Wednesday, August 27, 2008

ഓണം

ഓണം വീണ്ടുമെത്തി. വര്‍ണവിസ്മയക്കാഴ്ചകളുമായി നഗരവീഥികള്‍ അണിഞ്ഞൊരുങ്ങിത്തുടങ്ങി. കച്ചവടമാമാങ്കങ്ങളാണ് എവിടെയും.. റിഡക്ഷന്‍ സെയിലുകളുടെ പരസ്യപ്രളയം. വര്‍ഷം മുഴുവന്‍ അധ്വാനിച്ചു ലഭിക്കുന്ന ലാഭവിഹിതം ചെലവഴിക്കാനുള്ള വഴികളില്‍ അന്ധാളിച്ചുനില്‍ക്കുന്ന സാധാരണക്കാരന്‍. ഇവിടെ ഓണം നിരത്തുകളില്‍ ഒഴിഞ്ഞുതീരുന്ന ഭണ്ഡാരമാണ്.എന്നാല്‍, ഓര്‍മയില്‍ ഇപ്പോഴും എന്റെ ഗ്രാമത്തിന്റെ ഓണവിശുദ്ധി തെളിമയോടെ നില്‍ക്കുന്നു. ആണ്ടുപിറവിയില്‍ പടിവാതില്‍ക്കല്‍ കെട്ടിത്തൂക്കുന്ന പുന്നെല്ല് വര്‍ഷം മുഴുവന്‍ ഐശ്വര്യം തരുമെന്ന് അമ്മ പറഞ്ഞാണ് അറിഞ്ഞത്. വയല്‍വരമ്പിലൂടെ പട്ടം പറപ്പിക്കാന്‍ കൂട്ടുകാരുമൊത്ത് ഓടുമ്പോള്‍ പുത്തനുടുപ്പിന്റെ ഗന്ധം വിയര്‍പ്പിനൊപ്പം അലിഞ്ഞുപോയ നാളുകള്‍. കൊയ്ത്തൊഴിഞ്ഞ വയലുകളില്‍ മേഘക്കൂട്ടങ്ങള്‍ക്കൊപ്പം പറന്നിറങ്ങുന്ന പക്ഷിക്കൂട്ടങ്ങള്‍. തലപ്പന്തുകളിയും കിളിത്തട്ടും പിന്നെ ആകാശത്തോളം ഉയരുമെന്ന് വെറുതെ മോഹിപ്പിക്കുന്ന ഊഞ്ഞാലുമെല്ലാം ഓര്‍മയില്‍ ഇപ്പോഴും നിറയുകയാണ്.ഇവിടെ ഈ നഗരത്തിരക്കില്‍ എന്റെ ഗ്രാമവിശുദ്ധിയും ഓണസമൃദ്ധിയുമെല്ലാം വെറും ഓര്‍മകള്‍ മാത്രമാകുകയാണ്. ഇവിടെ മാത്രമല്ല, ഇന്ന് എന്റെ ഗ്രാമവും ഏറെ മാറിയിരിക്കുന്നു. വയല്‍വരമ്പുകള്‍ കോളനിറോഡുകളായി രൂപാന്തരപ്പെട്ടിരിക്കുന്നു. ഐശ്വര്യം പേറിയിരുന്ന കതിര്‍മണികള്‍ ഇനി ഒരിക്കലും എന്റെ വീടിന്റെ ഉമ്മറത്തെ അലങ്കരിക്കുകയില്ല. അച്ഛനും അമ്മയും ഞങ്ങളെ കാത്തിരിക്കുകയാണ്. പോകണം. ഈ തിരക്കില്‍ നഷ്ടപ്പെട്ടുപോയ എന്റെ മനസ്സ് കുറച്ചുനേരത്തേങ്കിലും തിരികെ ലഭിക്കാന്‍ പോയേ തീരൂ. അവിടെ പഴയ രണ്ടു മനസ്സുകള്‍ ഓണവിഭവങ്ങളൊരുക്കി കാത്തിരിക്കും.

No comments: