധുരമാം ഓര്‍മയില്‍ ഞാനുലഞ്ഞു
ഹൃദയമണിവീണതന്‍ തന്തി തേങ്ങി
എന്റെ അരിമണിപ്രാവിന്നകന്നുപോയി

കൂരമ്പുകൊണ്ടാരാ ചിറകൊതുക്കി- എന്റെ
നെഞ്ചിന്‍ ചൂടേറ്റുറങ്ങിയ നാള്‍
കണ്ണിമ ചിമ്മാതെ ചേര്‍ത്തു പിടിച്ചു ഞാന്‍
ചുംബനപ്പൂക്കളാല്‍ മൂടി നിന്നെ

മുറിവുണങ്ങി; നിന്റെ ചിരി കിലുങ്ങി- എന്റെ
കരളിലെ തേന്‍മാവ് പൂത്തുലഞ്ഞു
ചില്ലയൊതുക്കി ഞാന്‍ കൂടൊരുക്കി- നിന്നെ
കൈപിടിച്ചേറ്റുവാന്‍ മനമൊരുക്കി

ദൂരെയൊരു ചിറകടിയൊച്ച മുഴങ്ങി-യെന്‍
ചാരത്തിരുന്നു നീ കണ്‍മിഴിച്ചു
കൂരിരുള്‍ മൂടിയെന്‍ കണ്‍കളില്‍; കണ്ടു ഞാന്‍
മാരിവില്‍ വര്‍ണങ്ങള്‍ നിന്‍ മിഴിയില്‍

കൊക്കുരുമ്മി; തമ്മില്‍ മനമിണങ്ങി- മെല്ലെ
കൂടുവിട്ടെങ്ങോ പറന്നുപോയി
ഒരുചെറുതൂവല്‍ കൊഴിഞ്ഞുവീണെത്രയോ
രാവുകള്‍ പിന്നെ കടന്നുപോയി

ഇനിയത്തെ പുലരിയീ രാവെനിക്കേകിയ
ഇരുളില്‍ കറയൊന്നു മായ്ച്ചിടുമോ?
ഇനിയെന്റെയാകാശച്ചെരുവിലായര്‍ക്കന്റെ
ഇഴ കീറിയെത്തുന്ന വെട്ടം പരക്കുമോ?

അകലെ നിന്നെന്റെയായരിമണിപ്രാ-
വൊന്നരികെയെന്‍ ചില്ലയിലെത്തിടുമോ?
കുളിരോലുമീറന്‍ തളിരിലത്തുമ്പിലെ
നറുകണമാവോളം നുകര്‍ന്നിടുമോ?

കാത്തുനില്‍ക്കുന്നു ഞാനീ വനപാതയില്‍
കാതരമാമീറന്‍ മിഴികളോടെ,
നീ വരാതിരിക്കില്ലയെന്നോര്‍ത്തു ഞാന്‍
നില്‍ക്കുന്നു; നിശ്ചലമീസ്നേഹതീരേ...


Monday, December 31, 2012

മകളേ നിനക്കായി...

ഒരു തേങ്ങലിനൊപ്പമാണ്
ഈ വര്‍ഷാന്ത്യചിന്തകള്‍!
സൂര്യന്‍
മറഞ്ഞുകഴിഞ്ഞു;
ഇരുളാണ് ചുറ്റിനും...

ഉത്സവരാവിന്റെ
പതിവു പല്ലവികളുമായി
യുവത്വം തെരുവുകളില്‍
തയ്യാറെടുപ്പുകള്‍ തുടങ്ങിക്കഴിഞ്ഞു...
നക്ഷത്രങ്ങള്‍ ഇമചിമ്മുന്ന
ആകാശച്ചെരുവില്‍
പൊട്ടിച്ചിതറുന്ന ആഘോഷപൂത്തിരികള്‍
രാവിനെ വാരിപ്പുണരുന്നു...

ചിരിക്കുന്ന മുഖങ്ങളെ നോക്കി
ഞാനിരിക്കുന്നു,
ചിരി മറന്ന ചേതനയുമായി...

മനസ്സില്‍ ഒരു പെണ്‍കുട്ടി-
കെട്ടുപോയൊരു കരിന്തിരിപോല്‍
പുകഞ്ഞു നീറുന്നു...
വെറിയടങ്ങിയ മൃഗതൃഷ്ണകള്‍
നാളെത്തെ പ്രഭാതത്തെ
കുമ്പസാരക്കൂടാക്കുമോ?
അറിയില്ല...
എരിഞ്ഞടങ്ങിയൊരാ-
ചിതയില്‍നിന്നുയിരാര്‍ന്ന
അഗ്നിനാളങ്ങളെന്റെ
കരളില്‍ തീപ്പന്തമാകുന്നു...

മാപ്പു നല്‍കാനാകാത്ത
മനസ്സുമായി
ഞാനിരിക്കുന്നു;
ഞാനുമൊരച്ഛനാണ്;
ഒരു പെണ്‍കുട്ടിയുടെ അച്ഛന്‍!
തണുത്തുറഞ്ഞ തെരുവോരങ്ങളില്‍,
ഡിസംബറിന്റെ ഈ അവസാനരാവില്‍,
കത്തിച്ചുവെച്ച മെഴുതിരിനാളംപോലെ
എന്റെ മനസ്സും വിറയ്ക്കുന്നു...
ഇനിയെന്റെ നാളെകളില്‍
എന്റെ മനസ്സിനൊപ്പം
നീയുമുണ്ട്...
്എന്റെ കുഞ്ഞേ
എന്റെ മകളെപ്പോലെ
ഇന്നു ഞാന്‍ നിന്നെ സ്നേഹിക്കുന്നു;
നിനക്കായൊരു തേങ്ങല്‍
ബാക്കിവെയ്ക്കുന്നു...

Tuesday, December 18, 2012

വെടിയുണ്ടകള്‍ക്കും ദൈവത്തിനും സ്തോത്രം

നക്ഷത്രങ്ങള്‍ ചിരിക്കുന്നില്ല;
മുകളില്‍-
ആകാശക്കൊട്ടാരത്തില്‍
ദൈവം കറുത്ത മുഖംമൂടിയുമായ്
വെറുതെയിരിക്കുന്നു...
താഴെ-
തുളഞ്ഞുകയറിയ വെടിയുണ്ടകളേറ്റ്
ഞങ്ങളുടെ കുഞ്ഞുങ്ങള്‍
എന്തിനെന്നറിയാതെ ഉറങ്ങുന്നു...
ഈ രാത്രിയും
ഇനി എല്ലാ രാത്രികളും
കണ്ണീരിന്റേത്...

ദൈവമേ-
കൊഴിഞ്ഞുവീഴുന്ന ഓരോ പൂവിലും
നിന്റെ നാമം പതിഞ്ഞിരിക്കുന്നു...
വിടരുന്നതിനുമുമ്പേ;
ചവിട്ടിയരക്കപ്പെടുന്നതിന്റെ വേദനയിലും
നിന്റെ സ്തോത്രം മുഴങ്ങുന്നു...
നീ-
എന്റെ കുഞ്ഞുങ്ങളെ
രക്ഷിക്കാഞ്ഞതെന്ത്?

ഓരോ വെടിയൊച്ചയിലും
അശാന്തിയുടെ ഈ സ്വര്‍ഗകവാടം
വിറകൊള്ളുന്നു...
പാപം കയറ്റുമതി ചെയ്യുന്നവര്‍ക്കും
പാപികളെ ഊട്ടുന്നവര്‍ക്കും
മരണത്തിന്റെ ശിക്ഷ നീ മറക്കുന്നു...
മൂടിക്കെട്ടിയ നിന്റെ കണ്ണുകളില്‍നിന്നും
ഇറ്റുകണ്ണീര്‍,
എന്റെ കുഞ്ഞുങ്ങള്‍ക്കായി
വീഴ്ത്താഞ്ഞതെന്തേ?

സ്വാതന്ത്യ്രത്തിന്റെ ഈ പറുദീസയില്‍
ഞങ്ങള്‍-
തോക്കുകള്‍ക്കുനേരെ കൈനീട്ടുന്നു;
വെടിയുണ്ടകളെ ലാളിക്കുന്നു;
അനാഥമാക്കപ്പെടുന്ന ഓരോ കുടുംബത്തിനായും
ഞങ്ങള്‍ നിന്റെ സ്തോത്രം ഉറക്കെ ചൊല്ലുന്നു;
നീ മറന്ന ഞങ്ങളുടെ
സഹോദരങ്ങള്‍ക്കായി;
ഞങ്ങളുടെ കുഞ്ഞുങ്ങള്‍ക്കായി;
ഇനി-
തോക്കുകള്‍ പരിചകളാക്കുന്നു...
സ്തോത്രം... സ്തോത്രം...


Thursday, November 29, 2012

വാക്കുകളുടെ ചരമഗീതം


ഇനി എന്താണ് പറയാനുള്ളത്?
അടര്‍ന്നുവീഴുന്ന
മഞ്ഞുതുള്ളിയുടെ തേങ്ങല്‍
വെറുതെ പൊട്ടിച്ചിതറുന്ന പോലെ
എന്റെ വാക്കുകള്‍...
ഇനി എന്താണ് ബാക്കിയുള്ളത്?
ഉപചാരമാകുന്നൊരിഷ്ടത്തിനപ്പുറം
ഒന്നുമില്ലെന്നറികെ-
ഇനി എന്താണ്?

വേലിയിറക്കമാകുന്നു...
തന്നതെല്ലാം അവിടെതന്നെ
അവശേഷിപ്പിച്ച്;
ഒന്നുമേറ്റുവാങ്ങാനില്ലാതെ
മടങ്ങുന്നു;
ഉള്ളിലേക്ക്,
ഉള്ളിലേക്ക്,
അഗാധമാമൊരീ ഇരുള്‍ച്ചുഴിയിലേക്ക്...

ആരാണ് നീയെനിക്കെന്നറിയാതെയല്ല
നീ മടങ്ങുന്നതെന്നറിയുന്നു ഞാന്‍;
ജന്മാന്തരങ്ങള്‍ക്കുമപ്പുറത്തെങ്ങോ
നിഴല്‍ച്ചിത്രങ്ങളായ് നാമിരുന്നിരിക്കാം;
ഒരുവേളയെന്റെയീ നെഞ്ചില്‍ തലചായ്ച്ച്
ഒരുപാട് സ്വപ്നങ്ങള്‍ കണ്ടിരിക്കാം;
വിരലുകളൊന്നായ് മുറുകെപ്പിടിച്ചാ-
ദൂരങ്ങളൊക്കെയും കടന്നിരിക്കാം;
അകലുവാനാകാതെയോതോ വഴിവക്കില്‍
വിങ്ങും മനസ്സുമായ് നിന്നിരിക്കാം...

ഇവിടെ-
ഇന്ന്-
നീയെനിക്കന്യയാകുമ്പോള്‍;
എന്റെ കിനാക്കളെ
ചിതയിലേറ്റുമ്പോള്‍;
ഒരു കുഞ്ഞരിപ്രാവെന്റ
കരള്‍ക്കൂടിനുള്ളില്‍
കുഞ്ഞിളംചുണ്ടാല്‍
കൊത്തിമുറിക്കുമ്പോള്‍;
ഇറ്റുവീഴില്ലൊരുതുള്ളിയുമെന്റെ
വറ്റിവരണ്ടൊരീ കണ്ണുകളിലൂടവേ;
നൊന്തുപിടയില്ലെന്റെയീ ഹൃത്തടം
നോവറിയാതെ മരിക്കുന്നു ഞാന്‍...

Monday, November 26, 2012

പ്രണയം

എന്റെ കണ്ണുകളില്‍
എന്തിനാണ് നീ നനവ് പടര്‍ത്തിയത്?
എന്റെ സ്വപ്നങ്ങളില്‍
എന്തിനാണ് നീ കൂടൊരുക്കിയത്?
ഇന്നലെകളെന്നില്‍ കുടഞ്ഞിട്ട വേര്‍പ്പുനീ-
രെന്തിനാണ് നീ തുടച്ചുമാറ്റിയത്?

ഇരുളിന്റെ ഈ മഹാമൌനത്തിലൊരു ചെറു-
സ്വരബിന്ദുവായ് നീ വന്നതെന്തേ?
കെട്ടുപോയെന്നുനിനച്ചൊരാ ചെറുതിരി-
ക്കിത്തിരിവെട്ടമായ് വന്നതെന്തേ?
പിടയുമെന്‍ ജീവന്റെയുള്‍ത്തുടിപ്പാ-
യൊരു താളമായ്; ജീവനമന്ത്രമായി;
എന്തിനു വന്നു നീ, സ്വപ്നകന്യകേ,യീ-
മരുഭൂവിലമൃതവര്‍ഷമായി?

ഇന്നലെവരെയെന്റെ
നിനവുകളില്‍
രാക്കിളി പാട്ടൊന്നും പാടിയില്ല;
ഇന്നലെവരെയെന്റെ
കനവുകളില്‍
പാലൊളിച്ചന്ദ്രിക ചിരിച്ചുമില്ല;
മിഴിചിമ്മിയൊരുചെറുതാരവുമെന്നുടെ
കരളിലേക്കുറ്റുനോക്കിയില്ല;
ഒരുനിശാഗന്ധിയുമെന്റെ പൂന്തോപ്പില്‍
സൌരഭ്യമേകിയുണര്‍ന്നുമില്ല...

ഒരു പാഴ്തടിപോലെ
ഞാനലഞ്ഞു;
ജീവിതസാഗരതിരയിലൂടെ;
ചുഴികളില്‍ മുങ്ങിയും പൊങ്ങിയും; കൊടും-
കാറ്റിലുലഞ്ഞും മറിഞ്ഞും
കരയേതെന്നറിയാതലഞ്ഞും
തിരപ്പുറത്തലസം കിടന്നും; ഞാനെന്റെയീ
ജീവിതം വെറുതെയറിഞ്ഞു...

അറിഞ്ഞില്ല; ഞാനെനിക്കന്യമാണെന്നു
നിനച്ചൊരീ സ്നേഹപ്രവാഹത്തെ
അറിഞ്ഞില്ല; ഞാനെന്റെയുള്ളിലെ
നനവാര്‍ന്നൊരീ മഞ്ഞുതുള്ളിയെ
അറിഞ്ഞില്ല; ഞാനീ മുത്തും പവിഴവും
കോര്‍ത്തൊരുക്കുന്നൊരെന്‍ ജീവിതത്തെ
അറിഞ്ഞില്ല; ഞാനെന്റെ ഹൃത്തിനെ-തെല്ലും
അറിഞ്ഞില്ല ഞാനീ പ്രണയാര്‍ദ്രചിന്തയെ

വന്നു നീ-
നവ്യസുഗന്ധമായി;
വന്നു നീ-
അമൃതധാരയായി;
വന്നു നീ-
ഇളം തെന്നലായി;
വന്നു നീ-
വഴിവിളക്കായി...

ഏഴുനിറങ്ങളില്‍ മുക്കി ഞാനീ-
ഈറത്തുണ്ടുകളൊരുക്കിവെയ്ക്കാം;
അകലെയെന്നാകാശച്ചെരുവില്‍ നിനക്കായ്
ആത്മാനുരാഗകുടീരമൊരുക്കാം;
അവിടെന്റെ ഹൃദയം നിനക്കു നല്‍കാം
അവിടെന്റെ സ്നേഹം നിനക്കു നല്‍കാം

വരിക-
ഈ മണല്‍ക്കാടിനുമപ്പുറം,
ഈ മഹാസാഗരത്തിനുമപ്പുറം,
നമ്മുടെ
മുന്തിരിത്തോപ്പില്‍;
പരസ്പരമിത്തിരി
മധുരം നുണയാം...

തൊട്ടടുത്തുണ്ടുഞാന്‍ തെരുകിപ്പിടിക്കട്ടെ
എന്റെയീവലംകൈയ്യില്‍ നിന്റെയിടംകൈ
നടക്കാം-
നമുക്കീ പാതയിലൂടൊറ്റ-
നിഴലായ് പതിയെ നടക്കാം...
വരവേല്‍ക്കാം-
നമുക്കീ സ്നേഹസുഗന്ധത്തെ;
ഒരു ചെറുകാറ്റൊന്നിടറിയിളം-
ചില്ലയാകെ കുളിരണിഞ്ഞീടുന്നൊരീ
പുലരിയെ;
നമുക്കൊന്നായ് വരവേറ്റിടാം...
പരസ്പരം സ്നേഹിച്ചു മതിമറക്കാം...

Friday, November 2, 2012

തിരച്ചില്‍...

ജീവിതം പല മുറികളിലായി
അടക്കപ്പെട്ടിരിക്കുന്നു...
ഓരോ മുറിയിലും കയറിയിറങ്ങി
ഞാനെന്റെ ജീവീതം
നടന്നുതീര്‍ക്കുന്നു...

നിന്റെ ഗന്ധം-
കയറിയിറങ്ങുന്ന ഓരോ മുറിയിലും
അതെന്നെ വിടാതെ പിന്തുടരുന്നു;
അതുകൊണ്ടുതന്നെ
ഈ മുറികളെ ഞാന്‍ ഇഷ്ടപ്പെടുന്നു
ഒപ്പം-
നീ തന്ന മുറിവുകളെയും...

നിന്റെ സ്പര്‍ശം-
എന്റെ ഉള്ളംകയ്യില്‍ ഇപ്പോഴും
അതു നീറിപ്പുകയുന്നു;
ഒരു ചന്ദനക്കുറി എന്റെ നെറ്റിയില്‍
തണുത്തുവിറയ്ക്കുന്നു...
ഋതുക്കള്‍ നിന്റെ വിരല്‍ത്തുമ്പില്‍
തപസ്സിരുന്നുവോ?

നിന്റെ സ്നേഹം-
അലയൊടുങ്ങി തിരികെ പോകുമ്പോള്‍
നനഞ്ഞ മണലില്‍
പുതഞ്ഞ കാല്‍പ്പാടുകള്‍പോലെ;
ഇനിയൊരു തിരയായ്,
എന്റെ സ്നേഹത്തെ കവരാന്‍
ആര്‍ത്തലച്ചെത്തുംവരെ
അതങ്ങിനെതന്നെയായിരിക്കും

ഇവിടെ ഈ മുറികളിലോരോന്നിലും
ഞാന്‍ തിരയുന്നു;
നിന്റെ ഗന്ധം...
നിന്റെ സ്പര്‍ശം...
നിന്റെ സ്നേഹം...
ഒപ്പം-
നീ തന്ന മുറിവുകളും...





Tuesday, October 30, 2012

കണ്ണാടി

ഉടഞ്ഞ ചില്ലില്‍ ചിതറിക്കിടക്കുന്നൊരെന്‍ മുഖം
പരതിയെന്‍ കൈപ്പടം ചോരയാല്‍ ചുവക്കവെ
ചേര്‍ത്തുവെയ്ക്കുവാനാകില്ലെനിക്കെ-
ന്നോര്‍ത്തുവിറകൊള്ളുന്നുണ്ടിതെന്‍ മനം

ഊരിത്തെറിച്ചൊരാണി തറഞ്ഞെന്റെ
നെഞ്ചിലൂറിപ്പടരുന്ന ചെന്നിണം
ഒപ്പിയെടുക്കുവാനില്ലെന്റെ കൈയ്യിലൊരു
കൊച്ചുതൂവാലതുണ്ടുപോലും

ചേതന വിങ്ങിക്കരഞ്ഞെന്റെ മിഴികളില്‍
തുള്ളിവിറച്ചൊലിച്ചതും ചെന്നിണം
കയ്പ്പൂറിയിറങ്ങിയടഞ്ഞുപോയ് തൊണ്ട-
ച്ചുഴിയിലമര്‍ന്നുയര്‍ന്നൊരു നിലവിളി

കാഴ്ചകള്‍ ഹാ.. വര്‍ണക്കാഴ്ചകളെത്ര
കണ്ടുമതിമറന്നൊരെന്‍ കണ്ണുകള്‍
നോക്കി ഞാനെത്രയോ നിന്നു; എന്റെ
നോക്കിലൊരൊത്തിരി ഗര്‍വമോടെ

സ്നേഹിച്ചു ഞാനെന്നെ, കണ്ടു കൊതിച്ചുപോയ്
മതിവരാതെത്രയോ പിന്നെയും പിന്നെയും
കാണുവാനാവില്ലെനിക്കിനിയെന്‍മുഖം
കണ്ണാടിയില്ലത് പൊട്ടിത്തകര്‍ന്നുപോയ്