Monday, July 5, 2010

പ്രിയമുള്ളൊരാള്‍....


സ്വരമുറങ്ങുന്ന നാവില്‍, മറന്നുപോയ പല്ലവിപോലെ, സംഗീതത്തിന്റെ ആ തേന്‍മഴ നിലച്ചു. പകുതി ചാരിയ വാതിലിലൂടെ, ആ നാദസൌഭഗം, എപ്പോഴെങ്കിലും വന്നെത്തുമെന്ന് നിനച്ച് കാതോര്‍ത്തിരിക്കാം നമുക്കിനി; ഏറ്റവും പ്രിയമുള്ളയാള്‍ക്കായി വെറുതെയെങ്കിലും ഒരു മോഹം മനസ്സിലേറ്റുവാങ്ങാം.

മലയാളിയുടെ സംഗീതബോധത്തെ 'ലളിതസംഗീതപാഠ'ത്തിലൂടെ വഴിതിരിച്ചുവിട്ട സംഗീതപ്രതിഭയായിരുന്നു എം ജി രാധാകൃഷ്ണന്‍. അനശ്വരങ്ങളായ നൂറുകണക്കിന് ലളിതഗാനങ്ങള്‍ പാടിനടന്ന ഒരു തലമുറയുടെ സൃഷ്ടികര്‍ത്താവായിരുന്നു അദ്ദേഹം. എം ജി ആര്‍ സൃഷ്ടിച്ച ആ തരംഗം യുവജനോത്സവവേദികളില്‍ മാത്സര്യസ്വഭാവത്തോടെ ഏറ്റുമുട്ടിയപ്പോള്‍ നമുക്ക് ലഭിച്ചത് 'ഘനശ്യാമസന്ധ്യാഹൃദയം' പോലെ ഹൃദയത്തോടു ചേര്‍ത്തുവെയ്ക്കാന്‍ കഴിയുന്ന മണിമുത്തുകളായിരുന്നു. 'ഓടക്കുഴല്‍ വിളി...', 'ജയദേവകവിയുടെ...', 'പൂമുണ്ടും തോളത്തിട്ട്' തുടങ്ങി ആസ്വാദകലക്ഷങ്ങളുടെ ഹൃദയം കവര്‍ന്ന ലളിതഗാനങ്ങളിലൂടെ ചലച്ചിത്രഗാനങ്ങളുടെ ജനകീയതയെ വെല്ലുവിളിച്ച ഒരു വിപ്ളവമായിരുന്നു അത്. യുവജനോത്സവവേദികള്‍ ആ ഗാനങ്ങളെ ഏറ്റെടുത്തപ്പോള്‍ മലയാളികള്‍ക്ക് ചലച്ചിത്രഗാനങ്ങള്‍ക്കൊപ്പം മൂളി നടക്കാന്‍ കഴിയുന്ന ഇമ്പമാര്‍ന്ന, മലയാളിത്തമുള്ള നിരവധി ഗാനങ്ങളാണ് ലഭിച്ചത്.

കര്‍ണാടക സംഗീതജ്ഞനായിരുന്ന എം ജി ആര്‍ സംഗീതകച്ചേരികളുടെ അരങ്ങില്‍നിന്നും കഴിഞ്ഞ കുറേ കാലങ്ങളായി ഒഴിഞ്ഞുനില്‍ക്കുകയായിരുന്നു. ഒരു ദൃശ്യമാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞത്, "സ്വരം നന്നായിരിക്കുമ്പോള്‍ പാട്ട് നിര്‍ത്തണം'' എന്നാണ്. ആരുടെയും നിര്‍ബന്ധത്തിനു വഴങ്ങാതെ, തനിക്ക് ശരിയെന്നു തോന്നിയ ഇടത്ത്, അദ്ദേഹം തന്റെ കച്ചേരികള്‍ക്ക് മംഗളം പാടി. എന്നാല്‍, സംഗീതസംവിധാനത്തിലൂടെ വീണ്ടും വീണ്ടും അനശ്വരങ്ങളായ ഒട്ടനവധി ഗാനങ്ങള്‍ ആ പ്രതിഭയുടെ സംഗീതമനസ്സില്‍നിന്നും ഒഴുകിയെത്തി. അതെല്ലാം മലയാളിയുടെ പ്രിയപ്പെട്ട ഗാനങ്ങളായി മാറി. ശുദ്ധസംഗീതമെന്നത് മനസ്സില്‍നിന്നു വരുന്നതാണെന്നും അതിന് വകഭേദങ്ങളിലെന്നും ഉറച്ചു വിശ്വസിച്ചിരുന്നു ആ സംഗീതപ്രതിഭ.

തിരുവനന്തപുരത്ത് തൈക്കാട്ടുള്ള മേടയില്‍വീട്ടില്‍ ശുഭ്രവസ്ത്രധാരിയായി, ചിരിച്ചുകൊണ്ട് നമ്മെ സ്വീകരിക്കാന്‍ ഇനി എം ജി രാധാകൃഷ്ണനില്ല. എന്നാല്‍, മേടയില്‍വീടിന്റെ പൂമുഖത്തും സ്വീകരണമുറിയിലുമെല്ലാം നിറഞ്ഞുനില്‍ക്കുന്ന സംഗീതം അവിടെ മാത്രം ഒതുങ്ങുന്നില്ല. അവാച്യമായ ഒരു അനുഭൂതിയായി അതു ആസ്വാദകഹൃദയങ്ങളെ കീഴ്പ്പെടുത്തുന്നു. മലയാളിയുടെ സംഗീതാന്തരീക്ഷത്തില്‍ അതു നിറനിലാവായി പെയ്തിറങ്ങുന്നു.
വീണുടഞ്ഞ ഈ സൂര്യകിരീടത്തെ നെഞ്ചോടു ചേര്‍ത്തുവെയ്ക്കാം. ആ കിരീടത്തില്‍ പതിച്ചിരുന്ന രാഗരത്നങ്ങള്‍ പരത്തിയ അഭൌമമായ സംഗീതപ്രകാശത്തെ മനസ്സിലേറ്റുവാങ്ങാം. തലമുറകള്‍ക്കായി കരുതിവെയ്ക്കാം. നമുക്കായി, നമ്മുടെ തലമുറകള്‍ക്കായി, ലളിതസംഗീതത്തിന്റെ നിലാമഴ പൊഴിച്ച് ഒരു പുഞ്ചിരിയോടെ പടിയിറങ്ങിപ്പോയ ആ സംഗീതപ്രതിഭക്കായി വെറുതെയെങ്കിലും പടിവാതില്‍ തുറന്നിട്ട് കാത്തിരിക്കാം.