Tuesday, October 30, 2012

കണ്ണാടി

ഉടഞ്ഞ ചില്ലില്‍ ചിതറിക്കിടക്കുന്നൊരെന്‍ മുഖം
പരതിയെന്‍ കൈപ്പടം ചോരയാല്‍ ചുവക്കവെ
ചേര്‍ത്തുവെയ്ക്കുവാനാകില്ലെനിക്കെ-
ന്നോര്‍ത്തുവിറകൊള്ളുന്നുണ്ടിതെന്‍ മനം

ഊരിത്തെറിച്ചൊരാണി തറഞ്ഞെന്റെ
നെഞ്ചിലൂറിപ്പടരുന്ന ചെന്നിണം
ഒപ്പിയെടുക്കുവാനില്ലെന്റെ കൈയ്യിലൊരു
കൊച്ചുതൂവാലതുണ്ടുപോലും

ചേതന വിങ്ങിക്കരഞ്ഞെന്റെ മിഴികളില്‍
തുള്ളിവിറച്ചൊലിച്ചതും ചെന്നിണം
കയ്പ്പൂറിയിറങ്ങിയടഞ്ഞുപോയ് തൊണ്ട-
ച്ചുഴിയിലമര്‍ന്നുയര്‍ന്നൊരു നിലവിളി

കാഴ്ചകള്‍ ഹാ.. വര്‍ണക്കാഴ്ചകളെത്ര
കണ്ടുമതിമറന്നൊരെന്‍ കണ്ണുകള്‍
നോക്കി ഞാനെത്രയോ നിന്നു; എന്റെ
നോക്കിലൊരൊത്തിരി ഗര്‍വമോടെ

സ്നേഹിച്ചു ഞാനെന്നെ, കണ്ടു കൊതിച്ചുപോയ്
മതിവരാതെത്രയോ പിന്നെയും പിന്നെയും
കാണുവാനാവില്ലെനിക്കിനിയെന്‍മുഖം
കണ്ണാടിയില്ലത് പൊട്ടിത്തകര്‍ന്നുപോയ്

Friday, October 26, 2012

എന്റെ രക്ഷ... എന്റെ കരുത്ത്

ഒറ്റപ്പെടലിന്റെ ഈ തുരുത്തില്‍
വിഹ്വലമായൊരുള്‍ത്താപമേറി
ഞാന്‍ കൊതിക്കുന്നു....
എന്റെ വലംകൈയില്‍
തെരുകിപ്പിടിക്കാനൊരു കൈ...

വയല്‍വരമ്പിലൂടന്നു ഞാന്‍
പുസ്തകപ്പെട്ടിയുമേന്തിക്കുതിക്കവെ
ഒരുകാല്‍ച്ചുവടിന്നുപിന്നിലെന്നും
ഒരു നിശ്വാസമായ് എന്റെയൊപ്പം
എന്റെ രക്ഷ
എന്റെ കരുത്ത്

യൌവ്വനം പോര്‍മുഖമാക്കിമാറ്റിയ
കലാലയമുറ്റത്തൊരഗ്നിയായ്
എന്റെ സഖാക്കള്‍ക്കൊപ്പം
കുതിച്ചുചാടിയ നാളുകള്‍
അകലെയെങ്കിലും
കരുതലോടെ,
രണ്ടുകണ്ണുകള്‍
എത്തിപ്പിടിക്കാനെന്നപോല്‍
രണ്ടു കൈയ്യുകള്‍
എന്റെ രക്ഷ
എന്റെ കരുത്ത്

കുടുംബമൊരു ചുമടായ്
തലയിലേറ്റി
അകംനിറയെ കണ്ണീരും
പുറത്തൊരിത്തിരി പുഞ്ചിരിയുമായ്
ജനിച്ചവീടിന്‍ പടിയിറങ്ങുംനേരം
തിരിഞ്ഞുനോക്കിയൊരു മാത്ര
പരിഭവമൊന്നും പറഞ്ഞില്ലയെങ്കിലും
കണ്ടു ഞാന്‍ രണ്ടു നിറകണ്ണുകള്‍
വീട്ടുസാധനങ്ങളേറ്റിയ വണ്ടിയില്‍
പിടിച്ചുകയറാനൊരു കൈത്താങ്ങായ്
എന്റെ രക്ഷ
എന്റെ കരുത്ത്

ജീവിതത്തിന്റെ ഈ മധ്യാഹ്നത്തില്‍
ഒറ്റപ്പെട്ടുപോയ ഒരു കുട്ടിയെപ്പോലെ
ഞാന്‍...
വേനലുരുകുന്ന ഈ ചൂടില്‍
ഇടയ്ക്കിടെ
തിരിഞ്ഞുനോക്കുന്നു ഞാന്‍
ഒരു നിശ്വാസത്തിന്റെ കുളിര്‍മ തേടി
ഇരുള്‍ തിങ്ങിനിറയുന്നൊരീ
ഒറ്റയടിപ്പാതയില്‍
പകച്ചുനില്‍ക്കുന്നു ഞാന്‍...
പരതുന്നു ചുറ്റിനും
തെരുകിപ്പിടിക്കാനൊരു കൈ...
പാതി വഴിയില്‍, ഒരു വാക്കുപറയാതെ
പിടിവിട്ടുപോയൊരെന്‍ രക്ഷ....
എന്റെ കരുത്ത്....
എന്റെ ജ്യേഷ്ഠന്‍....

Saturday, October 13, 2012

ചുഴി

ചിലരങ്ങനെയാണ്. നേരിട്ട് യുദ്ധം ചെയ്യില്ല. മാതൃകകള്‍ അനവധിയുണ്ട് അവര്‍ക്ക്. മര്യാദപുരുഷോത്തമനായ രാമനുള്‍പ്പെടെ. ഒളിയമ്പുകളാണ് പഥ്യം. തൊടുക്കുമ്പോള്‍ ഒന്നാണെങ്കില്‍ കൊള്ളുമ്പോള്‍ ഒരായിരമായി മാറുന്ന പാര്‍ഥശരങ്ങള്‍പോലെ. മുന്നില്‍ നില്‍ക്കാന്‍ ശിഖണ്ഡികള്‍ അനവധിയുള്ളപ്പോള്‍ യുദ്ധമര്യാദകള്‍ ഒന്നും അവര്‍ക്ക് വിഷയമല്ല. നെടുംതൂണിടിഞ്ഞാലും പോര, അടിത്തറതന്നെ മാന്തിപ്പൊളിക്കണം. എങ്കിലേ തൃപ്്തിയാകൂ.

ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ട സങ്കല്‍പം കുടുംബമാണ്. ഭര്‍ത്താവും ഭാര്യയും മക്കളുമടങ്ങുന്ന സന്തുഷ്ട കുടുംബം. സുഖവും ദുഃഖവുമെല്ലാം പങ്കിടാന്‍, പരസ്പരം താങ്ങായി മാറാന്‍ കുടുംബമല്ലാതെ മറ്റൊന്നുമില്ല. എന്നാല്‍, ഈ ഒളിയമ്പുകള്‍ ചെന്നുപതിക്കുന്നത് കുടുംബത്തിന്റെ സ്വസ്ഥതയിലും സമാധാനത്തിലുമാകുമ്പോള്‍, ദ്രോഹം, അതെല്ലാ സീമകളെയും ലംഘിക്കുകയാണ്.

പാപികള്‍ ആര്‍ത്തട്ടഹസിക്കുകയാണ്. വിജയാഹ്ളാദം മുഴക്കുകയാണ്. ചെകുത്താന്റെ സാമ്രാജ്യത്തിന്റെ നേരവകാശികള്‍ സദാചാരസൂക്ഷിപ്പുകാരായി മാറുന്നു. കാലുകൊണ്ട് വെറുതെ തട്ടിത്തെറിപ്പിക്കുന്ന ചെളിയും ശുഭ്രവസ്ത്രത്തെ കളങ്കിതമാക്കുന്നു.

പുതഞ്ഞുപുതഞ്ഞുപോകുന്ന ഒരു മണ്‍ചുഴിയിലാണ് നാമിപ്പോള്‍. വിശ്വാസത്തിന്റെയും ആദര്‍ശത്തിന്റെയും ഉള്‍ക്കരുത്തോടെ ഈ മണ്‍തിട്ടയില്‍ ഇതുവരെ നാം ഒരുമിച്ചുനിന്നു. ഇപ്പോള്‍, തിരിഞ്ഞുനോക്കുമ്പോള്‍, ഈ ചുഴിയിലേക്ക് വീണുപോകാന്‍ മാത്രം വിധിക്കപ്പെട്ടതാണോ നമ്മുടെ ജന്മം എന്നു തോന്നിപ്പോകുന്നു. കരകയറണമെങ്കില്‍ ഇത്രനാളും വിശ്വസിച്ചതിനെയെല്ലാം തള്ളിപ്പറയേണ്ടിവരും.

ഏതു മുറിവിലൂടെയും ഒഴുകിയിറങ്ങുന്ന രക്തത്തിന്റെ നിറം ചുവപ്പുതന്നെയാണ്. നാം സ്വപ്നം കണ്ട ചുവപ്പ്. ചെകുത്താന്‍ പിടിമുറുക്കുന്നതിനുമുമ്പു ഈ ചുവപ്പിനെയും നിരാകരിക്കാന്‍ മനസ്സിനെ ഒരുക്കണമല്ലോ എന്നോര്‍ക്കുമ്പോള്‍ വെറുതെയൊന്നു കരയാന്‍ തോന്നുന്നു.

Thursday, October 11, 2012

തിരിഞ്ഞുനോട്ടം

മറക്കാതിരിക്കാം നമുക്ക് പഴയതൊന്നും
പൊടിതട്ടിയെടുക്കാന്‍ സമയമേതുമില്ല
സഹനമാണതേ നമുക്ക് വിധിയെന്നോതിയ
സാധുവിനെ മാത്രം മറക്കാം

ചില്ലകളുണങ്ങുന്നതും നോക്കിയിരിക്കാം
നമുക്കീ കല്ലടുപ്പിന്‍ ചോട്ടില്‍
ഇറ്റുവറ്റിനായില്ലൊരിത്തിരി നെന്മണിപോലും
അതു വര്‍ജ്യമെന്നത്രേ പ്രമാണം

റാന്തല്‍വിളക്കൊന്നുവേണം; പഴയത്
ഇരുളിന്റെ ഈ വീഥി താണ്ടിയെത്താന്‍
ഭക്ഷിപ്പതിന്നായ് വളര്‍ത്തിയ മൂരികളെ
കൊല്ലണ്ട; നമുക്ക് വേണമൊരു യാത്രപോകാന്‍

ചക്രങ്ങളുരുളുന്നു മുന്നോട്ടെന്നാകിലും
ജീവിതം നീളുന്നു പുറകിലോട്ട്
നേടിയതൊക്കെയും നേട്ടമല്ലെന്നറികെ
നേര് തേടിയലയുന്നു മര്‍ത്യജന്മം