Wednesday, August 19, 2015

മുത്തുച്ചിപ്പികളൊളിപ്പിച്ചുവെച്ചൊരാ
ആഴത്തിലേക്കൊന്നൂളിയിടാനൊരു
പുഴയാകണമെനിക്കിന്നു നീയാം
സാഗരച്ചുഴികളിലലിഞ്ഞുചേരാൻ...

പഴകിയതൊക്കെയും പൊഴിച്ചൊതുക്കി
പുതുമുകുളമായുയിർക്കുവാനൊരു
മരമാകണമെനിക്കിന്നു നീയാം
കാറ്റിന്നലകളിലിളകിയാടാൻ...

ഉടൽവടിവുകളിലുണരുമാപുളകങ്ങളെന്നിലെ
വേർപ്പുനീരിന്റെയുപ്പിലലിയിക്കാനൊരു
ശിൽപിയാകണമെനിക്കിന്നു നിന്നിലെ
സ്നിഗ്ധതകളെ കൊത്തിയൊതുക്കുവാൻ

Thursday, May 14, 2015

അവസാനത്തെ അറിവ്

ഏറെനാളായി പറയാനാഗ്രഹിച്ചതാണ്
ഞാനിപ്പോൾ പറയുന്നത്.
യാത്രയുടെ ഒടുവിലത്തെ ഈ മുനമ്പിൽ
ഇങ്ങനെ നിൽക്കുമ്പോഴെങ്കിലും
എനിക്കിതു പറഞ്ഞേ തീരൂ...
എപ്പോഴെത്തെയും പോലെ ഒരു ദിവസമാണ് ഇത്.
എങ്കിലും ഈ അർധവിരാമം
എന്നെ ആശങ്കയിലാഴ്ത്തുന്നു.
നീ തികച്ചും
വ്യത്യസ്തയായ ഒരു സൃഹൃത്തു തന്നെ!!!
ഞാനെന്താണോ ആഗ്രഹിച്ചിരുന്നത്
നീ അതായി മാറിയിരിക്കുന്നു,
എന്റെ സ്വപ്‌നങ്ങൾക്ക് ജീവൻ വെച്ചപോലെ!!!
പക്ഷെ,
ഇവിടെ, ഈ മുനമ്പിൽ നിൽക്കുമ്പോൾ
മറ്റു ചിലതുംകൂടി ഞാനാഗ്രഹിക്കുന്നു.
നിന്റെ സ്‌നേഹം,
ഞാൻ അറിഞ്ഞപോലെ
ഞാൻ തിരിച്ചുതന്നതുപോലെ
ആഴമേറിയതുതന്നെ...
എങ്കിലും-
ആഗ്രഹങ്ങളുടെയും
ആസക്തിയുടെയും
ഒടുങ്ങാത്ത ദാഹവുമായി
അവസാനത്തെ
കാറ്റിനായി കാതോർത്തു നിൽക്കുമ്പോൾ,
എനിക്കു നിന്നോട് പറഞ്ഞേ തീരൂ...
ഇപ്പോൾ,
ഞാൻ നിന്നെ ആഗ്രഹിക്കുന്നു!!!
നീ എന്നോട് പലവുരു പറഞ്ഞുതീർത്ത
നിന്റെ ആഗ്രഹങ്ങൾ എന്നെ പൊതിയട്ടെ,
അവസാനത്തെ അറിവ്....
അതെനിക്കുള്ളതാണ്...
ഇനി ഞാൻ പറയട്ടെ,
നിനക്കിഷ്ടമുള്ളത്,
നീ ആവശ്യപ്പെട്ടത്,
അതങ്ങിനെതന്നെ അനുഭവിക്കാം;
കുന്നുകൾ കടന്ന്
താഴ്‌വരയിലേക്ക്
വെളിച്ചം അരിച്ചിറങ്ങുന്നതുപോലെ...
ഇലത്തുമ്പുകളിൽനിന്ന്
അവസാനത്തെ മഞ്ഞുതുള്ളിയും
അടർന്നുവീഴുംവരെ....
കാറ്റിന്റെ ഒടുവിലത്തെ
സീൽക്കാരവും അടങ്ങുംവരെ...
വെളിച്ചത്തിന്റെ സൂചിമുനകളേറ്റ്
അവസാനത്തെ കാഴ്ചയും
ഒടുങ്ങുംവരെ,
നിന്നെ എനിക്ക് നഷ്ടപ്പെടാനാകില്ലല്ലോ.....

Wednesday, May 6, 2015

കരിന്തിരിവെട്ടം

ഈ അപരാഹ്നത്തിലും
പരസ്പരം പിണങ്ങിയും
പിന്നെയും ഇണങ്ങിയും
നാം പ്രണയിച്ചുകൊണ്ടേയിരിക്കുന്നു....
ഉദയാസ്തമയങ്ങളുടെ
ഇടവേളയിൽ എത്രദൂരമാണ്
നാം നടന്നുതീർത്തത്!!!!
എങ്കിലും-
നിന്റെ കൈവിരൽതുമ്പിൽ
മുറുകെ പിടിക്കുമ്പോൾ
ഇപ്പോഴും-
ആ പഴയ കോരിത്തരിപ്പ്!!!!
കുഴിഞ്ഞുതാണ കണ്ണുകളിലെ
ഇറ്റു നനവിൽ
ഇപ്പോഴും-
കനവിൻ പരൽമീനുകൾ!!!!
നിഴൽച്ചിത്രംപോലെ നിൻ
കവിൾനിലങ്ങളിൽ
മിന്നിമായുന്നുണ്ടരുണോദയം!!!!
സ്വപ്‌നങ്ങൾ ഇപ്പോഴും
നമ്മിലേക്കിങ്ങനെ
ചുരമാന്തിയെത്തുന്നതെവിടെനിന്ന്?
ചുമടുതാങ്ങികൾപോലവെ ജീവിതം,
ചുവടുറയ്ക്കാതുലയുന്നുവെങ്കിലും
ഇരുൾപുതപ്പിലേക്കൂളിയിടുംമുന്നേ
കരൾതുടിപ്പിന്റെ താളമായ് മാറിടാം.
പ്രണയം നമുക്കുമുന്നിൽ
നദിയായൊഴുകുമ്പോൾ
വരിക, നീയെന്നരികത്തു
ചേർന്നുനിൽക്കുക....
ഇനിയൊരു കാറ്റിലുമുലയാതെ, മറയാതെ
കാത്തുവെയ്ക്കാമീ കരിന്തിരിവെട്ടം...

Wednesday, September 24, 2014

അന്നത്തെപ്പോലെ

സ്വപ്നങ്ങള്‍
എത്രവേഗമാണ്
എന്നില്‍നിന്നും
അകന്നൊഴിഞ്ഞത്
ഉണര്‍വിന്റെയീ
വെയില്‍നാളങ്ങളൊഴിഞ്ഞ്,
നിന്നെ മാത്രം,
സ്വപ്‌നം കണ്ട്,
നിദ്രയില്‍ത്തന്നെ
തുടരാന്‍
കഴിഞ്ഞിരുന്നെങ്കില്‍.....

നീയില്ലാത്ത പകല്‍ച്ചൂടില്‍
ഉരുകുകയാണ് ഞാന്‍;
സമയത്തിന്റെയീ
ഘടികാരസൂചികള്‍
തിരികെ ചലിപ്പിച്ച്,
പോയകാലത്തിന്റെ
പ്രണയാനുഭവങ്ങളില്‍
ഒരിക്കല്‍ക്കൂടി,
കുളിരണിയാന്‍
കഴിഞ്ഞിരുന്നെങ്കില്‍....

നീ പറയുക,
സ്വപ്‌നവേഗമേറി
ഇനിയുമൊരു
രാവിന്‍, നിലാമഴയില്‍
നനഞ്ഞൊട്ടിയമരുവാനാകുമോ?
അകല്‍ച്ചയുടെ
ഓരോ രാപ്പകലുകളിലും,
അന്നത്തെപ്പോലെ
നിന്നെ ഞാന്‍ സ്‌നേഹിക്കുന്നു...

Wednesday, September 17, 2014

പാണന്റെ പാട്ട്...

ഇനിയൊരു മഴ...
എന്നാണ്?
വരണ്ടുണങ്ങിയ
മണ്ണടരുകളില്‍
കണ്ണീര്‍
വീണെരിയുന്നു...
കുനിഞ്ഞുപോയ
തോളുകളില്‍
ആരാണ്
വീണ്ടും വീണ്ടും
അമര്‍ത്തിച്ചവിട്ടുന്നത്?
ഉഴവുചാലുകളില്‍
രക്തം
അതിര്‍വരമ്പുകളൊരുക്കുന്നു...
ചുവപ്പിന്റെ
രേഖാശാസ്ത്രം!!!
അഗ്നിയേക്കാള്‍
സുന്ദരനത്രേ
രാജപ്രമുഖന്‍!!
അടുക്കുന്തോറും
പൊള്ളിയകലുന്ന
സ്‌നേഹമാണവന്‍...
മഴമേഘങ്ങള്‍ക്കുപോലും
അവനെ പേടിയാണ്!!!
കുറുമ്പൊത്ത കുറുനിരയാല്‍
അവന്‍
യേശുവിനെപ്പോലെ
സുന്ദരന്‍...
നനയാത്ത മണ്ണിലെ
മുളയ്ക്കാത്ത നാമ്പുകള്‍ പോലെ
അവന്റെ
അപദാനങ്ങള്‍
ഞങ്ങള്‍
പ്രജകള്‍
ഉടുക്കുകൊട്ടിപ്പാടുന്നു...
പാണന്റെ പാട്ട്!!!
കനത്ത കാല്‍ച്ചുവടുകള്‍
ചുമലുകളിലേറ്റുവാങ്ങി
ഞങ്ങള്‍, പ്രജകള്‍
നീരുറവ തേടുന്നു...
വന്ധ്യമേഘങ്ങളില്‍
അധികാരത്തിന്റെ
ചൂട് പുകയുന്നു...
ചാട്ടവാറുകള്‍
ശോഷിച്ച മേനികളെ
പ്രണയാതുരമായ്
കെട്ടിപ്പുണരുന്നു...
സീല്‍ക്കാരങ്ങള്‍...
നീറ്റലുകള്‍...
ഋശ്യശൃംഗാ...
നിന്റെ കാല്‍പ്പാദം
ഏറ്റുവാങ്ങുന്ന
മേഘനീരിനായ്
കാത്തിരിപ്പിന്റെ
ഉച്ചസ്ഥായിയില്‍
നിന്നൊരു പാട്ട്...
പാണന്റെ പാട്ട്...
മഴമേഘങ്ങള്‍ക്കായ്
വെറുതെയൊരു പാട്ട്...


Tuesday, September 16, 2014

നദി

ഒഴുകുകയാണ്...
കൂര്‍ത്തതും,
മൂര്‍ച്ചയേറിയതുമായ
എല്ലാ കല്ലുകളെയും
ഉരുട്ടിയൊതുക്കി,
ലജ്ജാവതികളായ
കാമുകിമാരെപ്പോലെ
കുണുങ്ങിയൊതുങ്ങി
തലതാഴ്ത്തിയ
എല്ലാ വള്ളിപ്പടര്‍പ്പുകളെയും
ഒന്നൊഴിയാതെ
തഴുകിയുണര്‍ത്തി,
ഇടയ്ക്കിടെ
ആഴങ്ങളിലേക്ക്
ആര്‍ത്തലച്ചും
പിന്നെ-
നെടുനിശ്വാസത്തിന്റെ
കുമിളകളിലൂടെ
ചിരിച്ചമര്‍ന്നും,
ഒടുവില്‍-
ദിക്കറിയാത്ത
മണലിടങ്ങളില്‍
താനേ മെലിഞ്ഞ്,
നുരയൊതുങ്ങി,
പതയമര്‍ന്ന്,
വരണ്ടുപോയൊരു
നദിയത്രേ
ഞാന്‍....

Tuesday, September 2, 2014

തിരിച്ചുപോക്ക്‌

ഇവിടെ,
ഈ മുനമ്പിലാകാം
യാത്രാന്ത്യം!
എങ്കില്‍,
എനിക്ക് തിരികെ പോകണം…

ഒരിക്കല്‍ക്കൂടി,
എന്റെ മുറിവുകളിലേക്ക്
എനിക്ക്
തിരികെപ്പോകണം
പരിഹാസ്യത്തിന്റേതും
നിരാസത്തിന്റേതുമായ
നിന്റെ ചിരിയിലേക്ക്
എനിക്ക്
തിരികെപ്പോകണം.
ഞാനറിയാതെപോയ
എന്നെ,
എനിക്കറിയണം.

മാഞ്ഞുപോയ
നിഴല്‍പ്പാടുകളിലൂടെ
തിരികെ നടക്കണം.
ഞെരിഞ്ഞമര്‍ന്ന്,
വാടിത്തളര്‍ന്ന
കുടമുല്ലയുടെ
ജഡഗന്ധത്തിലേക്ക്
തിരികെപ്പോകണം.
നീയെങ്ങിനെയാണ് അന്ന്
എന്നെ സ്‌നേഹിച്ചതെന്ന്
എനിക്കറിയണം.!!!

ഉത്തരമില്ലാത്ത
ചോദ്യങ്ങളുടെ
ഭാരവും പേറി,
ഈ കഥ
എങ്ങിനെ ഞാന്‍
അവസാനിപ്പിക്കും?