Thursday, July 16, 2009

വെറുതെയീ മോഹങ്ങള്‍ എന്നറിയുമ്പോഴും

സത്യമായിട്ടും, ഇത് അത്ഭുതം തന്നെയാണ്.
അയല്‍ക്കാരനെ പുകഴ്ത്തി, പുകഴ്ത്തി സ്വന്തം കുടുംബത്തില്‍നിന്നും അയാളെ പുറത്തുചാടിക്കാന്‍ പെട്ട പാട് വെറുതെയായിപ്പോയല്ലോ?
പറഞ്ഞുപറഞ്ഞ് അയാളെ ഒരു ദൈവതുല്യമാക്കാന്‍ എന്തൊക്കെ പറഞ്ഞൊപ്പിച്ചു.
എന്നിട്ടും-
സമയമായപ്പോള്‍ അയാള്‍ മുണ്ടും മുറക്കിയുടുത്ത് വായുമടച്ച് ഒറ്റയിരുപ്പാണ്.
സ്വപ്നം കണ്ടതൊക്കെ വെറുതെ.
കലികാലത്ത് ഇങ്ങിനെയുമുണ്ടാകാം.
വേലിക്കപ്പുറവും ഇപ്പുറവും നിന്ന് പോര് വിളിച്ചതൊക്കെ ഇന്നലെയുടെ മൌഢ്യങ്ങള്‍.
ഇന്ന് വേലിക്കകത്തും പുറത്തും സൌഹാര്‍ദത്തിനപ്പുറം ആരാധനയുടെ മണിമുഴക്കങ്ങളാണ്.
വയസ്സുകാലത്ത് നനഞ്ഞ പടക്കംപോലെ ചാരുകസേരയില്‍ അമര്‍ന്നിരിക്കേണ്ടയാളാണ് തോളില്‍ കൈയിട്ട് ഒപ്പത്തിനൊപ്പംനിന്ന് അങ്കംവെട്ടാന്‍ ഇറങ്ങിപ്പുറപ്പെട്ടത്. കാര്യം വയസ്സായെങ്കിലും ചേകവര്‍ക്ക് അഭ്യാസമുറകളൊന്നും മറന്നിട്ടില്ലായെന്ന് കുറച്ചുകാലത്തിനുള്ളില്‍ത്തന്നെ മനസ്സിലായി. സ്വന്തം കുടുംബത്തിന്റെനേര്‍ക്കാണ് വാള്‍ത്തല വീശുന്നതെന്നതും അതിന് കൂട്ട് അയല്‍വാസി തന്നെയായതുമൊന്നും മൂപ്പിലാനെ തെല്ലും ബേജാറാക്കുന്നില്ല.
കാര്യം മൂപ്പിളമതര്‍ക്കംതന്നെ.
വയസ്സായെന്നു കരുതി ഭരണം കൈവിടാന്‍ കഴിയുമോ? പത്തായപ്പുരയുടെ താക്കോല്‍ മരണംവരെ മടിക്കുത്തില്‍തന്നെയുണ്ടാകണമെന്നായിരുന്നു സ്വപ്നം. കേസ് നടത്തി നടത്തി കുടുംബംതന്നെ വിറ്റുകളയും എന്നാക്ഷേപിച്ചാണ് അനന്തരവന്മാര്‍ ഗൂഢാലോചന തുടങ്ങിയത്. ഒന്നുമില്ലെങ്കിലും കാരണവര്‍ മോശക്കാരനല്ല എന്നെങ്കിലും ആലോചിക്കേണ്ടേ കുരുത്തംകെട്ട പിള്ളേര്‍?
പാരമ്പര്യമെന്നത് എന്താ... അത്ര ചെറിയ കാര്യമാണോ? മലയടിവാരത്ത് കുടിയേറിപ്പാര്‍ക്കാന്‍ എത്തിയകാലത്തെക്കുറിച്ചെങ്കിലും ഓര്‍ക്കണ്ടേ? പറഞ്ഞുകേട്ട അറിവെങ്കിലും അതേപ്പറ്റി കാണാതിരിക്കുമോ? ചേമന്തിപ്പുഴക്കപ്പുറം തലയുയര്‍ത്തിപ്പിടിച്ചുനിന്ന എട്ടുകെട്ടില്‍നിന്നും ഇറങ്ങിപ്പോന്നവരൊക്കെ മണ്ണടിഞ്ഞുപോയി. അവശേഷിക്കുന്നത് കാരണവരും പിന്നെ, വങ്കന്മാരായ രണ്ടുപേരുമാണ്. അവന്മാരൊക്കെ ആരോഗ്യം ക്ഷയിച്ച് വീട്ടില്‍തന്നെ കുത്തിയിരിപ്പാണ്. ഇയാള്‍ക്ക് അതു പറ്റുമോ? ഇത്രയും കാലം മൂത്തവരാണ് എന്ന പരിഗണനയില്‍ മരിച്ചുപോയ കാരണവന്മാരെയൊക്കെ അനുസരിച്ചു. ചിലപ്പോഴൊക്കെ ചില ചില്ലറ കുത്തിത്തിരിപ്പുകള്‍ നടത്തിയില്ലാ എന്നല്ല. പക്ഷെ, അവരൊക്കെ ഒപ്പം അടവുകള്‍ പഠിച്ചവരായതുകൊണ്ട് കളിയൊന്നും നടന്നില്ല.
ഇതിപ്പോള്‍ അങ്ങിനെയാണോ? കളരിത്തറയില്‍ അഭ്യാസമുറകളൊക്കെ പഠിപ്പിച്ചത് കാരണവര്‍ തന്നെയായിരുന്നല്ലോ? കാരണവര്‍ക്കറിയാത്ത അഭ്യാസങ്ങള്‍ ഇവന്മാരൊക്കെ ഏതു കളരിയില്‍ പോയാണോ പഠിച്ചത്? മലമുകളില്‍ കൃഷിയിറക്കാന്‍ പോയ സമയം നോക്കി അവന്മാര്‍ തുളുനാട്ടിലേക്ക് പോയിരുന്നോ? പോയിക്കാണും. അല്ലെങ്കില്‍, ഈ അടവുകളൊക്കെ സ്വന്തമാക്കുന്നത് എങ്ങിനെ. അതും മര്‍മാണിപ്രയോഗംതന്നെ പഠിച്ചുവന്നിരിക്കുന്നു. അഹങ്കാരികള്‍!
കാരണവരെ ഒപ്പം കൂട്ടാന്‍ പറ്റിയ സമയം ഇതാണെന്ന് മനസ്സിലാക്കാന്‍ വലിയ പഠിപ്പും പത്രാസുമൊന്നും വേണ്ടല്ലോ. അല്ലറ ചില്ലറ അടവുകളൊക്കെ നമ്മുടെ കൈയിലും ഉണ്ടല്ലോ. പിള്ളേരെയൊക്കെ വിളിച്ചുകൂട്ടി കാര്യം അവതരിപ്പിച്ചപ്പോള്‍ എല്ലാവര്‍ക്കും സന്തോഷം. ഇതിപ്പോള്‍ അയലുവക്കത്തെ കുടുംബം കുട്ടിച്ചോറാക്കാന്‍ കിട്ടിയ അപൂര്‍വ സന്ദര്‍ഭമാണല്ലോ. വെറുതെ വിട്ടുകളയുന്നതെങ്ങനെ. പിള്ളേരെക്കൊണ്ട് ദിവസവും രാവിലെ പ്രശംസാപത്രം ഉറക്കെ വായിപ്പിക്കുകയായിരുന്നു ആദ്യപടി. കുറച്ചുദിവസം കഴിഞ്ഞപ്പോള്‍ കാരണവര്‍ ഇങ്ങോട്ട് നോക്കി ചിരിക്കാന്‍ തുടങ്ങി. വീഴാന്‍ തുടങ്ങിയെന്നു മനസ്സിലായപ്പോള്‍ കീര്‍ത്തനാലാപനം തുടങ്ങി. കര്‍ണാടകസംഗീതം വഴങ്ങിവരാന്‍ കുറച്ചുസമയമെടുത്തെങ്കിലും സംഗതി ജോറായി. ഇപ്പോള്‍ കാരണവര്‍ക്ക് മുള്ളണമെങ്കിലും തങ്ങളോട് ചോദിക്കാതെ പോകില്ല എന്ന സ്ഥിതിയായി. എല്ലാംകൊണ്ടും അയലുവക്കത്ത് കുളം കുഴിക്കാന്‍ പറ്റിയ സമയമെന്ന് നിനച്ചിരിക്കുമ്പോഴാണ് വെള്ളിടിപോലെ അവന്മാരുടെ അവസാനത്തെ അടവ്!
എല്ലാവനുംകൂടി കുടുംബയോഗം കൂടി കാരണവര്‍ക്ക് നല്ലനടപ്പ് വിധിച്ചിരിക്കുന്നു.
അയാള്‍ എന്തെങ്കിലുമൊക്കെ കാട്ടിക്കൂട്ടുമെന്നു പ്രതീക്ഷിച്ചതും വെറുതെയായി. കൃത്യസമയത്ത് അടവുകളൊക്കെ മറന്ന ചേകവരെപ്പോലെ മൌനം പൂണ്ടിരിക്കുകയാണ് അയാള്‍. ഇങ്ങനൊരു ചതി അയാള്‍ ചെയ്യുമെന്ന് ആരെങ്കിലും കരുതിയോ? പിള്ളേരെവെച്ച് സ്തുതിഗീതം പാടിച്ചതൊക്കെ വെറുതെയായി. ഇറങ്ങിപ്പോരണ്ടേ? രണ്ടുസെന്റ് സ്ഥലം ഇഷ്ടദാനം എഴുതിക്കൊടുക്കാന്‍പോലും കരുതിവെച്ചതാണ്. മൂപ്പിലാനെ അടിച്ചിറക്കുന്നത് സ്വപ്നം കണ്ടത് വെറുതെ. അവന്മാരൊക്കെക്കൂടി അയാള്‍ക്ക് നന്നാകാന്‍ സമയം കൊടുത്തിരിക്കുകയാണ്. അയാളാകട്ടെ, അവിടന്നൊട്ടിറങ്ങത്തില്ലാ എന്ന വാശിയിലും.
ആ ഒ എന്‍ വി എഴുതിപ്പിടിപ്പിച്ചത് തങ്ങളെക്കുറിച്ചായിരുന്നോ?
"വെറുതെയീ മോഹങ്ങള്‍ എന്നറിയുമ്പോഴും
വെറുതെ മോഹിക്കുവാന്‍ മോഹം......''