Friday, October 11, 2013

ഉത്സവരാവ്!

ഉത്സവരാവ്!

ആള്‍ത്തിരക്കിലൂളിയിട്ടങ്ങനെ
ആകാശപമ്പരമേറിയിട്ടങ്ങനെ
മരണക്കിണറേറിയിട്ടങ്ങനെ
വ്യാളിയൂഞ്ഞാലിലാടിയിട്ടങ്ങനെ
വര്‍ണവിസ്മയകാഴ്ചകണ്ടങ്ങനെ
ആളനക്കത്തിലൊളിച്ചുകൊണ്ടങ്ങനെ

ഉത്സവരാവിന്നാഘോഷമിത്തിരി
നൊട്ടിനുണഞ്ഞു മടങ്ങി,
ഞാന്റൈയീയേകാന്ത-
മൌനകുടീരത്തിനുള്ളില്‍

Wednesday, October 9, 2013

ചെ

കെട്ടുപോയിടാത്തൊരിത്തിരി വെട്ടമായ്
കനലെരിയുന്നൊരായിരം മനസ്സുകളില്‍
തെളിയുന്നു നീയൊരുജ്വല താരമായ്
നീളേ, പരക്കുന്നു വിപ്ളവതീക്കതിര്‍

എവിടെങ്ങു നീതി നിഷേധങ്ങളുയരുന്നു
അവിടെ നീ നിറയുന്നു പ്രതിഷേധശബ്ദമായ്
എവിടെവിടെ അടിമത്തചങ്ങല മുറുകുന്നു
അവിടെ നീ ഉയരുന്നു സ്വാതന്ത്യ്രദാഹമായ്

വിശ്വനായകനായുയരുന്നു നീ; പുത്ത-
നശ്വമേധം നയിക്കുന്നു ഞങ്ങളില്‍
തോക്കുകള്‍ നീട്ടുന്ന പുത്തനുടയോര്‍ക്കുനേര്‍-
ക്കുറ്റു നോക്കുന്നു നീ തീക്ഷ്ണനേത്രങ്ങളാല്‍

മിടിക്കുന്ന ഹൃദയങ്ങളേറ്റുവാങ്ങുന്നൊരീ-
ഇങ്ക്വിലാബിനജയ്യതയാണു നീ
തുടിക്കുന്ന കൈകളിലുയരുന്ന ചെങ്കൊടിക്കു-
യിരേകുമാവേശകാറ്റാണ് നീ

ഓര്‍ക്കുവാനില്ലിറ്റു താമസം,നീ, യെത്രമേല്‍
മാറ്റുന്നു ഞങ്ങളെ നിന്‍വീരസ്മരണയാല്‍
നീ മരിക്കില്ലൊരിക്കലുമീ മണ്ണില്‍
നിസ്വവര്‍ഗത്തിന്നുയിരാണ് നീ

Tuesday, August 6, 2013

കര്‍ക്കിടകം


ചുറ്റിപ്പിടിക്കുന്ന മാറാലയ്ക്കുള്ളില്‍
അഴുക്കിന്റെ ദുസ്സഹഗന്ധത്തില്‍,
നരച്ചുപോയ ജീവിതയാഥാര്‍ഥ്യങ്ങള്‍ക്കുമേല്‍,
അശുഭചിന്തകള്‍ക്കുമേല്‍
ഇരമ്പിയാര്‍ക്കുന്നു
കര്‍ക്കിടകം

കാടിളക്കി,
മണ്ണിളക്കി,
അലയിളക്കി
ആര്‍ത്തു ചിരിക്കുന്നു
കള്ള കര്‍ക്കിടകം

കത്തിച്ചുവെച്ച നിലവിളക്കില്‍
ആടിയുലയുന്ന കര്‍ക്കിടകക്കാറ്റ്‌;
രാമനാമജപമിടറിവീഴുന്ന
വ്രുദ്ധമനസ്സില്‍
തണുത്ത ഭീതിയായ്‌
വിറകൊള്ളുന്നു കര്‍ക്കിടകം

വഴികള്‍ക്കുമേലേ
തോടൊഴുകുന്നു;
വാഴത്തടകള്‍ക്കുമേലേ
കുരുന്നുകളും;
പശിയൊടുങ്ങാതെ
കരയുന്നു കുഞ്ഞുങ്ങള്‍
കലിയൊടുങ്ങാതെ
ചിരിക്കുന്നു കര്‍ക്കിടകം
ക്ളാസ് മുറികളില്‍
ഈര്‍പ്പമകറ്റി
ചൂടുകായുന്ന കലങ്ങള്‍ക്കുള്ളില്‍
കര്‍ക്കിടകം തിളയ്ക്കുന്നു

കറുത്ത മുഖവുമായ്‌
ആകാശം
ഭൂമിയോടു പിണങ്ങുന്നു,
തേങ്ങുന്നു - പിന്നെ,
പൊട്ടിപ്പൊട്ടി കരയുന്നു
കര്‍ക്കിടകം പെയ്തൊഴിയുന്നതേയില്ല!!!!!

Wednesday, July 17, 2013

ഓര്‍മ്മത്താള്‍













ഓര്‍ക്കുവാനില്ലെനിക്കേറെയൊന്നും
ഓര്‍ക്കാതിരിക്കലാണേറെയിഷ്ടം
ഓര്‍ത്തുപറയേണ്ടതല്ലിതെന്നാകിലും
ഓര്‍മക്കുറിപ്പിലെയാദ്യത്തെ താളിത്‌

വിസ്‌മ്രുതമാകുമെന്‍ നാട്ടിടസ്ഥലികളില്‍
വിശ്രാന്തിതേടിയിനിയെത്തില്ല ഞാന്‍;
വെയില്‍പ്പൂക്കള്‍ചിതറുന്ന കാവിന്‍ മണല്‍-
പ്പായമേലിരിക്കില്ലിനിയൊട്ടുനാളും

അലസമൊരു കാറ്റിന്‍ തലോടലിലിളകുമാ-
മരിമണിത്തലപ്പൊന്നിറുത്തെടുത്ത്‌
വെറുമൊരു ചിന്തതന്‍ കൊച്ചുനുറുങ്ങിനോടൊപ്പം
കൊറിക്കില്ലിനിയൊരുനാള്‍

വയല്‍വരമ്പില്‍ത്തെന്നി, ത്തെന്നീനടക്കവേ,
വളയിട്ടകൈയ്യൊന്നില്‍ തെരുകിപ്പിടിക്കവേ,
ചേറും ചെളിയുമൊരുന്മത്ത കൌതുകം!!!
ചേര്‍ത്തുവെയ്ക്കില്ല, ഞാനിനിയതുപോല്‍

ഇരുളിന്റെ പായല്‍വകഞ്ഞു മാറ്റി
ഈറന്‍മുടിച്ചുരുള്‍ മറവിലായി
ഇളകുമോരോളപ്പരപ്പില്‍മെല്ലെ
ഇതളിട്ടുണര്‍ന്നൊരെന്‍ മോഹപുഷ്പം

നിമിഷദലങ്ങളിലൊത്തുചേര്‍ന്നു
നിരവദ്യസുന്ദരകാമനകള്‍
കതിരൊളി തൂകുന്നൊരമ്പിളിയോ
കതിരിട്ട പാടത്തൊളിച്ചുനിന്നു

കാവിലെ പൂഴിമണല്‍പ്പരപ്പില്‍
നാഗക്കളമൊന്നെഴുതി നമ്മള്‍
നാണിച്ചുനിന്നൊരു പാലമരത്തില്‍-
നിന്നാദ്യത്തെ പൂവ്‌ കൊഴിഞ്ഞുവീണു

പൂവുകള്‍ പിന്നെ,ത്രയോ കൊഴിഞ്ഞു;
പാലമരം തണല്‍ശയ്യ നീര്‍ത്തി
പാതിരാപുള്ളിന്റെ പാട്ടുകേട്ട്‌,
പാരം മറന്നു മയങ്ങി നമ്മള്‍

ഓര്‍മയിലുണ്ടെനിക്കിപ്പോഴുമാരാവി-
ന്നോര്‍മയിലാകെ നടുങ്ങുന്നു ഞാന്‍
മാറില്‍ മുഖംചേര്‍ത്തുറങ്ങി, നീയുണരാതെ,
മമജീവനാളം പൊലിഞ്ഞുപോയി

കാവൊഴിഞ്ഞു; പായല്‍ക്കുളമൊഴിഞ്ഞു
കതിരണിപ്പാടവും പോയ്മറഞ്ഞു
നാഗക്കലിതീണ്ടി നീ മറഞ്ഞു
നാടുവിട്ടെങ്ങോ ഞാനലഞ്ഞു

പാതകള്‍; ജീവിതപ്പാതകള്‍; നീളുമീ-
യാത്രയൊടുങ്ങുന്ന നാള്‍വരേയ്ക്കും
ചേര്‍ത്തുവെയ്ക്കുന്നു ഞാനെന്റെയീ-
ചേതനയോടൊത്തു നിന്റെ നിശ്വാസങ്ങളും

ഓര്‍ക്കുവാനേറെയില്ലെങ്കിലും എന്നുടെ
ഓര്‍മക്കുറിപ്പിലെയാദ്യത്തെ താളിത്‌
ഓര്‍ത്തുപറയേണ്ടതല്ലിതെന്നാകിലും
ഓര്‍മക്കുറിപ്പിലെയാദ്യത്തെ താളിത്‌

Saturday, June 22, 2013

കടല്‍

ഈ മഴക്കാലത്ത്‌
ഒരു നനുത്ത സ്പര്‍ശമായ്‌ 
നിണ്റ്റെ വിരല്‍ത്തുമ്പുകള്‍!!! 
 പരസ്പരം കൈകള്‍ കോര്‍ത്ത്‌,
നാമിരുന്നു... 

പുറത്ത്‌,
ആര്‍ത്തിരമ്പുന്ന കടല്‍. 
ഒരോ തിരയും 
തീരത്തെ കെട്ടിപ്പുണര്‍ന്ന്‌, 
നുരയടങ്ങി, 
പതഞ്ഞമര്‍ന്ന്‌,
തിരിച്ചുപൊയ്ക്കൊണ്ടിരുന്നു... 

പുറത്ത്‌,
തിമിര്‍ത്തു പെയ്യുന്ന മഴ. 
നമ്മുടെ വേനല്‍വിഷാദങ്ങള്‍ക്കുമേല്‍ 
കുളിരായ്‌ 
സാന്ത്വനമായ്‌
പെയ്തുകൊണ്ടേയിരുന്നു... 

കാറിനുള്ളില്‍ തണുപ്പ്‌
ചൂളം വിളിക്കുന്നുണ്ടായിരുന്നു!!! 
എന്നിട്ടും
സിരകളിലാകെ പടര്‍ന്നുകയറിയ ചൂട്‌,
നീയും ഞാനുമറിഞ്ഞു... 
ഒന്നും മിണ്ടാതെ- 
പരസ്പരം നോക്കാതെ- 
പ്രേമത്തിണ്റ്റെ 
നോവും ചൂടും
നാമറിഞ്ഞുകൊണ്ടേയിരുന്നു.

Wednesday, January 30, 2013

തേന്‍മാവിന്റെ ദുഃഖം















അകലെയൊരു നിഴലായ് നീ മറഞ്ഞു
നിന്റെ വിധുരമാം ഓര്‍മയില്‍ ഞാനുലഞ്ഞു
ഹൃദയമണിവീണതന്‍ തന്തി തേങ്ങി
എന്റെ അരിമണിപ്രാവിന്നകന്നുപോയി

കൂരമ്പുകൊണ്ടാരാ ചിറകൊതുക്കി- എന്റെ
നെഞ്ചിന്‍ ചൂടേറ്റുറങ്ങിയ നാള്‍
കണ്ണിമ ചിമ്മാതെ ചേര്‍ത്തു പിടിച്ചു ഞാന്‍
ചുംബനപ്പൂക്കളാല്‍ മൂടി നിന്നെ

മുറിവുണങ്ങി; നിന്റെ ചിരി കിലുങ്ങി- എന്റെ
കരളിലെ തേന്‍മാവ് പൂത്തുലഞ്ഞു
ചില്ലയൊതുക്കി ഞാന്‍ കൂടൊരുക്കി- നിന്നെ
കൈപിടിച്ചേറ്റുവാന്‍ മനമൊരുക്കി

ദൂരെയൊരു ചിറകടിയൊച്ച മുഴങ്ങി-യെന്‍
ചാരത്തിരുന്നു നീ കണ്‍മിഴിച്ചു
കൂരിരുള്‍ മൂടിയെന്‍ കണ്‍കളില്‍; കണ്ടു ഞാന്‍
മാരിവില്‍ വര്‍ണങ്ങള്‍ നിന്‍ മിഴിയില്‍

കൊക്കുരുമ്മി; തമ്മില്‍ മനമിണങ്ങി- മെല്ലെ
കൂടുവിട്ടെങ്ങോ പറന്നുപോയി
ഒരുചെറുതൂവല്‍ കൊഴിഞ്ഞുവീണെത്രയോ
രാവുകള്‍ പിന്നെ കടന്നുപോയി

ഇനിയത്തെ പുലരിയീ രാവെനിക്കേകിയ
ഇരുളില്‍ കറയൊന്നു മായ്ച്ചിടുമോ?
ഇനിയെന്റെയാകാശച്ചെരുവിലായര്‍ക്കന്റെ
ഇഴ കീറിയെത്തുന്ന വെട്ടം പരക്കുമോ?

അകലെ നിന്നെന്റെയായരിമണിപ്രാ-
വൊന്നരികെയെന്‍ ചില്ലയിലെത്തിടുമോ?
കുളിരോലുമീറന്‍ തളിരിലത്തുമ്പിലെ
നറുകണമാവോളം നുകര്‍ന്നിടുമോ?

കാത്തുനില്‍ക്കുന്നു ഞാനീ വനപാതയില്‍
കാതരമാമീറന്‍ മിഴികളോടെ,
നീ വരാതിരിക്കില്ലയെന്നോര്‍ത്തു ഞാന്‍
നില്‍ക്കുന്നു; നിശ്ചലമീസ്നേഹതീരേ...