Friday, February 7, 2014

ജന്മ പുണ്യം

ഉണരുവാനെന്തിത്ര വൈകിയെന്നാർദ്രമായ്
മന്ത്രിച്ചുവോ നീയെൻ കാതിനുള്ളിൽ
സ്വപ്‌നസമൃദ്ധമാം നിദ്രയിന്നേകിയ
മഞ്ജുളനാദമെന്നോർത്തുപോയ് ഞാൻ
മഞ്ജുളനാദമെന്നോർത്തുപോയ് ഞാൻ

കാതരേ, നീയെന്റെ ചാരത്തണഞ്ഞിടാൻ
കാലമിതെത്ര കഴിഞ്ഞുപോയി
ആശാകുസുമങ്ങളെത്ര കൊഴിഞ്ഞുപോയ്
ആതിരരാവും കടന്നുപോയി-തിരു-
വാതിരരാവും കടന്നുപോയി

വേനൽക്കിനാവിന്റെയൂഷരഭൂമിയിൽ
വേപഥുപൂണ്ടു കിടന്നുപോയ് ഞാൻ
മാരിവിൽമാലകൾ കണ്ടതില്ല; ഇളം-
തെന്നലൊന്നരികത്തു വന്നതില്ല-കുളിർ-
തെന്നലൊന്നരികത്തു വന്നതില്ല

വൈകിയെന്നാകിലും എത്തിനീയരികത്തൊ-
രായിരം ജന്മങ്ങൾ തന്റെ പുണ്യം!
ഇനിയീപടുതിരി കത്തിയമർന്നാലും
സഫലമെൻ ജന്മമിതെത്ര പുണ്യം!
സഫലമെൻ ജന്മമിതെത്ര പുണ്യം!

4 comments:

സൗഗന്ധികം said...
This comment has been removed by the author.
സൗഗന്ധികം said...

ജന്മസാഗരസീമയിൽ,
നിന്നെയും തേടി വന്നു ഞാൻ...
എത്ര സംക്രമസന്ധ്യകൾ;
നിന്റെ ശ്രീമുഖം തേടി നിന്നു ഞാൻ..
ശ്രീമുഖം തേടി നിന്നു ഞാൻ..


വളരെ മനോഹരമായൊരു പ്രണയകാവ്യം.

ജീവിതത്തിൽ സന്തോഷങ്ങൾ നിറയട്ടെ.


ശുഭാശംസകൾ.....

ajith said...

നല്ലൊരു ഗാനരചയിതാവാണ് താങ്കള്‍!!

Anilkumar Parameswaran said...

നന്ദി... നല്ല വാക്കുകള്‍ പടവുകളാണ്... എങ്കിലും അത് ആയാസം വര്‍ധിപ്പിക്കുന്നു.