Wednesday, October 29, 2008

ആപ്പിള്‍ കച്ചവടം

ദൈവങ്ങള്‍ക്ക് കിടപ്പാടമില്ലാതാകുന്നതും തെങ്ങിന്റെ മണ്ട ചീയുന്നതും തുലാവര്‍ഷ നിനവുകളല്ല. പറുദീസയില്‍നിന്ന് മനുഷ്യനെ ആട്ടിപ്പുറത്താക്കിയതോര്‍ത്താണ് ജോണ്‍ മില്‍ട്ടണ്‍ 'പാരഡൈസ് ലോസ്റ്റ്' എഴുതിയതും മനുഷ്യഗണത്തെ പ്രകീര്‍ത്തിച്ചതും. ദൈവനിന്ദയുടെ ഫലം ഓര്‍ത്ത് പേടിച്ചാകാം 'പാരഡൈസ് റീഗെയിന്‍ഡ്' എഴുതി പശ്ചാത്തപിച്ചത്. ദൈവത്തിന്റെ സ്വന്തം നാട്ടില്‍ ചെകുത്താന്‍ ആപ്പിള്‍ കച്ചവടം നടത്താനെത്തിയത് വാസ്കോ ഡി ഗാമാ കപ്പലിറങ്ങിയതുപോലെയാണെന്ന് ഏതായാലും ആരും പറയില്ല. സ്വീകരിച്ച് ആനയിക്കാന്‍ ഒരു ഭരണകൂടവും തയ്യാറാകില്ല എന്നു വെറുതെയെങ്കിലും ആശ്വസിക്കാം. കാശ്മീരില്‍ പൊലീസിനോടേറ്റുമുട്ടി മലയാളികള്‍ കൊല്ലപ്പെട്ടു എന്നറിയുമ്പോള്‍, അതു വിനോദയാത്രയ്ക്കു പോയവരല്ല എന്നു മനസ്സിലാക്കുമ്പോള്‍, ആപ്പിള്‍ കച്ചവടം കുറേക്കാലമായി പൊന്നാനിയില്‍ പൊടിപൊടിക്കുകയാണെന്നുവേണം കരുതാന്‍. ചര്‍മ്മഛേദം നടത്തിയിറങ്ങുന്ന അപരന്മാരെ അച്ഛനമ്മമാര്‍ മരണശേഷമെങ്കിലും തള്ളിപ്പറയുന്നത് ആശ്വാസകരം! തീവ്രവാദികളെ തിരക്കി പൊലീസുകാര്‍ നാടെങ്ങും അലഞ്ഞുതിരിയുമ്പോള്‍, ഇത്രയും കാലം ഇതൊന്നും ഈ ഭരണകൂടം അറിയാതിരുന്നതിനെച്ചൊല്ലി പത്രങ്ങളായ പത്രങ്ങളെല്ലാം ആക്ഷേപം ചൊരിയുന്നത് പത്രധര്‍മം! ഇന്‍വെസ്റ്റിഗേറ്റീവ് ജേര്‍ണലിസം എക്സ്ക്ളൂസീവ് വാര്‍ത്തകളായി വായനക്കാരന് ഇത്രയുംകാലം നല്‍കിയ പത്രമുത്തശ്ശിമാരുടെ സ്വലേയും പ്രലേയുമൊന്നും നാട്ടില്‍ നടന്ന ആപ്പിള്‍കച്ചവടം ഇത്രയുംകാലം അറിഞ്ഞതുമില്ല; ഒരു ആപ്പിള്‍പോലും കണ്ടതുമില്ല. എന്നാല്‍, ഒരുകാര്യത്തില്‍ ഈ പത്രങ്ങള്‍ക്ക് ഒരു സംശയവുമില്ല. ഈ കച്ചവടം കേരളത്തില്‍ തുടങ്ങിയിട്ട് രണ്ടരവര്‍ഷമേ ആയിട്ടുള്ളൂ. അതു മൂന്നരത്തരം. അതിനുമുമ്പ് ദൈവത്തിന്റെ സ്വന്തം നാടുതന്നെയായിരുന്നു ഇവിടം! ആപ്പിള്‍ പോയിട്ട് ഒരു നാരങ്ങ പോലും ഇവിടുണ്ടായിരുന്നില്ല. പിന്നെയോ എല്ലാം കേരമയം. തെങ്ങിനൊക്കെ എന്തായിരുന്നു ഡിമാന്റ്? രണ്ടരവര്‍ഷക്കാലത്തെ ഭരണംകൊണ്ട് നാടിന് സംഭവിച്ച ഈ ദുര്‍ഗതിയില്‍ പ്രതിഷേധിച്ച് എം എം ഹസന്റെ നേതൃത്വത്തില്‍ സെക്രട്ടറിയറ്റിനുമുന്നില്‍ ഒരു ഏകദിന നിരാഹാരസമരം നടത്താനുള്ള സാധ്യത തള്ളിക്കളയാല്‍ കഴിയില്ല. തെങ്ങിന്റെ മണ്ടചീയല്‍ പരിഹരിക്കുക, സ്വന്തം നാട്ടിലേക്ക് ദൈവത്തെ തിരികെവിളിക്കുക - പാരഡൈസ് റീഗെയിന്‍ഡ് തപ്പിയാല്‍ ഈ ആവശ്യങ്ങള്‍ക്ക് പറ്റിയ മുദ്രാവാക്യങ്ങള്‍ ചിലപ്പോള്‍ കിട്ടിയേക്കും. ഏതായാലും ദൈവത്തിനു നന്ദി! കൂടെ കൂടെ സന്തോഷ്മാധവന്മാരും ശബരീനാഥുമാരും തീവ്രവാദനായകരും പത്രത്താളുകള്‍ക്ക് സ്ഥലം നിറച്ചുകൊടുക്കുന്നുണ്ടല്ലോ. രണ്ടരവര്‍ഷംമുമ്പ് ഇവരെല്ലാം ഇവിടെത്തന്നെ ഉണ്ടായിരുന്നുവെന്നും പത്രത്താളില്‍ ഒരു സിംഗിള്‍കോളം വാര്‍ത്തപോലും ഇവരെപ്പറ്റി വന്നിട്ടില്ലെന്നും ഓര്‍ക്കുമ്പോള്‍ അമ്പേ... ഇന്‍വെസ്റ്റിഗേറ്റീവ് ജേര്‍ണലിസത്തിന്റെ ഒരു പോക്കേ....

Friday, October 3, 2008

സത്യം


സത്യം
ഉടുതുണിയുരിഞ്ഞെറിഞ്ഞ വേശ്യയെപ്പോലെ
പലപ്പോഴും അതു അറപ്പുളവാക്കുന്നത്!
ചിലപ്പോഴൊക്കെ
കണ്ണടച്ചുകൊണ്ട് അതിനെ അംഗീകരിക്കുന്നു.
പലപ്പോഴും
അവഗണനയുടെ കല്ലുകള്‍
അവള്‍ക്കെതിരെ ആഞ്ഞെറിയുന്നു
എങ്കിലും-
കണ്‍മുനക്കോണാലൊരു വിളിയും
പ്രതീക്ഷിച്ച്
അതെപ്പോഴും ഒരുവിളിപ്പാടകലെ
കാത്തുനില്‍ക്കുന്നു.

Wednesday, October 1, 2008

പിതാവെ, ഇവര്‍ ചെയ്യുന്നതെന്തെന്ന് ഇവര്‍ അറിയുന്നില്ല

മഹാപുരോഹിതന്റെ ദാസന്മാരില്‍ ഒരുവനും പത്രൊസ് കാതറുത്തവന്റെ ബന്ധുവുമായ ഒരാള്‍ പത്രൊസിനോട്, "ഞാന്‍ നിങ്ങളെ അയാളുടെ കൂടെ തോട്ടത്തില്‍വച്ചു കണ്ടല്ലോ?'' എന്നു പറഞ്ഞു.
പത്രൊസ് പിന്നെയും അതു നിഷേധിച്ചു. ആ നിമിഷം കോഴി കൂവി.'' (യോഹന്നാന്റെ സുവിശേഷം)
നിഷേധിക്കപ്പെട്ട സത്യങ്ങള്‍ കുരിശിന്റെ മഹത്വത്തെ വീണ്ടും വീണ്ടും അപഹാസ്യമാക്കുന്നു. ഏതാനും നാണയത്തുട്ടുകള്‍ക്കായി മനുഷ്യപുത്രനെ ഒറ്റുകൊടുത്തവര്‍ ഇന്നും പള്ളിമേടകളില്‍ അന്തിയുറങ്ങുന്നു. സഭയുടെ വഴിയില്‍ ആത്മസമര്‍പ്പണത്തിന്റെ വേദനയേറ്റുവാങ്ങിയ കുഞ്ഞാടുകള്‍ കൂട്ടം തെറ്റി അലയുമ്പോള്‍ വീഞ്ഞിന്റെ ലഹരിയുമായില്‍ അന്തിക്രിസ്തുമാര്‍ വര്‍ഗീയഫാസിസ്റ്റുകളുമായി സന്ധിസംഭാഷണം നടത്തുന്നു. അരമനകളില്‍ കച്ചവടത്തിന്റെ പുത്തന്‍ സമവാക്യങ്ങള്‍ അരങ്ങുതകര്‍ക്കുന്നു.
കന്യാസ്ത്രീകള്‍ തിരുവസ്ത്രമഴിയപ്പെട്ട് മാനഭംഗത്തിനിരയാകുന്ന കാലികയാഥാര്‍ഥ്യത്തെ കുങ്കുമക്കുറികൊണ്ട് മറയ്ക്കാന്‍ ശ്രമിക്കുന്ന ചെറ്റത്തരത്തിന് 'ബിഷപ്പ്കൌണ്‍സില്‍' എന്നു പേരിടാമോ? ഒറീസയിലൊരു പൊലീസ്സ്റ്റേഷനില്‍ അക്രമത്തിനിരയായ ഫാ.തോമസ് ചെല്ലന്തറയ്ക്കും കന്യാസ്ത്രീകള്‍ക്കും തറയില്‍ ഇരിക്കേണ്ടിവന്നപ്പോള്‍ അക്രമി കസേരയിലിരുന്ന് പൊലീസുകാര്‍ക്ക് ഉത്തരവുകള്‍ നല്‍കുകയായിരുന്നു. ഇവിടെ, അതേ അക്രമികള്‍ക്ക് പള്ളിയരമനയില്‍ ആതിഥ്യത്തിന്റെ വീഞ്ഞുപാത്രം വെച്ചുനീട്ടിയ ബിഷപ് കൌണ്‍സില്‍ പത്രൊസിന്റെ നിഷേധങ്ങള്‍ക്ക് അടിവരയിടുകയായിരുന്നു.
ഇവര്‍ക്ക് ക്രിസ്തുദേവനെ അറിയില്ല... അറിയില്ല... തീര്‍ച്ചയായും അറിയില്ല.
യൂദാ ഒരു സംഘം പടയാളികളെയും, മുഖ്യപുരോഹിതന്മാരെയും പരീശന്മാരെയും അയച്ച ഉദ്യോഗസ്ഥന്മാരെയും കൂട്ടിക്കൊണ്ടു തോട്ടത്തിലെത്തി. അവര്‍ തീപ്പന്തങ്ങളും റാന്തലുകളും ആയുധങ്ങളും വഹിച്ചിരുന്നു.
തനിക്കു നേരിടുവാനുള്ളതെല്ലാം അറിഞ്ഞിട്ട് യേശു പുറത്തുചെന്ന്, "നിങ്ങള്‍ ആരെയാണ് അന്വേഷിക്കുന്നത്?'' എന്നു ചോദിച്ചു.
"നസറായനായ യേശുവിനെ'' അവര്‍ മറുപടി പറഞ്ഞു.
"അതു ഞാന്‍ ആകുന്നു'' യേശു പറഞ്ഞു. അദ്ദേഹത്തെ ഒറ്റിക്കൊടുത്ത യൂദാ അവരോടു കൂടെ അവിടെ നിന്നിരുന്നു.
സമൃദ്ധമായ സല്‍ക്കാരത്തിനുശേഷം അരമനയില്‍നിന്നും പുറത്തുവന്ന ബിജെപിക്കാര്‍ക്കൊപ്പം തോളോടുതോള്‍ ചേര്‍ന്ന് തീര്‍ച്ചയായും ബിഷപ് കൌണ്‍സിലിലെ പ്രമാണിമാരായ പിതാക്കന്മാരും ഉണ്ടായിരുന്നിരിക്കും...
പിതാവെ... ഇവര്‍ ചെയ്യുന്നതെന്തെന്ന് ഇവര്‍ അറിയുന്നില്ല.

Monday, September 15, 2008

കാനനപര്‍വം

ഉറങ്ങുകെന്‍ മക്കളെ, ഉറങ്ങുക നിങ്ങള്‍
കനവുകള്‍ കാണാതെ, ഉറങ്ങുക നിങ്ങള്‍
ഇരുളിന്റെ മേലാട ഇഴകീറിയെത്തുന്ന
പൊരുളുണരുംവരെ ഉറങ്ങുക നിങ്ങള്‍

കാടാണ് നിങ്ങളെ കാക്കുന്നതെന്നുടെ
കാടിന്‍ മനസ്സാണ് നോക്കുന്നതിപ്പോഴും
ക്രൂരമൃഗങ്ങളുണ്ടാമിവിടെങ്കിലും-
ക്രൂരത പശിയകറ്റാന്‍ മാത്രമാണോര്‍ക്കുക!

വെയില്‍ തിളയ്ക്കുന്നുണ്ടീ പാറമടക്കി-
ലെങ്കിലും; ഒളിക്കാനൊരിടമാണിതോര്‍ക്കുക!
ഹിംസ്രജന്തുക്കള്‍ ഇരതേടിയാര്‍ത്തിടും
നാട്ടിടവഴികളെ മറയ്ക്കുമിടമാണിതോര്‍ക്കുക!

മതതിമിരമിവിടെയീ വഴികളില്‍
മദിച്ചുപുളയ്ക്കുന്നു; ആര്‍ത്തുവിളിക്കുന്നു;
വാളുകളുയര്‍ത്തുന്നു; ചുറ്റിനും ചുറ്റിനും
വാക്കുകളില്ലാത്ത ആര്‍ത്തനാദങ്ങള്‍!

സേവനവഴികളില്‍ പദമിടറാതെ
കുരിശിന്റെ വേദനയേറ്റുവാങ്ങി
നോവും മനസ്സിന്റെ ഈറന്‍ തുടിപ്പുകള്‍-
ക്കാശ്വാസമേകിയണഞ്ഞവര്‍ നിങ്ങള്‍

നിര്‍മലസ്നേഹത്തിന്‍ ദീപമായ് നിറഞ്ഞവര്‍
നിങ്ങള്‍ക്കുമഭയമീ ഇരുള്‍വീണ കാടുകള്‍
നിങ്ങള്‍താന്‍ മാറില്‍ തളര്‍ന്നുറങ്ങുന്നൊരീ
പൈതങ്ങളുറങ്ങട്ടെ- ദുഃസ്വപ്നങ്ങളില്ലാതെ

ഇമവെട്ടാതെയിരിക്കാം ഞാനിനിയീ
ഇരുള്‍പടരുന്നരീ ഇലപ്പടര്‍പ്പിനുള്ളില്‍
ഇവിടെയീ കാടിന്റെ ഹൃദയപത്മത്തില്‍
ഇനിയുമൊരിത്തിരി ഇടമൊരുക്കിടാം

ഇനിയൊരുഷസ്സിന്റെ കതിര്‍വെട്ടമുണരുന്ന
നാട്ടിടവഴികളില്‍ ശാന്തിമന്ത്രങ്ങളായ്
ഇരുളിന്റെ സന്തതികള്‍ക്കന്യമായ് തീരുന്ന
പൊന്‍വെളിച്ചമായ്, സൂര്യപ്രഭയായ്

മതഭേദമില്ലാതൊരിന്ത്യ പിറക്കുകില്‍
അതുവരേക്കുമൊരഭയമാകട്ടെയീ കാടു-
മീ കാടിന്‍ മനസ്സുമായ് നില്‍ക്കുന്ന
ഭാരതനാരി താന്‍ നോവും ഹൃദന്തവും

Thursday, September 4, 2008

കള്ളനായ രാജാവും നിസ്സഹായരായ ജനതയും

രാജാവ് കള്ളനെങ്കില്‍ പ്രജകള്‍ ആരെ വിശ്വസിക്കും. ലോകജനസംഖ്യയില്‍ രണ്ടാംസ്ഥാനം അഭിമാനപൂര്‍വം (?) അലങ്കരിക്കുന്ന നമ്മുടെ രാജ്യത്തിന്റെ പ്രധാനമന്ത്രി ലോകത്തിനോടാകെത്തന്നെ കള്ളം പറഞ്ഞുവെന്ന് തെളിഞ്ഞുകഴിഞ്ഞാല്‍ ഇനി ഏതറ്റം വരെ ഈ തല താഴ്ത്തിപിടിക്കേണ്ടിവരും. യുപിഎ ഗവണ്‍മെന്റ് ലോക്സഭയില്‍ വിശ്വാസം തേടിയത് രാഷ്ട്രീയതല്‍പരരായ എല്ലാവരും ടെലിവിഷന്‍ ചാനലുകളിലൂടെ തത്സമയം കണ്ടതാണ്. അതിന്റെ പരിസമാപ്തി ഇതുവരെ നാം കണ്ടതില്‍വെച്ചേറ്റവും നാണംകെട്ട തരത്തിലായിരുന്നുവെന്നുള്ളതും നാമോര്‍ക്കുന്നു. നോട്ടുകെട്ടുകള്‍ ലോക്സഭയ്ക്കുള്ളില്‍ നിരത്തിവെച്ചപ്പോള്‍ അതുവരെ കെട്ടിഘോഷിച്ചിരുന്ന രാഷ്ട്രീയമൂല്യങ്ങള്‍ കാറ്റില്‍പറന്നുപോയതും നാം കണ്ടു. എന്നാല്‍, അതിനെല്ലാമപ്പുറം അന്ന് ലോക്സഭയില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തില്‍ 123 കരാറിനെക്കുറിച്ച് പറഞ്ഞത് നാം കാണുകയും കേള്‍ക്കുകയും ചെയ്തു. ആണവകരാറുമായി ബന്ധപ്പെട്ട് ഇന്ത്യയുടെ ഒരു താല്‍പര്യത്തെയും ഇതു ഹനിക്കുന്നില്ല എന്നും നിര്‍ബാധം ആണവോര്‍ജം നമുക്ക് ലഭ്യമാകുമെന്നും ഇന്ത്യയുടെ ആണവപരീക്ഷണങ്ങളെ ഇത് ഒരുതരത്തിലും ബാധിക്കില്ലെന്നുമാണല്ലോ പ്രധാനമന്ത്രി വീമ്പിളക്കിയത്. എന്നാല്‍, ഇപ്പോള്‍ അമേരിക്ക പുറത്തുവിട്ട രേഖയില്‍ യാതൊരു സംശയത്തിനും ഇട നല്‍കാത്ത വിധം അവര്‍ വ്യക്തമാക്കുന്നത് ഇന്ത്യയ്ക്ക് നിര്‍ബാധം ആണവോര്‍ജം ലഭിക്കുമെന്നതിന് ഒരുറപ്പുമില്ല എന്നും ഇനി ഒരിക്കലും ഇന്ത്യ ആണവപരീക്ഷണം നടത്തില്ല എന്ന ഉറപ്പിലുമാണ് ഈ കരാര്‍ എന്നാണ്. ഒരു രാഷ്ട്രത്തെയാകെ വഞ്ചിക്കുന്ന രീതിയില്‍ ലോക്സഭയില്‍പോലും പ്രസ്താവന നടത്താന്‍ ഉളുപ്പില്ലാത്ത ഒരു പ്രധാനമന്ത്രിയും അദ്ദേഹത്തെ നയിക്കുന്ന പാര്‍ടിയും ഈ രാജ്യത്തെ എങ്ങോട്ടാണ് നയിക്കുന്നത്? ഇന്ത്യ-അമേരിക്ക ആണവകരാറില്‍ അമേരിക്ക കാട്ടുന്ന സുതാര്യതപോലും കാണിക്കാന്‍ ഇന്ത്യാ ഗവണ്‍മെന്റ് മടിച്ചെന്തിന്? സിപിഐ എം പറഞ്ഞതു നൂറുശതമാനം ശരിയായിരുന്നുവെന്നാണ് ഇതു കാട്ടുന്നത്. ഗവണ്‍മെന്റിനെ പിന്തുണയ്ക്കുന്നതില്‍നിന്നും പിന്മാറിയപ്പോള്‍, വര്‍ഗീയതയ്ക്ക് കൂട്ടുനില്‍ക്കുകയാണെന്നുപറഞ്ഞ് സിപിഐ എമ്മിനെ ആക്ഷേപിച്ചവര്‍, ദൂരവ്യാപകമായി ദുരന്തഫലം ഉണ്ടാക്കുന്ന ഈ കരാറിന്റെ ഇപ്പോള്‍ പുറത്തുവന്ന വിവരങ്ങളെക്കുറിച്ച് ഏതു രീതിയില്‍ പ്രതികരിക്കുമെന്ന് അറിയാന്‍ കൌതുകമുണ്ട്. കള്ളനായ ഒരു പ്രധാനമന്ത്രിയുടെ കീഴില്‍ ജീവിക്കേണ്ടിവന്ന നമുക്ക് ഇതിനെ അതിജീവിക്കേണ്ടതുണ്ട്. സാമ്രാജ്യത്വത്തിനെ തൂത്തെറിയാന്‍ സഹനത്തിന്റെ സമരമാതൃക സൃഷ്ടിച്ച നാം നമ്മുടെ രാജ്യത്തെ ഒറ്റുകൊടുത്ത് പുത്തന്‍ കോളനിവല്‍ക്കരണത്തിന് അടിമപ്പെടുന്നതിനെ പ്രതിരോധിച്ചേ കഴിയൂ. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് എന്ന ജനവഞ്ചകരെ ഈ മണ്ണില്‍നിന്നും എന്നെന്നേയ്ക്കുമായി തൂത്തെറിയാനും അതുവഴി മഹാത്മാഗാന്ധിയുടെ അഭിലാഷം (കോണ്‍ഗ്രസിനെ പിരിച്ചുവിടണം എന്ന് അവസാന നാളുകളില്‍ മഹാത്മാഗാന്ധി പറഞ്ഞിരുന്നല്ലോ) സാധ്യമാക്കാനും കഴിയണം. അതിനായി ഓരോ ഇന്ത്യക്കാരനും സ്വയം പാകപ്പെടണം.

Friday, August 29, 2008

ഇതെന്റെ രാജ്യം

ഇതെന്റെ രാജ്യം. സഹനത്തിന്റെയും ത്യാഗത്തിന്റെയും വഴികളില്‍ പോരാട്ടത്തിന്റെ മനസ്സ് ഇഴചേര്‍ത്ത സമരേതിഹാസങ്ങളുടെ രാജ്യം. പിന്‍മുറക്കാര്‍ ചരിത്രപാഠങ്ങളില്‍നിന്നും മനഃപൂര്‍വം ഒഴിവാക്കിയ രക്തസാക്ഷിത്വങ്ങളുടെ രാജ്യം. സ്വാതന്ത്യ്രത്തിന്റെ പുലരിവെളിച്ചത്തിലും പരസ്പരം വെട്ടിമരിച്ച മതവൈരത്തിന്റെ രാജ്യം. "ഭാരതമെന്നു പേര്‍ കേട്ടാല്‍ അഭിമാനപൂരിതമാകണം അന്തഃരംഗം'' എന്നു പാടിയ കവി ഏതു സ്വപ്നലോകത്തിലായിരുന്നുവോ? അഭിമാനിക്കാന്‍ ഇനിയൊന്നുമില്ലാത്ത ഒരു സ്വതന്ത്രജീവിയായി ഞാനും എന്റെ നാട്ടുകാരും മാറിയിരിക്കുന്നു. വേഷവും നാമവുമെല്ലാം ജാതിയുടെയും മതത്തിന്റെയും തിരിച്ചറിയല്‍രേഖകളാകുമ്പോള്‍, നടുങ്ങുന്ന മനസ്സുമായി മാത്രമേ ഈ തെരുവുകളിലൂടെ കടന്നുപോകാന്‍ കഴിയൂ. കാടിന്റെ പിന്നാമ്പുറങ്ങളില്‍ നിന്ന് നാടിന്റെ ഉമ്മറത്തിണ്ണയിലേക്ക് ഇറങ്ങിയ മനുഷ്യന്‍ അഭയത്തിനായി ഇന്നും കാടിന്റെ ഇരുള്‍ക്കയങ്ങളിലേക്ക് ഓടിയൊളിക്കുമ്പോള്‍ ഏതു ദൈവത്തിന്റെ പ്രീതിയാണ് നമുക്ക് ലഭിക്കുന്നത്? വിഹ്വലമായ കണ്ണുകളോടെ അഭയത്തിനായി കേഴുന്ന കുരുന്നുകളുടെ ചിത്രങ്ങള്‍ അച്ചടിച്ച പത്രത്താളുകള്‍ ഇനിയെത്ര രാവുകളെ നിദ്രയില്‍നിന്നകറ്റിനിര്‍ത്തും. ടിവി സീരിയലുകളില്‍ ഇന്നും ദൈവനാമങ്ങള്‍ ഉരുവിട്ടുകൊണ്ട് എത്തുന്ന സന്യാസിരൂപികള്‍ രാക്ഷസാവതാരങ്ങളായി പകല്‍വെളിച്ചത്തില്‍ നമ്മെ ഭയപ്പെടുത്തുന്നു. കെട്ടിവച്ച ജഡയും നീട്ടിവളര്‍ത്തിയ താടിയും കാവിവസ്ത്രവും രക്തനിറമാര്‍ന്ന കണ്ണുകളും രാക്ഷസീയതയുടെ പ്രതിഛായയായി മാറിയിരിക്കുന്നു. ഭാരതത്തിന്റെ പൈതൃകം ഹൈന്ദവമാണെന്ന് വാദിക്കുന്നവര്‍ ഏതു ഹൈന്ദവദൈവത്തിന്റെ നയങ്ങളാണ് പിന്തുടരുന്നത് എന്നു വ്യക്തമാക്കേണ്ടതുണ്ട്. മനുഷ്യന്‍ മനുഷ്യനെ സ്നേഹിക്കാന്‍ മറക്കുന്ന ഈ ഭക്തിപ്രസ്ഥാനങ്ങള്‍ ഇനിയും നമുക്ക് ആവശ്യമുണ്ടോ? ഭക്തിയുടെ പേരിലുള്ള ഈ കൊലവിളികള്‍ ഇനി നമുക്ക് പൊറുക്കേണ്ടതുണ്ടോ? ലജ്ജിക്കാം! നമ്മുടേതെന്ന് നാം അഹങ്കരിച്ച എല്ലാ പൈതൃകങ്ങളെയും ഓര്‍ത്ത് നമുക്ക് ലജ്ജിക്കാം. സൂര്യനും ചന്ദ്രനും പാമ്പും എലിയും ആനയുമെല്ലാം ദൈവങ്ങളാണെന്ന് നമ്മെ പഠിപ്പിക്കുകയും അവയെ ഇന്നും ആരാധിക്കുകയും ചെയ്യുന്ന ഈ പൈതൃകത്തെയോര്‍ത്ത് ഇനിയും ലജ്ജിച്ചില്ലെങ്കില്‍ മനുഷ്യന്‍ എന്ന പദത്തിനുപോലും മാനക്കേടാണ്. ഓര്‍ക്കണം. ഒറീസയില്‍ എരിഞ്ഞുതീര്‍ന്നതും ഇന്ത്യക്കാരാണ്... മനുഷ്യരാണ്.

Wednesday, August 27, 2008

ഓണം

ഓണം വീണ്ടുമെത്തി. വര്‍ണവിസ്മയക്കാഴ്ചകളുമായി നഗരവീഥികള്‍ അണിഞ്ഞൊരുങ്ങിത്തുടങ്ങി. കച്ചവടമാമാങ്കങ്ങളാണ് എവിടെയും.. റിഡക്ഷന്‍ സെയിലുകളുടെ പരസ്യപ്രളയം. വര്‍ഷം മുഴുവന്‍ അധ്വാനിച്ചു ലഭിക്കുന്ന ലാഭവിഹിതം ചെലവഴിക്കാനുള്ള വഴികളില്‍ അന്ധാളിച്ചുനില്‍ക്കുന്ന സാധാരണക്കാരന്‍. ഇവിടെ ഓണം നിരത്തുകളില്‍ ഒഴിഞ്ഞുതീരുന്ന ഭണ്ഡാരമാണ്.എന്നാല്‍, ഓര്‍മയില്‍ ഇപ്പോഴും എന്റെ ഗ്രാമത്തിന്റെ ഓണവിശുദ്ധി തെളിമയോടെ നില്‍ക്കുന്നു. ആണ്ടുപിറവിയില്‍ പടിവാതില്‍ക്കല്‍ കെട്ടിത്തൂക്കുന്ന പുന്നെല്ല് വര്‍ഷം മുഴുവന്‍ ഐശ്വര്യം തരുമെന്ന് അമ്മ പറഞ്ഞാണ് അറിഞ്ഞത്. വയല്‍വരമ്പിലൂടെ പട്ടം പറപ്പിക്കാന്‍ കൂട്ടുകാരുമൊത്ത് ഓടുമ്പോള്‍ പുത്തനുടുപ്പിന്റെ ഗന്ധം വിയര്‍പ്പിനൊപ്പം അലിഞ്ഞുപോയ നാളുകള്‍. കൊയ്ത്തൊഴിഞ്ഞ വയലുകളില്‍ മേഘക്കൂട്ടങ്ങള്‍ക്കൊപ്പം പറന്നിറങ്ങുന്ന പക്ഷിക്കൂട്ടങ്ങള്‍. തലപ്പന്തുകളിയും കിളിത്തട്ടും പിന്നെ ആകാശത്തോളം ഉയരുമെന്ന് വെറുതെ മോഹിപ്പിക്കുന്ന ഊഞ്ഞാലുമെല്ലാം ഓര്‍മയില്‍ ഇപ്പോഴും നിറയുകയാണ്.ഇവിടെ ഈ നഗരത്തിരക്കില്‍ എന്റെ ഗ്രാമവിശുദ്ധിയും ഓണസമൃദ്ധിയുമെല്ലാം വെറും ഓര്‍മകള്‍ മാത്രമാകുകയാണ്. ഇവിടെ മാത്രമല്ല, ഇന്ന് എന്റെ ഗ്രാമവും ഏറെ മാറിയിരിക്കുന്നു. വയല്‍വരമ്പുകള്‍ കോളനിറോഡുകളായി രൂപാന്തരപ്പെട്ടിരിക്കുന്നു. ഐശ്വര്യം പേറിയിരുന്ന കതിര്‍മണികള്‍ ഇനി ഒരിക്കലും എന്റെ വീടിന്റെ ഉമ്മറത്തെ അലങ്കരിക്കുകയില്ല. അച്ഛനും അമ്മയും ഞങ്ങളെ കാത്തിരിക്കുകയാണ്. പോകണം. ഈ തിരക്കില്‍ നഷ്ടപ്പെട്ടുപോയ എന്റെ മനസ്സ് കുറച്ചുനേരത്തേങ്കിലും തിരികെ ലഭിക്കാന്‍ പോയേ തീരൂ. അവിടെ പഴയ രണ്ടു മനസ്സുകള്‍ ഓണവിഭവങ്ങളൊരുക്കി കാത്തിരിക്കും.