Wednesday, July 17, 2013

ഓര്‍മ്മത്താള്‍













ഓര്‍ക്കുവാനില്ലെനിക്കേറെയൊന്നും
ഓര്‍ക്കാതിരിക്കലാണേറെയിഷ്ടം
ഓര്‍ത്തുപറയേണ്ടതല്ലിതെന്നാകിലും
ഓര്‍മക്കുറിപ്പിലെയാദ്യത്തെ താളിത്‌

വിസ്‌മ്രുതമാകുമെന്‍ നാട്ടിടസ്ഥലികളില്‍
വിശ്രാന്തിതേടിയിനിയെത്തില്ല ഞാന്‍;
വെയില്‍പ്പൂക്കള്‍ചിതറുന്ന കാവിന്‍ മണല്‍-
പ്പായമേലിരിക്കില്ലിനിയൊട്ടുനാളും

അലസമൊരു കാറ്റിന്‍ തലോടലിലിളകുമാ-
മരിമണിത്തലപ്പൊന്നിറുത്തെടുത്ത്‌
വെറുമൊരു ചിന്തതന്‍ കൊച്ചുനുറുങ്ങിനോടൊപ്പം
കൊറിക്കില്ലിനിയൊരുനാള്‍

വയല്‍വരമ്പില്‍ത്തെന്നി, ത്തെന്നീനടക്കവേ,
വളയിട്ടകൈയ്യൊന്നില്‍ തെരുകിപ്പിടിക്കവേ,
ചേറും ചെളിയുമൊരുന്മത്ത കൌതുകം!!!
ചേര്‍ത്തുവെയ്ക്കില്ല, ഞാനിനിയതുപോല്‍

ഇരുളിന്റെ പായല്‍വകഞ്ഞു മാറ്റി
ഈറന്‍മുടിച്ചുരുള്‍ മറവിലായി
ഇളകുമോരോളപ്പരപ്പില്‍മെല്ലെ
ഇതളിട്ടുണര്‍ന്നൊരെന്‍ മോഹപുഷ്പം

നിമിഷദലങ്ങളിലൊത്തുചേര്‍ന്നു
നിരവദ്യസുന്ദരകാമനകള്‍
കതിരൊളി തൂകുന്നൊരമ്പിളിയോ
കതിരിട്ട പാടത്തൊളിച്ചുനിന്നു

കാവിലെ പൂഴിമണല്‍പ്പരപ്പില്‍
നാഗക്കളമൊന്നെഴുതി നമ്മള്‍
നാണിച്ചുനിന്നൊരു പാലമരത്തില്‍-
നിന്നാദ്യത്തെ പൂവ്‌ കൊഴിഞ്ഞുവീണു

പൂവുകള്‍ പിന്നെ,ത്രയോ കൊഴിഞ്ഞു;
പാലമരം തണല്‍ശയ്യ നീര്‍ത്തി
പാതിരാപുള്ളിന്റെ പാട്ടുകേട്ട്‌,
പാരം മറന്നു മയങ്ങി നമ്മള്‍

ഓര്‍മയിലുണ്ടെനിക്കിപ്പോഴുമാരാവി-
ന്നോര്‍മയിലാകെ നടുങ്ങുന്നു ഞാന്‍
മാറില്‍ മുഖംചേര്‍ത്തുറങ്ങി, നീയുണരാതെ,
മമജീവനാളം പൊലിഞ്ഞുപോയി

കാവൊഴിഞ്ഞു; പായല്‍ക്കുളമൊഴിഞ്ഞു
കതിരണിപ്പാടവും പോയ്മറഞ്ഞു
നാഗക്കലിതീണ്ടി നീ മറഞ്ഞു
നാടുവിട്ടെങ്ങോ ഞാനലഞ്ഞു

പാതകള്‍; ജീവിതപ്പാതകള്‍; നീളുമീ-
യാത്രയൊടുങ്ങുന്ന നാള്‍വരേയ്ക്കും
ചേര്‍ത്തുവെയ്ക്കുന്നു ഞാനെന്റെയീ-
ചേതനയോടൊത്തു നിന്റെ നിശ്വാസങ്ങളും

ഓര്‍ക്കുവാനേറെയില്ലെങ്കിലും എന്നുടെ
ഓര്‍മക്കുറിപ്പിലെയാദ്യത്തെ താളിത്‌
ഓര്‍ത്തുപറയേണ്ടതല്ലിതെന്നാകിലും
ഓര്‍മക്കുറിപ്പിലെയാദ്യത്തെ താളിത്‌