Friday, April 25, 2014

സങ്കീര്‍ത്തനം

കുന്നിന്‍ നെറുകയില്‍ നിന്നും
കുത്തിയൊലിച്ചിറങ്ങിയ
നദിയില്‍
കനവുകളുടെ ജഡങ്ങള്‍
അഴുകുന്നു...
ശൈത്യപുളകങ്ങളില്‍
മേലാട വാരിച്ചുറ്റി,യവ
തണുപ്പറിയാതെ,
ഇരുളിന്‍ മരവിപ്പിലൂടെ
ഒഴുകിയകലുന്നു...
തണുത്തുറഞ്ഞ പ്രാണനില്‍
സ്വാദറിയാതെ
 കൊത്തിമരിക്കുന്നു
പ്രണയമത്സ്യങ്ങള്‍...
ഒഴുകിയകലുമോരോ
ജീവബിന്ദുവിലും
നിന്റെ നാമം
പ്രാര്‍ഥനപോലെ മുഴങ്ങുന്നു...

Thursday, April 24, 2014

നീയറിയാത്തത്...

നീയറിയാത്ത വഴികളില്‍
നിന്റെ തൊട്ടടുത്ത്
ഒരു കൈപ്പാടകലെ
ഞാനുണ്ടാകും.
നീയതറിയില്ല....

പ്രണയത്തിന്റെ ഇതളുകള്‍
കൊഴിയുന്നതിനെപ്പറ്റി
നീ ലോകത്തോട്
ഉറക്കെയുറക്കെ
വിളിച്ചുപറയുമ്പോഴും,
ആള്‍ക്കൂട്ടത്തിനിടയില്‍
നിന്നെ മാത്രം നോക്കി
നിന്നെ മാത്രം കണ്ട്
ഞാനുണ്ടാകും.
നീയതുമറിയില്ല...

ദീര്‍ഘമായ യാത്രാവഴികളില്‍
നിന്റെ നിഴലിനൊപ്പം
അനുയാത്രചെയ്ത്
നിനക്കു പിന്നില്‍
മറ്റൊരു നിഴലായ്
നിന്റെ ദൃഷ്ടിപഥത്തില്‍നിന്നകന്ന്
നിന്റെ പ്രണയനിശ്വാസത്തിന്റെ
ചൂടിലുരുകി
ഞാനുണ്ടാകും...
നീയൊരിക്കലും അതറിയില്ലല്ലോ...


Tuesday, April 22, 2014

ജ്ഞാനോദയം

അശാന്തിയുടെ
പര്‍വതങ്ങളില്‍നിന്ന്
ഗൗതമന്‍
നടന്നകന്നു.
പിന്നില്‍
ബലിക്കാക്കകള്‍
പോയ ജന്മത്തിന്റെ
തിലോദകത്തിനായി
ചിലമ്പിച്ചാര്‍ത്തു.
വെയില്‍നാഗങ്ങള്‍
ഇണചേര്‍ന്ന
ഇലച്ചാര്‍ത്തുകള്‍ കടന്ന്,
ഇരുള്‍ക്കാടുകള്‍
മൗനം പൂണ്ട
താഴ്‌വാരങ്ങളില്‍നിന്നകന്ന്,
മഴക്കുളിരുകള്‍
തൊട്ടുണര്‍ത്തിയ
ആസക്തികളില്‍നിന്നകന്ന്,
അലഞൊറിഞ്ഞിട്ട
പ്രണയത്തിന്റെ
മധുരസാഗരത്തില്‍നിന്നകന്ന്,
എല്ലാറ്റില്‍നിന്നുമകന്ന്
ബോധിമരത്തണലിന്റെ
സാന്ത്വനത്തിലേക്ക്...
സ്വബോധത്തിന്റെ
വാര്‍ധക്യത്തിലേക്ക്...
ചുവടുറയ്ക്കാതുലയുന്ന
അന്തിത്തിരിവെളിച്ചത്തിലേക്ക്...
ഗൗതമന്‍
നടന്നടുക്കുന്നു.
വിരഹമെരിയുന്ന
ചിതയില്‍നിന്നും
ഒരു കിളി പറന്നകലുന്നു...
ഗൗതമന്‍
കണ്ണുകള്‍ മുറുക്കിയടയ്ക്കുന്നു...

Monday, April 21, 2014

മരണം കടന്നുവരുന്നേരം

ഇരുള്‍പ്പുതപ്പ് വാരിച്ചുറ്റി
വരാന്ത
തണുത്തുറഞ്ഞു കിടക്കുന്നു.
മിന്നാമിനുങ്ങിവെട്ടം പോലും
ഉപേക്ഷിക്കപ്പെട്ട
രാത്രിയിലേക്ക്
കണ്ണുംനട്ട്,
ചാരുകസേരയില്‍ അമര്‍ന്ന്,
കവിത
ദീര്‍ഘനിശ്വാസം വിടുന്നു.
വൃദ്ധമനസ്സിന്റെ
കുറുങ്ങല്‍പോലെ
കഫംകെട്ടിയ തൊണ്ടയനക്കി
മരണം
ഇരുട്ടിന്റെ പായച്ചുരുളില്‍നിന്നും
തലപൊക്കി നോക്കുന്നു.
നാഴികമണിയില്‍
സൂചികള്‍
ഭ്രാന്തവേഗത്താല്‍
കറങ്ങുന്നു; തിരി കെട്ടുപോയ
ഒരു വിളക്ക്
തേങ്ങിതേങ്ങി കരയുന്നു.
പിന്നെ-
പതുങ്ങിയ ശബ്ദത്തില്‍
'രാമ', 'രാമ'
എന്നു ചൊല്ലുന്നു.

Sunday, April 20, 2014

ഈസ്റ്റര്‍

മുറിവുകളില്‍നിന്നും
അവന്‍
ഉയിര്‍ത്തെഴുന്നേല്‍ക്കുന്നു...
കുന്നിന്‍മുകളില്‍നിന്നും
ചുവന്ന വീഞ്ഞ്
താഴേക്ക് ഒഴുകുന്നു...
പീഡിതപാദങ്ങള്‍
നനയിച്ച്
ശുദ്ധീകരിക്കുന്നു...
ഉയര്‍ത്തിയ കൈകളില്‍
അവന്‍
ആകാശത്തെ തൊടുന്നു...
ദേവാലയത്തിന്റെ
ഉടമകളെത്തേടി
അവന്റെ
സിംഹനാദം മുരളുന്നു...
ചാട്ടവാറില്‍നിന്നും
ദൈവനീതി ഉയരുന്നു...
പാപികളുടെ
കൈകളില്‍നിന്നും
കൂര്‍ത്ത കല്ലുകള്‍
അടര്‍ന്നുവീഴുന്നു...
ഓരോ പാപത്തിലും
അവന്‍
പുനര്‍ജനിക്കുന്നു...
ഗര്‍ഭപാത്രങ്ങളില്ലാതെ,
വൈക്കോല്‍കിടക്കയില്ലാതെ,
നക്ഷത്രങ്ങള്‍ സാക്ഷിയാകാതെ,
കാണിക്കകളില്ലാതെ
ഭരണകൂടങ്ങളില്‍
ഭീതി നിറച്ച്
മനസ്സുകളില്‍നിന്നും
മനസ്സുകളിലേക്ക്
അവന്‍ ജനിക്കുന്നു...
പിന്നെ-
രക്തസാക്ഷിയാകുന്നു....

Saturday, April 19, 2014

രേഖാചിത്രം

തെരുവ് ഇരുള്‍ മൂടിക്കഴിഞ്ഞു.
വഴിവിളക്കുകള്‍ ഒന്നൊഴിയാതെ കണ്ണടച്ചു.
അടച്ചിട്ട വാതിലിനു മുന്നില്‍
എന്തുചെയ്യണമെന്നറിയാതെ
ഞാന്‍ നില്‍ക്കുന്നു.
എന്നില്‍നിന്നും കവര്‍ന്നെടുത്ത
മുത്തുകളും പവിഴങ്ങളുമെല്ലാം
ഈ വാതിലിനപ്പുറം
എന്നില്‍നിന്നകന്ന്
അപരിചിതമായിരിക്കുന്നു.
നെഞ്ചിനുള്ളില്‍
ഒരു തേങ്ങല്‍ അമര്‍ന്നുലയുന്നു.
ഈ ശൂന്യത എന്നെ ഭയപ്പെടുത്തുന്നു.
ഇവിടെ ഞാനൊറ്റയ്ക്കാണ്.
ഇറ്റു സാന്ത്വനത്തിനായി
തല ചായ്ക്കാന്‍
ഒരു ചുമലും എനിക്കായി കാത്തിരിക്കുന്നില്ല.
ചിന്തകള്‍ തിരകളായി തേങ്ങിക്കരയുന്നു.
പിന്നെ തലതല്ലിച്ചിതറുന്നു.
കുന്നിറങ്ങിവന്ന
ഒരു പ്രവാഹത്തിലായിരുന്നു
എന്റെ പ്രണയം കുത്തിയൊഴുകിയത്.
ഏതൊക്കെയോ ചുഴികളില്‍ ചുറ്റിത്തിരിഞ്ഞ്,
പാറക്കൂട്ടങ്ങളില്‍ കയറിയിറങ്ങി,
മണല്‍ക്കൂനകളെ നനയിച്ച്,
ചെടിത്തലപ്പുകളില്‍ ഇക്കിളിയിട്ട്,
ഒടുവില്‍....
വറ്റിവരണ്ട്,
കരള്‍ നീറി,
ഉടല്‍ മെലിഞ്ഞ്...
ഈ തെരുവില്‍
ആരോ കോറിയിട്ട
വരകള്‍പോലെ
ഞാന്‍...

Thursday, April 17, 2014

തിരികെ വിളിക്കാത്ത പ്രണയം

കാരണങ്ങളൊന്നുമില്ലാതെ
നാം എതിര്‍ദിശകളിലേക്ക്
നടന്നകലന്നു...
മഴയില്‍ നനഞ്ഞ്,
നിന്നെ പേരു ചൊല്ലി വിളിക്കാതെ,
ഞാന്‍,
നിന്റെ തെരുവിലൂടെ നടക്കുന്നു...
നീയുണ്ടാകുമെന്നറിയാവുന്ന
ദിശക്കെതിരെ
ഞാന്‍ നടക്കുന്നു...
ഉടഞ്ഞ ജനാലച്ചില്ലുകളില്‍
നിന്റെ ചുണ്ടുരഞ്ഞ രക്തപ്പാടുകള്‍!!!
മഴയിലും മായാതെ
അത് അവിടെത്തന്നെയുണ്ട്...
നനഞ്ഞമര്‍ന്ന ചെളിയില്‍
നിന്റെ കാലടികള്‍!!!
ഓരോ വിരല്‍പ്പാടിലും
എന്റെ മുഖം നിന്നെ തിരയുന്നു...
നീ നടന്നകലുന്നതും
കറുത്തമേഘങ്ങള്‍ കടലിനെ
ചുംബിക്കുന്നതും
ഞാന്‍ കണ്ടു...
തിരിഞ്ഞുനോക്കാത്ത
സ്‌നേഹമാണ് നീ...
തിരികെ വിളിക്കാത്ത
പ്രണയമാണ് ഞാന്‍...
നിന്നെ നഷ്ടപ്പെടുന്നത്
എനിക്ക്
വേദനാജനകമാണ്..
കരള്‍ പറിച്ചെറിയുന്ന പോലെ
അതെന്നെ
കാര്‍ന്നു കാര്‍ന്നു തിന്നുന്നു...
എന്റെ സ്‌നേഹം
നിന്റെ കാലടികള്‍ നനച്ച്
തെരുവിലൂടെ ഒഴുകുന്നു...
ഒരു പ്രാര്‍ഥന
നിനക്കായ്
എന്റെ തൊണ്ടയില്‍ വിങ്ങുന്നു..
പൂര്‍ത്തിയാക്കാനാകാത്ത
കവിതയെനോക്കി
അക്ഷരങ്ങള്‍ കരയുന്നു...
മഴ
പെയ്തുകൊണ്ടേയിരിക്കുന്നു...

Wednesday, April 16, 2014

മഴ

ആകാശത്തിന്റെ
അതിരുകളില്‍
വീര്‍പ്പുമുട്ടി ചുമയ്ക്കുന്ന
പകലിന്
പൊടുന്നനവെ
കണ്ണീരുറവ പൊട്ടുന്നു...
കലങ്ങിമറിയുന്ന
ചിന്തകളിലൂടെ
മഴ
വഴികള്‍ തേടിയൊഴുകുന്നു...

Monday, April 14, 2014

വിഷുപ്പുലരി

സൗപര്‍ണികയുടെ
കുളിരില്‍...
മൂകാംബികയുടെ
നിറവില്‍...
കുടജാദ്രി കയറുന്നു
വിഷുപ്പുലരി!!!

Saturday, April 12, 2014

വെറുതെയൊരു കൊതി

മുമ്പേ പോയ കാലത്തെ
തിരികെ വിളിച്ചൊന്ന്
പിന്നോക്കം പോകാന്‍,
അടര്‍ന്നുപോയ സമയദലങ്ങളെ
പെറുക്കിക്കൂട്ടിയൊരു
സ്വപ്‌നക്കൂടൊരുക്കാന്‍
വെറുതെയൊരു കൊതി !!!

Friday, April 11, 2014

മുഖപുസ്തകം

മുഖപുസ്തകത്തിലൂടെ...
സൗഹൃദവലയങ്ങളിലൂടെ...
അഭ്യര്‍ഥനകളിലും
അംഗീകാരങ്ങളിലൂം
അങ്ങനെ... അങ്ങനെ...
വിരല്‍തുമ്പിലാണ്
നമ്മുടെ പ്രണയം മൊട്ടിട്ടത്...
മനസ്സിലേക്ക് പടര്‍ന്നു കയറിയ
ആ പ്രണയസൗഭാഗ്യത്തെ
തിരഞ്ഞ് തിരഞ്ഞ്
എന്റെ വിരലുകള്‍
മരവിക്കുന്നു....

Thursday, April 3, 2014

പ്രണയം

തിരയൊടുങ്ങാത്ത
കടല്‍ പോലെ...
പ്രണയം
കാല്‍വിരലുകളില്‍
തൊട്ടുതലോടുന്നു...
നനഞ്ഞ ചുണ്ടുചേര്‍ത്ത്
ചുംബിക്കുന്നു...
പരിഭവത്തിന്റെ നുരകള്‍
മുഖത്തേക്ക് തെറ്റിത്തെറിപ്പിക്കുന്നു...
തളര്‍ന്നമര്‍ന്ന് പിന്‍വാങ്ങുന്നു.
പിന്നെയും പിന്നെയും
അലയലയായ്
കടന്നുവരുന്നു...