Friday, August 29, 2008

ഇതെന്റെ രാജ്യം

ഇതെന്റെ രാജ്യം. സഹനത്തിന്റെയും ത്യാഗത്തിന്റെയും വഴികളില്‍ പോരാട്ടത്തിന്റെ മനസ്സ് ഇഴചേര്‍ത്ത സമരേതിഹാസങ്ങളുടെ രാജ്യം. പിന്‍മുറക്കാര്‍ ചരിത്രപാഠങ്ങളില്‍നിന്നും മനഃപൂര്‍വം ഒഴിവാക്കിയ രക്തസാക്ഷിത്വങ്ങളുടെ രാജ്യം. സ്വാതന്ത്യ്രത്തിന്റെ പുലരിവെളിച്ചത്തിലും പരസ്പരം വെട്ടിമരിച്ച മതവൈരത്തിന്റെ രാജ്യം. "ഭാരതമെന്നു പേര്‍ കേട്ടാല്‍ അഭിമാനപൂരിതമാകണം അന്തഃരംഗം'' എന്നു പാടിയ കവി ഏതു സ്വപ്നലോകത്തിലായിരുന്നുവോ? അഭിമാനിക്കാന്‍ ഇനിയൊന്നുമില്ലാത്ത ഒരു സ്വതന്ത്രജീവിയായി ഞാനും എന്റെ നാട്ടുകാരും മാറിയിരിക്കുന്നു. വേഷവും നാമവുമെല്ലാം ജാതിയുടെയും മതത്തിന്റെയും തിരിച്ചറിയല്‍രേഖകളാകുമ്പോള്‍, നടുങ്ങുന്ന മനസ്സുമായി മാത്രമേ ഈ തെരുവുകളിലൂടെ കടന്നുപോകാന്‍ കഴിയൂ. കാടിന്റെ പിന്നാമ്പുറങ്ങളില്‍ നിന്ന് നാടിന്റെ ഉമ്മറത്തിണ്ണയിലേക്ക് ഇറങ്ങിയ മനുഷ്യന്‍ അഭയത്തിനായി ഇന്നും കാടിന്റെ ഇരുള്‍ക്കയങ്ങളിലേക്ക് ഓടിയൊളിക്കുമ്പോള്‍ ഏതു ദൈവത്തിന്റെ പ്രീതിയാണ് നമുക്ക് ലഭിക്കുന്നത്? വിഹ്വലമായ കണ്ണുകളോടെ അഭയത്തിനായി കേഴുന്ന കുരുന്നുകളുടെ ചിത്രങ്ങള്‍ അച്ചടിച്ച പത്രത്താളുകള്‍ ഇനിയെത്ര രാവുകളെ നിദ്രയില്‍നിന്നകറ്റിനിര്‍ത്തും. ടിവി സീരിയലുകളില്‍ ഇന്നും ദൈവനാമങ്ങള്‍ ഉരുവിട്ടുകൊണ്ട് എത്തുന്ന സന്യാസിരൂപികള്‍ രാക്ഷസാവതാരങ്ങളായി പകല്‍വെളിച്ചത്തില്‍ നമ്മെ ഭയപ്പെടുത്തുന്നു. കെട്ടിവച്ച ജഡയും നീട്ടിവളര്‍ത്തിയ താടിയും കാവിവസ്ത്രവും രക്തനിറമാര്‍ന്ന കണ്ണുകളും രാക്ഷസീയതയുടെ പ്രതിഛായയായി മാറിയിരിക്കുന്നു. ഭാരതത്തിന്റെ പൈതൃകം ഹൈന്ദവമാണെന്ന് വാദിക്കുന്നവര്‍ ഏതു ഹൈന്ദവദൈവത്തിന്റെ നയങ്ങളാണ് പിന്തുടരുന്നത് എന്നു വ്യക്തമാക്കേണ്ടതുണ്ട്. മനുഷ്യന്‍ മനുഷ്യനെ സ്നേഹിക്കാന്‍ മറക്കുന്ന ഈ ഭക്തിപ്രസ്ഥാനങ്ങള്‍ ഇനിയും നമുക്ക് ആവശ്യമുണ്ടോ? ഭക്തിയുടെ പേരിലുള്ള ഈ കൊലവിളികള്‍ ഇനി നമുക്ക് പൊറുക്കേണ്ടതുണ്ടോ? ലജ്ജിക്കാം! നമ്മുടേതെന്ന് നാം അഹങ്കരിച്ച എല്ലാ പൈതൃകങ്ങളെയും ഓര്‍ത്ത് നമുക്ക് ലജ്ജിക്കാം. സൂര്യനും ചന്ദ്രനും പാമ്പും എലിയും ആനയുമെല്ലാം ദൈവങ്ങളാണെന്ന് നമ്മെ പഠിപ്പിക്കുകയും അവയെ ഇന്നും ആരാധിക്കുകയും ചെയ്യുന്ന ഈ പൈതൃകത്തെയോര്‍ത്ത് ഇനിയും ലജ്ജിച്ചില്ലെങ്കില്‍ മനുഷ്യന്‍ എന്ന പദത്തിനുപോലും മാനക്കേടാണ്. ഓര്‍ക്കണം. ഒറീസയില്‍ എരിഞ്ഞുതീര്‍ന്നതും ഇന്ത്യക്കാരാണ്... മനുഷ്യരാണ്.

Wednesday, August 27, 2008

ഓണം

ഓണം വീണ്ടുമെത്തി. വര്‍ണവിസ്മയക്കാഴ്ചകളുമായി നഗരവീഥികള്‍ അണിഞ്ഞൊരുങ്ങിത്തുടങ്ങി. കച്ചവടമാമാങ്കങ്ങളാണ് എവിടെയും.. റിഡക്ഷന്‍ സെയിലുകളുടെ പരസ്യപ്രളയം. വര്‍ഷം മുഴുവന്‍ അധ്വാനിച്ചു ലഭിക്കുന്ന ലാഭവിഹിതം ചെലവഴിക്കാനുള്ള വഴികളില്‍ അന്ധാളിച്ചുനില്‍ക്കുന്ന സാധാരണക്കാരന്‍. ഇവിടെ ഓണം നിരത്തുകളില്‍ ഒഴിഞ്ഞുതീരുന്ന ഭണ്ഡാരമാണ്.എന്നാല്‍, ഓര്‍മയില്‍ ഇപ്പോഴും എന്റെ ഗ്രാമത്തിന്റെ ഓണവിശുദ്ധി തെളിമയോടെ നില്‍ക്കുന്നു. ആണ്ടുപിറവിയില്‍ പടിവാതില്‍ക്കല്‍ കെട്ടിത്തൂക്കുന്ന പുന്നെല്ല് വര്‍ഷം മുഴുവന്‍ ഐശ്വര്യം തരുമെന്ന് അമ്മ പറഞ്ഞാണ് അറിഞ്ഞത്. വയല്‍വരമ്പിലൂടെ പട്ടം പറപ്പിക്കാന്‍ കൂട്ടുകാരുമൊത്ത് ഓടുമ്പോള്‍ പുത്തനുടുപ്പിന്റെ ഗന്ധം വിയര്‍പ്പിനൊപ്പം അലിഞ്ഞുപോയ നാളുകള്‍. കൊയ്ത്തൊഴിഞ്ഞ വയലുകളില്‍ മേഘക്കൂട്ടങ്ങള്‍ക്കൊപ്പം പറന്നിറങ്ങുന്ന പക്ഷിക്കൂട്ടങ്ങള്‍. തലപ്പന്തുകളിയും കിളിത്തട്ടും പിന്നെ ആകാശത്തോളം ഉയരുമെന്ന് വെറുതെ മോഹിപ്പിക്കുന്ന ഊഞ്ഞാലുമെല്ലാം ഓര്‍മയില്‍ ഇപ്പോഴും നിറയുകയാണ്.ഇവിടെ ഈ നഗരത്തിരക്കില്‍ എന്റെ ഗ്രാമവിശുദ്ധിയും ഓണസമൃദ്ധിയുമെല്ലാം വെറും ഓര്‍മകള്‍ മാത്രമാകുകയാണ്. ഇവിടെ മാത്രമല്ല, ഇന്ന് എന്റെ ഗ്രാമവും ഏറെ മാറിയിരിക്കുന്നു. വയല്‍വരമ്പുകള്‍ കോളനിറോഡുകളായി രൂപാന്തരപ്പെട്ടിരിക്കുന്നു. ഐശ്വര്യം പേറിയിരുന്ന കതിര്‍മണികള്‍ ഇനി ഒരിക്കലും എന്റെ വീടിന്റെ ഉമ്മറത്തെ അലങ്കരിക്കുകയില്ല. അച്ഛനും അമ്മയും ഞങ്ങളെ കാത്തിരിക്കുകയാണ്. പോകണം. ഈ തിരക്കില്‍ നഷ്ടപ്പെട്ടുപോയ എന്റെ മനസ്സ് കുറച്ചുനേരത്തേങ്കിലും തിരികെ ലഭിക്കാന്‍ പോയേ തീരൂ. അവിടെ പഴയ രണ്ടു മനസ്സുകള്‍ ഓണവിഭവങ്ങളൊരുക്കി കാത്തിരിക്കും.