Tuesday, August 6, 2013

കര്‍ക്കിടകം


ചുറ്റിപ്പിടിക്കുന്ന മാറാലയ്ക്കുള്ളില്‍
അഴുക്കിന്റെ ദുസ്സഹഗന്ധത്തില്‍,
നരച്ചുപോയ ജീവിതയാഥാര്‍ഥ്യങ്ങള്‍ക്കുമേല്‍,
അശുഭചിന്തകള്‍ക്കുമേല്‍
ഇരമ്പിയാര്‍ക്കുന്നു
കര്‍ക്കിടകം

കാടിളക്കി,
മണ്ണിളക്കി,
അലയിളക്കി
ആര്‍ത്തു ചിരിക്കുന്നു
കള്ള കര്‍ക്കിടകം

കത്തിച്ചുവെച്ച നിലവിളക്കില്‍
ആടിയുലയുന്ന കര്‍ക്കിടകക്കാറ്റ്‌;
രാമനാമജപമിടറിവീഴുന്ന
വ്രുദ്ധമനസ്സില്‍
തണുത്ത ഭീതിയായ്‌
വിറകൊള്ളുന്നു കര്‍ക്കിടകം

വഴികള്‍ക്കുമേലേ
തോടൊഴുകുന്നു;
വാഴത്തടകള്‍ക്കുമേലേ
കുരുന്നുകളും;
പശിയൊടുങ്ങാതെ
കരയുന്നു കുഞ്ഞുങ്ങള്‍
കലിയൊടുങ്ങാതെ
ചിരിക്കുന്നു കര്‍ക്കിടകം
ക്ളാസ് മുറികളില്‍
ഈര്‍പ്പമകറ്റി
ചൂടുകായുന്ന കലങ്ങള്‍ക്കുള്ളില്‍
കര്‍ക്കിടകം തിളയ്ക്കുന്നു

കറുത്ത മുഖവുമായ്‌
ആകാശം
ഭൂമിയോടു പിണങ്ങുന്നു,
തേങ്ങുന്നു - പിന്നെ,
പൊട്ടിപ്പൊട്ടി കരയുന്നു
കര്‍ക്കിടകം പെയ്തൊഴിയുന്നതേയില്ല!!!!!