Wednesday, June 3, 2009

നമുക്കും വേണ്ടേ ഒരു ചിരി...?

വര്‍ത്തമാനം ചിരിയുടെ സമസ്യാപൂരണത്തിലേക്ക് ഊളിയിടുന്ന കാഴ്ചയാണ് കഴിഞ്ഞ ദിവസങ്ങളില്‍ കണ്ടത്. പൊതുതെരഞ്ഞെടുപ്പും അതിന്റെ ചൂടന്‍ വര്‍ത്തമാനങ്ങളും മാധ്യമങ്ങളിലാകെ നിറഞ്ഞുനിന്ന വേളയില്‍ ജനത്തിന് ഏറ്റവുമധികം ലഭിച്ച ബോണസ്സായിരുന്നല്ലോ സ്ഥാനാര്‍ഥികളടക്കമുള്ള നേതാക്കളുടെ നിര്‍ത്താതെയുള്ള ചിരി. മേടവെയിലിന്റെ തളര്‍ച്ചയിലും മുഖത്ത് സ്ഥിരമായി കരുതിവെച്ച ഒരു ചിരി സ്ഥാനാര്‍ഥിയുടേതായിരുന്നു. അന്യോന്യം വെട്ടിവീഴ്ത്താനുള്ള വാക്കുകള്‍ കരുതലോടെ, ആയുധത്തിന്റെ മൂര്‍ച്ചയോടെ പ്രയോഗിക്കുമ്പോഴും ടിവി ചാനലുകളില്‍ കണ്ടത് പരിഹാസ്യത്തിന്റെയും ആത്മവിശ്വാസത്തിന്റെയും അഹങ്കാരത്തിന്റെയുമൊക്കെ ചിരിയായിരുന്നു. അവതാരകവേഷങ്ങളാകട്ടെ ഗൌരവമുഖംമൂടിയണിഞ്ഞുകൊണ്ട് സത്യത്തിന്റെ കഴുത്തുഞെരിച്ചുകൊല്ലുന്ന പ്രകിയക്കിടയിലും കൊമേഴ്സ്യല്‍ ബ്രേക്കുകളില്‍ ആര്‍ത്തട്ടഹസിച്ചു ചിരിക്കുന്ന കാഴ്ചകള്‍ യു-ട്യൂബുകളിലൂടെ ജനം അറിയുന്നു. ഇതു ചിരിയുടെ കാലം...
കേരളത്തിന് എന്നും അവകാശപ്പെടാന്‍ സ്വന്തമായി ഒരു ചിരിയുണ്ടായിരുന്നു. ചുവന്ന ചിരി. മാറുന്ന ലോകത്തില്‍ മാറ്റത്തിനുമുമ്പേ എന്നു പറയുംപോലെ ഇന്ത്യയിലാദ്യമായി ആ ചുവന്ന ചിരി പൊട്ടിവിരിഞ്ഞത് ഈ കേരളത്തിലായിരുന്നല്ലോ. മണ്ണില്‍ പണിയെടുക്കുന്നവന്‍ ചേറിലേക്ക് ഇറ്റുവീണ വിയര്‍പ്പുതുള്ളികള്‍ കുടഞ്ഞെറിഞ്ഞ് ആകാശത്തേക്ക് നോക്കി ചിരിച്ച ആ ചിരി. അതില്‍ ആത്മാര്‍ഥതയുടെ അംശമുണ്ടായിരുന്നു. കേരളത്തിലെ ഏറ്റവും വലിയ പാര്‍ടി എന്ന് ഇന്നലെവരെ വിശ്വസിച്ചുപോന്ന കമ്യുണിസ്റ്റ് പാര്‍ടിയുടെ സംഘടനാപരമായ കെട്ടുറപ്പിന്റെ ആ ചിരി ഇന്നു എവിടെയാണാവോ? ഇന്ന് കേരളം മാറിയിരിക്കുന്നു. കഞ്ഞിപ്പശയ്ക്കു പകരം റിവൈവിന്റെ മോഡേണ്‍ കൂട്ടില്‍ വടിവൊപ്പിച്ചു നിറം പകര്‍ന്ന ഖദര്‍ചിരികള്‍ക്കു പിറകെ ജനം വായ്ത്താരി മുഴക്കുന്നു. അതുകണ്ട് വാപൊത്തി ചിരിക്കുന്ന വിപ്ളവകോമാളികള്‍ ചാനലുകളില്‍ നിറയുന്നു. കാല്‍ക്കീഴില്‍നിന്ന് ചോര്‍ന്നൊലിക്കുന്ന മണ്ണിനെ നോക്കി ഇക്കൂട്ടര്‍ ചിരിച്ചുമറിയുമ്പോള്‍, ഈ മണ്ണിന് ചോരയുടെ നിറം പകര്‍ന്ന ഒരുനൂറ് രക്തസാക്ഷികളുടെ ഓര്‍മകള്‍ പോലും ഇവരില്‍നിന്നും അന്യമായിരിക്കുന്നു എന്നുതന്നെ കരുതണം.
ചൈനയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ തകര്‍ക്കാന്‍ ഒരുപറ്റം കമ്യൂണിസ്റ്റ് വിരുദ്ധര്‍ ശ്രമിച്ചപ്പോള്‍ അവര്‍ തമ്പടിച്ചിരുന്ന ടിയാനെന്‍മെന്‍ സ്ക്വയറിലേക്ക് സൈന്യത്തെ അയച്ച ഗവണ്‍മെന്റ് നടപടിയെ ലോകമാകെ വിമര്‍ശിച്ചപ്പോഴും ചൈനീസ് സര്‍ക്കാര്‍ പറഞ്ഞത് ഒരു വലിയ സത്യമായിരുന്നു. ചൈനയിലെ കമ്യൂണിസ്റ്റ്പ്രസ്ഥാനം കെട്ടിപ്പടുത്തത് ലക്ഷക്കണക്കിന് ജനങ്ങള്‍ അവരുടെ സ്വത്തും ജീവനും നല്‍കിയാണ്. മക്കള്‍ നഷ്ടപ്പെട്ട മാതാപിതാക്കള്‍, അച്ഛനമ്മമാരെ നഷ്ടപ്പെട്ട മക്കള്‍.... അങ്ങനെയെത്രയോ എത്രയോ ആളുകള്‍... തങ്ങളുടെ എല്ലാമെല്ലാം ആ പ്രസ്ഥാനത്തിനായി ത്യജിക്കുകയായിരുന്നു. അങ്ങനെയുള്ള ഒരു പ്രസ്ഥാനത്തെ നൂറോ ഇരുന്നൂറോ ആള്‍ക്കാര്‍ തകര്‍ക്കാന്‍ ശ്രമിച്ചാല്‍ എന്തു ചെയ്തും ആ പ്രസ്ഥാനത്തെ സംരക്ഷിക്കുക എന്നത് നാടിനുവേണ്ടി ജീവത്യാഗം ചെയ്ത ഓരോ രക്തസാക്ഷിയോടും ചെയ്യേണ്ട കടമയാണ്. അന്ന്, ലോകം മുഴുവനും കമ്യൂണിസ്റ്റ്വിരുദ്ധവികാരത്തില്‍ ചൈനയെ തള്ളിപ്പറഞ്ഞപ്പോഴും ആ സത്യം ഒരു പാല്‍പ്പുഞ്ചിരിയായി ഓരോ കമ്യൂണിസ്റ്റുകാരനും തിരിച്ചറിഞ്ഞിരുന്നു. ഇന്ന്, ഇവിടെ ഈ കൊച്ചുകേരളത്തില്‍, ഈ പ്രസ്ഥാനത്തെ തകര്‍ത്തെറിയാന്‍ കച്ചകെട്ടിയിറങ്ങിയിരിക്കുന്നതാരാണ് എന്നു തിരിച്ചറിയാന്‍ ഒരു ചിരിപോലും ആവശ്യമില്ല എന്നറിയുക. എന്നാലും ആ ചിരി... അതൊരു കൊലച്ചിരി തന്നെയാണ്. ഈ പ്രസ്ഥാനത്തിനായി ജീവത്യാഗം ചെയ്ത രക്തസാക്ഷികളുടെ ഓര്‍മകള്‍ക്കുനേരെയുള്ള ഒരുതരം വെടലച്ചിരിയായിരുന്നു അത്. ഈ മനുഷ്യന്‍ ഈ നാടിന്റെ ബഹുമാനം അര്‍ഹിക്കുന്നില്ല. പേ പിടിച്ച നായയെപ്പോലെ ഇതിനെ ആട്ടിയോടിക്കുകയാണ് വേണ്ടത്. അല്ലെങ്കില്‍ ഏറ്റവും അടുത്ത സന്ദര്‍ഭത്തില്‍ ഏറ്റവും നല്ല മുഹൂര്‍ത്തത്തില്‍, കഴിയുമെങ്കില്‍, അതാരെക്കൊണ്ടായാലും, ആ മുഖത്തേക്ക് എല്ലാ അറപ്പോടെയും വെറുപ്പോടെയും ഒന്നു കാര്‍ക്കിച്ചുതുപ്പാന്‍ കഴിഞ്ഞിരുന്നെങ്കില്‍... നമുക്കും ഒന്നു ചിരിക്കാമായിരുന്നു.