Sunday, September 26, 2010

വഹ്നികുണ്ഡവും ചെന്നിത്തലയും

കോണ്‍ഗ്രസിനിത് ശാപകാലമാണ്. സീറ്റ് കിട്ടിയവനും കിട്ടാത്തവനുമെല്ലാംകൂടെ ചേര്‍ന്ന്

പാവം ചെന്നിത്തലയ്ക്കിട്ട് ശാപത്തോടുശാപംതന്നെ. മോഹിച്ചത് കിട്ടിയില്ലായെന്ന പരാതി

കിട്ടിയവന്. കിട്ടാത്തവനാകട്ടെ, ഡെമോക്ളസിന്റെ വാളുപോലെ സംഘടനാതെരഞ്ഞെടുപ്പെന്ന

വാറോല കാരണം പ്രതികരിക്കാന്‍ കഴിയാത്തതിലുള്ള വിഷമവും. എല്ലാം കൂടെ

മനസ്സിലടക്കിപ്പിടിക്കുന്നതെങ്ങിനെ. പിന്നൊരു പോംവഴി, പണ്ടത്തെ വല്ല്യമ്മമാരുടെ മട്ടില്‍

കണ്ണുമടച്ച് ഒരു പ്രാക്കാണ്. ഇതിങ്ങിനെപോയാല്‍ ചെന്നിത്തലയ്ക്ക് ഇഹലോകവാസം

കഴിഞ്ഞാല്‍ ലഭിക്കുക വഹ്നികുണ്ഡമെന്ന നരകമാകുമോ എന്നാണ് ജനങ്ങളുടെ സന്ദേഹം.

വഹ്നികുണ്ഡമെന്നാല്‍, താന്‍ സുന്ദരനാണ്, സമര്‍ഥനാണ്, ധനവാനാണ്, പ്രമാണിയാണ്,

എന്നിങ്ങനെയുള്ള അഹംഭാവത്തോടുകൂടി ബന്ധുജനങ്ങളെയും മറ്റും കഠിനകഠിനം

പീഡിപ്പിക്കുന്നവന്‍, തന്റെ ശരീരത്തില്‍ എത്ര രോമങ്ങളുണ്ടോ അത്രയും കാലം

വഹ്നികുണ്ഡത്തില്‍ പതിച്ച് അവിടെക്കിടന്നു ദഹിക്കേണ്ടിവരും. ഇതു 'ദേവീഭാഗവത'ത്തിന്റെ

അഷ്ടമസ്കണ്ഡത്തില്‍ വിഷ്ണു നാരദനു പറഞ്ഞുകൊടുക്കുന്നതാണ്. എല്ലാദിവസവും

രാവിലെ ചുരുങ്ങിയത് ഒരുമണിക്കൂറെങ്കിലുമെടുത്ത് സുന്ദരനില്‍ സുന്ദരനാകുകയും

മുരളിയേക്കാള്‍ തനിക്ക് പ്രിയം വളര്‍ത്തുമകനായ ചെന്നിത്തലയെന്ന് ആവര്‍ത്തിച്ച

കരുണാമയനെ പുറംകാല്‍കോണ്ട് തോണ്ടിയെടുത്തെറിയാന്‍ സാമര്‍ഥ്യം കാട്ടിയ സമര്‍ഥനും

പാരമ്പര്യസ്വത്തും ജനസേവനവും കൊണ്ടു ഇക്കാലയളവില്‍ നേടിയെടുത്തതെത്ര എന്നു

തനിക്കുപോലും തിട്ടമില്ലാത്തവിധം ധനികനും സര്‍വോപരി 'ഇത്തരമാണുങ്ങള്‍ ഭൂമീലുണ്ടോ'

എന്നു ദ്യോതിപ്പിക്കുംവിധം പ്രമാണിയുമായ സാക്ഷാല്‍ ചെന്നിത്തലയ്ക്ക് ഈ ശാപവചസ്സുകള്‍

ഏറ്റുവാങ്ങേണ്ട വല്ല കാര്യവുമുണ്ടോ? അഖിലഭാരത സെക്രട്ടറിയായി കൊച്ചമ്മയുടെ

പരിലാളനങ്ങളേറ്റു വസിച്ച ആ കാലം, ഇങ്ങിനി തിരിച്ചുവരാത്തവണ്ണം പൊയ്പ്പോയതില്‍

ഇപ്പോള്‍ കുണ്ഠിതപ്പെട്ടിട്ടു എന്താ പ്രയോജനം? പോയ ബുദ്ധി ആന പിടിച്ചാലും

തിരിച്ചുകിട്ടുമോ? തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനുമുമ്പ് എന്തായിരുന്നു ഗ്ളാമര്‍. മനോരമാദികള്‍

കണക്കുവെച്ച് കവിടി നിരത്തി തദ്ദേശവും അല്ലാത്തതുമായ എല്ലാ തെരഞ്ഞെടുപ്പുകളുടെയും

വിജയം ഗണിച്ചുപറഞ്ഞതാണ്. എന്നിട്ടും 'നാത്തൂന്‍ ഓച്ചിറയ്ക്കുപോയപോലെ'

തെരഞ്ഞെടുപ്പു അടക്കുംതോറും കിതപ്പേറുകയാണ്. കാലത്തെഴുന്നേറ്റ് ഓച്ചിറകുളിച്ചുതൊഴാന്‍

നടക്കുകയാണോ ഓടുകയാണോ എന്നു സംശയം തോന്നുമാറ് പാഞ്ഞുപോയ നാത്തൂന്‍,

കുളിച്ചുതൊഴല്‍ കഴിഞ്ഞ് നട്ടുച്ചയ്ക്ക് കിതച്ച് അവശയായി കടന്നുവന്നപോലെ, തെരഞ്ഞെടുപ്പ്

കഴിയുമ്പോള്‍ നടക്കണോ നെരങ്ങണോ കിടക്കണോ എന്ന മട്ടിലായിപ്പോകുമോ എന്ന

സംശയം ബാക്കി. ഏതായാലും ആറ്റുകാല്‍ രാധാകൃഷ്ണനെക്കണ്ട് ഒന്നു പ്രശ്നം

വെപ്പിക്കുന്നത് നന്നായിരിക്കും. സമര്‍ഥനും പ്രമാണിയുമായ ചെന്നിത്തലയ്ക്ക് അഹിതമായി

ഒന്നുംതന്നെ ആറ്റുകാലുകാരന്‍ പറയില്ല എന്നത് മൂന്നരത്തരം. അദ്ദേഹം ജയിക്കും

എന്നുപറഞ്ഞാല്‍ തോറ്റെന്ന് ഉറപ്പിക്കാന്‍ വാഴൂര്‍ പടിപ്പുരയിലൊന്നും പോകണ്ടായെന്നത്

പ്രമാണം.

Monday, September 20, 2010

ഇത്തിരിനേരംകൂടി...

നക്ഷത്രങ്ങള്‍...
രാത്രിയുടെ ഇരുണ്ട കമ്പളത്തില്‍
കണ്ണുചിമ്മിയുണരുന്ന കനവുകള്‍
നക്ഷത്രങ്ങളെ സ്നേഹിക്കാന്‍ പഠിപ്പിച്ച
ഗുരുനാഥന്‍മാര്‍ക്ക് വന്ദനം!

സ്വപ്നങ്ങള്‍...
ചക്രവാളങ്ങള്‍ക്കപ്പുറം വര്‍ണചിറകുമായ്
പറന്നുയരുന്ന ശലഭങ്ങള്‍
സ്വപ്നങ്ങളെ സ്വന്തമാക്കാന്‍ പറഞ്ഞ
സ്നേഹിതന്‍മാര്‍ക്കും വന്ദനം!

ഹൃദയത്തെ ഹൃദയം കൊണ്ട്
തൊട്ടറിഞ്ഞ പ്രണയനിലാവിനും
വാക്കുകളില്ലാതെ പതറിപ്പോയ
യൌവനനൈരാശ്യങ്ങള്‍ക്കും
ബന്ധങ്ങള്‍ കുരുക്കിയിട്ട
മധ്യവേനലിനും വന്ദനം!

ഇടമുറിയാതെ പെയ്തൊഴിഞ്ഞ
ഗദ്ഗദങ്ങളേ...
വിടചൊല്ലിപ്പിരിഞ്ഞുപോയ
സൌഹൃദങ്ങളേ...
തിരികെയെത്താനൊരിത്തിരിനേരമീ-
തിരിവെളിച്ചമണയുംമുമ്പായ്
കൊതിച്ചുപോകുന്നു ജീവിതം വീണ്ടും

Monday, July 5, 2010

പ്രിയമുള്ളൊരാള്‍....


സ്വരമുറങ്ങുന്ന നാവില്‍, മറന്നുപോയ പല്ലവിപോലെ, സംഗീതത്തിന്റെ ആ തേന്‍മഴ നിലച്ചു. പകുതി ചാരിയ വാതിലിലൂടെ, ആ നാദസൌഭഗം, എപ്പോഴെങ്കിലും വന്നെത്തുമെന്ന് നിനച്ച് കാതോര്‍ത്തിരിക്കാം നമുക്കിനി; ഏറ്റവും പ്രിയമുള്ളയാള്‍ക്കായി വെറുതെയെങ്കിലും ഒരു മോഹം മനസ്സിലേറ്റുവാങ്ങാം.

മലയാളിയുടെ സംഗീതബോധത്തെ 'ലളിതസംഗീതപാഠ'ത്തിലൂടെ വഴിതിരിച്ചുവിട്ട സംഗീതപ്രതിഭയായിരുന്നു എം ജി രാധാകൃഷ്ണന്‍. അനശ്വരങ്ങളായ നൂറുകണക്കിന് ലളിതഗാനങ്ങള്‍ പാടിനടന്ന ഒരു തലമുറയുടെ സൃഷ്ടികര്‍ത്താവായിരുന്നു അദ്ദേഹം. എം ജി ആര്‍ സൃഷ്ടിച്ച ആ തരംഗം യുവജനോത്സവവേദികളില്‍ മാത്സര്യസ്വഭാവത്തോടെ ഏറ്റുമുട്ടിയപ്പോള്‍ നമുക്ക് ലഭിച്ചത് 'ഘനശ്യാമസന്ധ്യാഹൃദയം' പോലെ ഹൃദയത്തോടു ചേര്‍ത്തുവെയ്ക്കാന്‍ കഴിയുന്ന മണിമുത്തുകളായിരുന്നു. 'ഓടക്കുഴല്‍ വിളി...', 'ജയദേവകവിയുടെ...', 'പൂമുണ്ടും തോളത്തിട്ട്' തുടങ്ങി ആസ്വാദകലക്ഷങ്ങളുടെ ഹൃദയം കവര്‍ന്ന ലളിതഗാനങ്ങളിലൂടെ ചലച്ചിത്രഗാനങ്ങളുടെ ജനകീയതയെ വെല്ലുവിളിച്ച ഒരു വിപ്ളവമായിരുന്നു അത്. യുവജനോത്സവവേദികള്‍ ആ ഗാനങ്ങളെ ഏറ്റെടുത്തപ്പോള്‍ മലയാളികള്‍ക്ക് ചലച്ചിത്രഗാനങ്ങള്‍ക്കൊപ്പം മൂളി നടക്കാന്‍ കഴിയുന്ന ഇമ്പമാര്‍ന്ന, മലയാളിത്തമുള്ള നിരവധി ഗാനങ്ങളാണ് ലഭിച്ചത്.

കര്‍ണാടക സംഗീതജ്ഞനായിരുന്ന എം ജി ആര്‍ സംഗീതകച്ചേരികളുടെ അരങ്ങില്‍നിന്നും കഴിഞ്ഞ കുറേ കാലങ്ങളായി ഒഴിഞ്ഞുനില്‍ക്കുകയായിരുന്നു. ഒരു ദൃശ്യമാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞത്, "സ്വരം നന്നായിരിക്കുമ്പോള്‍ പാട്ട് നിര്‍ത്തണം'' എന്നാണ്. ആരുടെയും നിര്‍ബന്ധത്തിനു വഴങ്ങാതെ, തനിക്ക് ശരിയെന്നു തോന്നിയ ഇടത്ത്, അദ്ദേഹം തന്റെ കച്ചേരികള്‍ക്ക് മംഗളം പാടി. എന്നാല്‍, സംഗീതസംവിധാനത്തിലൂടെ വീണ്ടും വീണ്ടും അനശ്വരങ്ങളായ ഒട്ടനവധി ഗാനങ്ങള്‍ ആ പ്രതിഭയുടെ സംഗീതമനസ്സില്‍നിന്നും ഒഴുകിയെത്തി. അതെല്ലാം മലയാളിയുടെ പ്രിയപ്പെട്ട ഗാനങ്ങളായി മാറി. ശുദ്ധസംഗീതമെന്നത് മനസ്സില്‍നിന്നു വരുന്നതാണെന്നും അതിന് വകഭേദങ്ങളിലെന്നും ഉറച്ചു വിശ്വസിച്ചിരുന്നു ആ സംഗീതപ്രതിഭ.

തിരുവനന്തപുരത്ത് തൈക്കാട്ടുള്ള മേടയില്‍വീട്ടില്‍ ശുഭ്രവസ്ത്രധാരിയായി, ചിരിച്ചുകൊണ്ട് നമ്മെ സ്വീകരിക്കാന്‍ ഇനി എം ജി രാധാകൃഷ്ണനില്ല. എന്നാല്‍, മേടയില്‍വീടിന്റെ പൂമുഖത്തും സ്വീകരണമുറിയിലുമെല്ലാം നിറഞ്ഞുനില്‍ക്കുന്ന സംഗീതം അവിടെ മാത്രം ഒതുങ്ങുന്നില്ല. അവാച്യമായ ഒരു അനുഭൂതിയായി അതു ആസ്വാദകഹൃദയങ്ങളെ കീഴ്പ്പെടുത്തുന്നു. മലയാളിയുടെ സംഗീതാന്തരീക്ഷത്തില്‍ അതു നിറനിലാവായി പെയ്തിറങ്ങുന്നു.
വീണുടഞ്ഞ ഈ സൂര്യകിരീടത്തെ നെഞ്ചോടു ചേര്‍ത്തുവെയ്ക്കാം. ആ കിരീടത്തില്‍ പതിച്ചിരുന്ന രാഗരത്നങ്ങള്‍ പരത്തിയ അഭൌമമായ സംഗീതപ്രകാശത്തെ മനസ്സിലേറ്റുവാങ്ങാം. തലമുറകള്‍ക്കായി കരുതിവെയ്ക്കാം. നമുക്കായി, നമ്മുടെ തലമുറകള്‍ക്കായി, ലളിതസംഗീതത്തിന്റെ നിലാമഴ പൊഴിച്ച് ഒരു പുഞ്ചിരിയോടെ പടിയിറങ്ങിപ്പോയ ആ സംഗീതപ്രതിഭക്കായി വെറുതെയെങ്കിലും പടിവാതില്‍ തുറന്നിട്ട് കാത്തിരിക്കാം.