Tuesday, August 6, 2013

കര്‍ക്കിടകം


ചുറ്റിപ്പിടിക്കുന്ന മാറാലയ്ക്കുള്ളില്‍
അഴുക്കിന്റെ ദുസ്സഹഗന്ധത്തില്‍,
നരച്ചുപോയ ജീവിതയാഥാര്‍ഥ്യങ്ങള്‍ക്കുമേല്‍,
അശുഭചിന്തകള്‍ക്കുമേല്‍
ഇരമ്പിയാര്‍ക്കുന്നു
കര്‍ക്കിടകം

കാടിളക്കി,
മണ്ണിളക്കി,
അലയിളക്കി
ആര്‍ത്തു ചിരിക്കുന്നു
കള്ള കര്‍ക്കിടകം

കത്തിച്ചുവെച്ച നിലവിളക്കില്‍
ആടിയുലയുന്ന കര്‍ക്കിടകക്കാറ്റ്‌;
രാമനാമജപമിടറിവീഴുന്ന
വ്രുദ്ധമനസ്സില്‍
തണുത്ത ഭീതിയായ്‌
വിറകൊള്ളുന്നു കര്‍ക്കിടകം

വഴികള്‍ക്കുമേലേ
തോടൊഴുകുന്നു;
വാഴത്തടകള്‍ക്കുമേലേ
കുരുന്നുകളും;
പശിയൊടുങ്ങാതെ
കരയുന്നു കുഞ്ഞുങ്ങള്‍
കലിയൊടുങ്ങാതെ
ചിരിക്കുന്നു കര്‍ക്കിടകം
ക്ളാസ് മുറികളില്‍
ഈര്‍പ്പമകറ്റി
ചൂടുകായുന്ന കലങ്ങള്‍ക്കുള്ളില്‍
കര്‍ക്കിടകം തിളയ്ക്കുന്നു

കറുത്ത മുഖവുമായ്‌
ആകാശം
ഭൂമിയോടു പിണങ്ങുന്നു,
തേങ്ങുന്നു - പിന്നെ,
പൊട്ടിപ്പൊട്ടി കരയുന്നു
കര്‍ക്കിടകം പെയ്തൊഴിയുന്നതേയില്ല!!!!!

6 comments:

സൗഗന്ധികം said...

കർക്കിടകം പെയ്തൊഴിയുന്നില്ല.പെയ്തൊഴിയാതെ മനസ്സുകളും.

കവിത നന്നായി

ശുഭാശംസകൾ....

Anilkumar Parameswaran said...

Thanks.....

ajith said...

കള്ളക്കര്‍ക്കിടകം മുമ്പെത്ര ഭയപ്പെടുത്തിയിട്ടുണ്ടെന്നോ!

Kalavallabhan said...

കറുത്ത മുഖവുമായി ആകാശമെത്തി ഭൂമിയെ മുക്കി കൊല്ലുന്നു.
"വൃതം" അല്ലേ ശരി ?
"വാഴത്തട" യും ശരിയാണോ ?
അറിയില്ല.
ഇങ്ങനെ അഭിപ്രായം കുറിച്ചതിൽ ക്ഷമിക്കണം

AnuRaj.Ks said...

കര്‍ക്കിടകം മഹാ കള്ളി തന്നെ....

Anilkumar Parameswaran said...

വൃദ്ധമനസ്സ് എന്നാണ്‌ ഉദ്ദേശിച്ചത്‌. എത്ര ശ്രമിച്ചിട്ടും മംഗ്ളീഷില്‍ 'വൃ' വരുന്നില്ല. കര്‍ക്കിടകത്തില്‍ സന്ധ്യാവേളയില്‍ രാമനാമം ജപിക്കുന്ന വയസ്സായ ആള്‍ക്കാരുടെ മനസ്സിലെ കര്‍ക്കിടകഭീതി അല്ലെങ്കില്‍ മരണഭീതി സൂചിപ്പിച്ചതാണ്‌. 'വാഴത്തട' എന്നുതന്നെയാണ്‌ ഞങ്ങളുടെ നാട്ടില്‍ പറയുന്നത്‌. കുത്തിയൊലിക്കുന്ന വെള്ളപ്പാച്ചിലിലും കൊച്ചുകുട്ടികള്‍ വാഴത്തടയ്ക്കുമേല്‍ കയറി വള്ളം തുഴയുന്നതു ഒരുപാടുതവണ കണ്ടിട്ടുണ്ട്‌.
അഭിപ്രായങ്ങള്ക്ക്‌ നന്ദി...