Friday, February 7, 2014

ജന്മ പുണ്യം

ഉണരുവാനെന്തിത്ര വൈകിയെന്നാർദ്രമായ്
മന്ത്രിച്ചുവോ നീയെൻ കാതിനുള്ളിൽ
സ്വപ്‌നസമൃദ്ധമാം നിദ്രയിന്നേകിയ
മഞ്ജുളനാദമെന്നോർത്തുപോയ് ഞാൻ
മഞ്ജുളനാദമെന്നോർത്തുപോയ് ഞാൻ

കാതരേ, നീയെന്റെ ചാരത്തണഞ്ഞിടാൻ
കാലമിതെത്ര കഴിഞ്ഞുപോയി
ആശാകുസുമങ്ങളെത്ര കൊഴിഞ്ഞുപോയ്
ആതിരരാവും കടന്നുപോയി-തിരു-
വാതിരരാവും കടന്നുപോയി

വേനൽക്കിനാവിന്റെയൂഷരഭൂമിയിൽ
വേപഥുപൂണ്ടു കിടന്നുപോയ് ഞാൻ
മാരിവിൽമാലകൾ കണ്ടതില്ല; ഇളം-
തെന്നലൊന്നരികത്തു വന്നതില്ല-കുളിർ-
തെന്നലൊന്നരികത്തു വന്നതില്ല

വൈകിയെന്നാകിലും എത്തിനീയരികത്തൊ-
രായിരം ജന്മങ്ങൾ തന്റെ പുണ്യം!
ഇനിയീപടുതിരി കത്തിയമർന്നാലും
സഫലമെൻ ജന്മമിതെത്ര പുണ്യം!
സഫലമെൻ ജന്മമിതെത്ര പുണ്യം!

Thursday, February 6, 2014

കടലോളം പ്രണയം

പ്രണയമൊരു കടലായെന്നില്‍
തിരമുറിച്ചെത്തുമീ സാന്ധ്യനേരം
നനുത്തകാറ്റിന്‍ തലോടലിലെന്‍മനം
കുളിരോലുമോര്‍മ്മയെ വാരിപ്പുണരുന്നു

നിന്‍ കവിള്‍ഛായ കോരിയെടുത്തീ
സന്ധ്യയിന്നെത്ര തുടുത്തുപോയ്!
നിന്‍ മിഴിയനക്കങ്ങളാകെ കവര്‍ന്നൊരീ
കടലലകള്‍ക്കെത്ര താളത്തുടിപ്പുകള്‍!

ചൊരിമണലിക്കിളികൂട്ടിയ പദതാരി-
ലാര്‍ത്തിപൂണ്ടെത്തിയ തിരനുരകള്‍
ഒന്നു ചുംബിച്ചിട്ടൊരുമോഹസാഫല്യം
നേടിത്തിരികേ മടങ്ങുന്നു ലാസ്യമായ്

കണ്‍ചിമ്മിയുണരുന്ന നക്ഷത്രകന്യകള്‍
കണ്ണിമയ്ക്കാതുറ്റുനോക്കിടുന്നു-നിന്‍-
കണ്ണിണചെപ്പില്‍ തിളങ്ങുന്ന മാണിക്യ-
കല്ലുകള്‍ക്കെന്തിത്ര ശോഭയെന്നോ?

പാതിചിരിച്ചുണരുന്നോരമ്പിളി
പാലൊളി തൂകിപ്പടരുന്ന നേരം
നിഴലും നിലാവുമിഴചേര്‍ന്ന നിന്‍ മുഖ-
താരിലൊരുമുത്തമായ് എന്റെ സ്നേഹം !