Wednesday, October 29, 2008

ആപ്പിള്‍ കച്ചവടം

ദൈവങ്ങള്‍ക്ക് കിടപ്പാടമില്ലാതാകുന്നതും തെങ്ങിന്റെ മണ്ട ചീയുന്നതും തുലാവര്‍ഷ നിനവുകളല്ല. പറുദീസയില്‍നിന്ന് മനുഷ്യനെ ആട്ടിപ്പുറത്താക്കിയതോര്‍ത്താണ് ജോണ്‍ മില്‍ട്ടണ്‍ 'പാരഡൈസ് ലോസ്റ്റ്' എഴുതിയതും മനുഷ്യഗണത്തെ പ്രകീര്‍ത്തിച്ചതും. ദൈവനിന്ദയുടെ ഫലം ഓര്‍ത്ത് പേടിച്ചാകാം 'പാരഡൈസ് റീഗെയിന്‍ഡ്' എഴുതി പശ്ചാത്തപിച്ചത്. ദൈവത്തിന്റെ സ്വന്തം നാട്ടില്‍ ചെകുത്താന്‍ ആപ്പിള്‍ കച്ചവടം നടത്താനെത്തിയത് വാസ്കോ ഡി ഗാമാ കപ്പലിറങ്ങിയതുപോലെയാണെന്ന് ഏതായാലും ആരും പറയില്ല. സ്വീകരിച്ച് ആനയിക്കാന്‍ ഒരു ഭരണകൂടവും തയ്യാറാകില്ല എന്നു വെറുതെയെങ്കിലും ആശ്വസിക്കാം. കാശ്മീരില്‍ പൊലീസിനോടേറ്റുമുട്ടി മലയാളികള്‍ കൊല്ലപ്പെട്ടു എന്നറിയുമ്പോള്‍, അതു വിനോദയാത്രയ്ക്കു പോയവരല്ല എന്നു മനസ്സിലാക്കുമ്പോള്‍, ആപ്പിള്‍ കച്ചവടം കുറേക്കാലമായി പൊന്നാനിയില്‍ പൊടിപൊടിക്കുകയാണെന്നുവേണം കരുതാന്‍. ചര്‍മ്മഛേദം നടത്തിയിറങ്ങുന്ന അപരന്മാരെ അച്ഛനമ്മമാര്‍ മരണശേഷമെങ്കിലും തള്ളിപ്പറയുന്നത് ആശ്വാസകരം! തീവ്രവാദികളെ തിരക്കി പൊലീസുകാര്‍ നാടെങ്ങും അലഞ്ഞുതിരിയുമ്പോള്‍, ഇത്രയും കാലം ഇതൊന്നും ഈ ഭരണകൂടം അറിയാതിരുന്നതിനെച്ചൊല്ലി പത്രങ്ങളായ പത്രങ്ങളെല്ലാം ആക്ഷേപം ചൊരിയുന്നത് പത്രധര്‍മം! ഇന്‍വെസ്റ്റിഗേറ്റീവ് ജേര്‍ണലിസം എക്സ്ക്ളൂസീവ് വാര്‍ത്തകളായി വായനക്കാരന് ഇത്രയുംകാലം നല്‍കിയ പത്രമുത്തശ്ശിമാരുടെ സ്വലേയും പ്രലേയുമൊന്നും നാട്ടില്‍ നടന്ന ആപ്പിള്‍കച്ചവടം ഇത്രയുംകാലം അറിഞ്ഞതുമില്ല; ഒരു ആപ്പിള്‍പോലും കണ്ടതുമില്ല. എന്നാല്‍, ഒരുകാര്യത്തില്‍ ഈ പത്രങ്ങള്‍ക്ക് ഒരു സംശയവുമില്ല. ഈ കച്ചവടം കേരളത്തില്‍ തുടങ്ങിയിട്ട് രണ്ടരവര്‍ഷമേ ആയിട്ടുള്ളൂ. അതു മൂന്നരത്തരം. അതിനുമുമ്പ് ദൈവത്തിന്റെ സ്വന്തം നാടുതന്നെയായിരുന്നു ഇവിടം! ആപ്പിള്‍ പോയിട്ട് ഒരു നാരങ്ങ പോലും ഇവിടുണ്ടായിരുന്നില്ല. പിന്നെയോ എല്ലാം കേരമയം. തെങ്ങിനൊക്കെ എന്തായിരുന്നു ഡിമാന്റ്? രണ്ടരവര്‍ഷക്കാലത്തെ ഭരണംകൊണ്ട് നാടിന് സംഭവിച്ച ഈ ദുര്‍ഗതിയില്‍ പ്രതിഷേധിച്ച് എം എം ഹസന്റെ നേതൃത്വത്തില്‍ സെക്രട്ടറിയറ്റിനുമുന്നില്‍ ഒരു ഏകദിന നിരാഹാരസമരം നടത്താനുള്ള സാധ്യത തള്ളിക്കളയാല്‍ കഴിയില്ല. തെങ്ങിന്റെ മണ്ടചീയല്‍ പരിഹരിക്കുക, സ്വന്തം നാട്ടിലേക്ക് ദൈവത്തെ തിരികെവിളിക്കുക - പാരഡൈസ് റീഗെയിന്‍ഡ് തപ്പിയാല്‍ ഈ ആവശ്യങ്ങള്‍ക്ക് പറ്റിയ മുദ്രാവാക്യങ്ങള്‍ ചിലപ്പോള്‍ കിട്ടിയേക്കും. ഏതായാലും ദൈവത്തിനു നന്ദി! കൂടെ കൂടെ സന്തോഷ്മാധവന്മാരും ശബരീനാഥുമാരും തീവ്രവാദനായകരും പത്രത്താളുകള്‍ക്ക് സ്ഥലം നിറച്ചുകൊടുക്കുന്നുണ്ടല്ലോ. രണ്ടരവര്‍ഷംമുമ്പ് ഇവരെല്ലാം ഇവിടെത്തന്നെ ഉണ്ടായിരുന്നുവെന്നും പത്രത്താളില്‍ ഒരു സിംഗിള്‍കോളം വാര്‍ത്തപോലും ഇവരെപ്പറ്റി വന്നിട്ടില്ലെന്നും ഓര്‍ക്കുമ്പോള്‍ അമ്പേ... ഇന്‍വെസ്റ്റിഗേറ്റീവ് ജേര്‍ണലിസത്തിന്റെ ഒരു പോക്കേ....

Friday, October 3, 2008

സത്യം


സത്യം
ഉടുതുണിയുരിഞ്ഞെറിഞ്ഞ വേശ്യയെപ്പോലെ
പലപ്പോഴും അതു അറപ്പുളവാക്കുന്നത്!
ചിലപ്പോഴൊക്കെ
കണ്ണടച്ചുകൊണ്ട് അതിനെ അംഗീകരിക്കുന്നു.
പലപ്പോഴും
അവഗണനയുടെ കല്ലുകള്‍
അവള്‍ക്കെതിരെ ആഞ്ഞെറിയുന്നു
എങ്കിലും-
കണ്‍മുനക്കോണാലൊരു വിളിയും
പ്രതീക്ഷിച്ച്
അതെപ്പോഴും ഒരുവിളിപ്പാടകലെ
കാത്തുനില്‍ക്കുന്നു.

Wednesday, October 1, 2008

പിതാവെ, ഇവര്‍ ചെയ്യുന്നതെന്തെന്ന് ഇവര്‍ അറിയുന്നില്ല

മഹാപുരോഹിതന്റെ ദാസന്മാരില്‍ ഒരുവനും പത്രൊസ് കാതറുത്തവന്റെ ബന്ധുവുമായ ഒരാള്‍ പത്രൊസിനോട്, "ഞാന്‍ നിങ്ങളെ അയാളുടെ കൂടെ തോട്ടത്തില്‍വച്ചു കണ്ടല്ലോ?'' എന്നു പറഞ്ഞു.
പത്രൊസ് പിന്നെയും അതു നിഷേധിച്ചു. ആ നിമിഷം കോഴി കൂവി.'' (യോഹന്നാന്റെ സുവിശേഷം)
നിഷേധിക്കപ്പെട്ട സത്യങ്ങള്‍ കുരിശിന്റെ മഹത്വത്തെ വീണ്ടും വീണ്ടും അപഹാസ്യമാക്കുന്നു. ഏതാനും നാണയത്തുട്ടുകള്‍ക്കായി മനുഷ്യപുത്രനെ ഒറ്റുകൊടുത്തവര്‍ ഇന്നും പള്ളിമേടകളില്‍ അന്തിയുറങ്ങുന്നു. സഭയുടെ വഴിയില്‍ ആത്മസമര്‍പ്പണത്തിന്റെ വേദനയേറ്റുവാങ്ങിയ കുഞ്ഞാടുകള്‍ കൂട്ടം തെറ്റി അലയുമ്പോള്‍ വീഞ്ഞിന്റെ ലഹരിയുമായില്‍ അന്തിക്രിസ്തുമാര്‍ വര്‍ഗീയഫാസിസ്റ്റുകളുമായി സന്ധിസംഭാഷണം നടത്തുന്നു. അരമനകളില്‍ കച്ചവടത്തിന്റെ പുത്തന്‍ സമവാക്യങ്ങള്‍ അരങ്ങുതകര്‍ക്കുന്നു.
കന്യാസ്ത്രീകള്‍ തിരുവസ്ത്രമഴിയപ്പെട്ട് മാനഭംഗത്തിനിരയാകുന്ന കാലികയാഥാര്‍ഥ്യത്തെ കുങ്കുമക്കുറികൊണ്ട് മറയ്ക്കാന്‍ ശ്രമിക്കുന്ന ചെറ്റത്തരത്തിന് 'ബിഷപ്പ്കൌണ്‍സില്‍' എന്നു പേരിടാമോ? ഒറീസയിലൊരു പൊലീസ്സ്റ്റേഷനില്‍ അക്രമത്തിനിരയായ ഫാ.തോമസ് ചെല്ലന്തറയ്ക്കും കന്യാസ്ത്രീകള്‍ക്കും തറയില്‍ ഇരിക്കേണ്ടിവന്നപ്പോള്‍ അക്രമി കസേരയിലിരുന്ന് പൊലീസുകാര്‍ക്ക് ഉത്തരവുകള്‍ നല്‍കുകയായിരുന്നു. ഇവിടെ, അതേ അക്രമികള്‍ക്ക് പള്ളിയരമനയില്‍ ആതിഥ്യത്തിന്റെ വീഞ്ഞുപാത്രം വെച്ചുനീട്ടിയ ബിഷപ് കൌണ്‍സില്‍ പത്രൊസിന്റെ നിഷേധങ്ങള്‍ക്ക് അടിവരയിടുകയായിരുന്നു.
ഇവര്‍ക്ക് ക്രിസ്തുദേവനെ അറിയില്ല... അറിയില്ല... തീര്‍ച്ചയായും അറിയില്ല.
യൂദാ ഒരു സംഘം പടയാളികളെയും, മുഖ്യപുരോഹിതന്മാരെയും പരീശന്മാരെയും അയച്ച ഉദ്യോഗസ്ഥന്മാരെയും കൂട്ടിക്കൊണ്ടു തോട്ടത്തിലെത്തി. അവര്‍ തീപ്പന്തങ്ങളും റാന്തലുകളും ആയുധങ്ങളും വഹിച്ചിരുന്നു.
തനിക്കു നേരിടുവാനുള്ളതെല്ലാം അറിഞ്ഞിട്ട് യേശു പുറത്തുചെന്ന്, "നിങ്ങള്‍ ആരെയാണ് അന്വേഷിക്കുന്നത്?'' എന്നു ചോദിച്ചു.
"നസറായനായ യേശുവിനെ'' അവര്‍ മറുപടി പറഞ്ഞു.
"അതു ഞാന്‍ ആകുന്നു'' യേശു പറഞ്ഞു. അദ്ദേഹത്തെ ഒറ്റിക്കൊടുത്ത യൂദാ അവരോടു കൂടെ അവിടെ നിന്നിരുന്നു.
സമൃദ്ധമായ സല്‍ക്കാരത്തിനുശേഷം അരമനയില്‍നിന്നും പുറത്തുവന്ന ബിജെപിക്കാര്‍ക്കൊപ്പം തോളോടുതോള്‍ ചേര്‍ന്ന് തീര്‍ച്ചയായും ബിഷപ് കൌണ്‍സിലിലെ പ്രമാണിമാരായ പിതാക്കന്മാരും ഉണ്ടായിരുന്നിരിക്കും...
പിതാവെ... ഇവര്‍ ചെയ്യുന്നതെന്തെന്ന് ഇവര്‍ അറിയുന്നില്ല.