Thursday, March 22, 2012

ചോര വാര്‍ന്നതാര്‍ക്ക്???


മലയാളമനോരമ തങ്ങളുടെ യുഡിഎഫ് പ്രേമം വെളിപ്പെടുത്തുന്നത് വാര്‍ത്തയില്‍ തിരുകിക്കയറ്റുന്ന അലങ്കാരങ്ങളിലൂടെയാണ്. ഈ അലങ്കാരങ്ങള്‍ കോണ്‍ഗ്രസ് അനുകൂലമെന്നതിനേക്കാളുപരി മാര്‍ക്സിസ്റ് വിരുദ്ധപദപ്രയോഗങ്ങളിലൂടെയാകുന്നതാണ് അവര്‍ക്ക് പണ്ടും ഇപ്പോഴും ഇഷ്ടം. പിറവം ഉപതെരഞ്ഞെടുപ്പുഫലം മനോരമയ്ക്ക് ആറന്മുളസദ്യപോലെ പ്രിയപ്പെട്ടതാകുന്നത് അതുകൊണ്ടാണ്. ഇഷ്ടമുള്ളതെന്തും എഴുതിപ്പിടിപ്പിക്കാന്‍ കിട്ടുന്ന ഇത്തരം അവസരങ്ങള്‍ ഒരിക്കലും അവര്‍ പാഴാക്കാറില്ല. പിറവം ഫലം വന്നതിനുശേഷം മാര്‍ച്ച് 22ന് പുറത്തിറങ്ങിയ പത്രത്തിലും ഈ പ്രവണത കൂടുതല്‍ തീവ്രമായ നിലയില്‍ ദൃശ്യമായി. "സര്‍ക്കാരിനു നവോര്‍ജം; ചോര വാര്‍ന്ന് പ്രതിപക്ഷം''- സുജിത്നായര്‍ പേരുവെച്ചെഴുതിയ ലേഖനം ഇതിന് ഒന്നാന്തരം ദൃഷ്ടാന്തമാണ്.

പ്രസ്തുത ലേഖനത്തിലെ രണ്ടാമത്തെ പാരഗ്രാഫ് ലേഖകന്റെ മാര്‍ക്സിസ്റ്വിരോധവും കോണ്‍ഗ്രസ്പ്രേമവും ഒരുപോലെ വ്യക്തമാക്കുന്നതായി. "അനുകൂലപ്രവചനങ്ങളെപ്പോലും നിഷ്പ്രഭമാക്കുന്ന ലീഡോടെയാണ് അനൂപ്ജേക്കബ് പിറവത്തു ടി എം ജേക്കബിന്റെ പിന്‍ഗാമിയാകുന്നത്. ഭൂരിപക്ഷം അയ്യായിരത്തില്‍ താഴെയെങ്കിലുമായിരുന്നെങ്കില്‍ പറഞ്ഞുനില്‍ക്കാമെന്ന പ്രതീക്ഷയിലായിരുന്നു എല്‍ഡിഎഫ്. ന്യായീകരണങ്ങള്‍ നിരത്തുമ്പോഴും അതു സാമാന്യയുക്തിക്കു ചേരുന്നതാണോ എന്ന സന്ദേഹം അതുപറയുന്ന സിപിഎം നേതാക്കള്‍ക്കുതന്നെ ഇല്ലാതില്ല. പാര്‍ട്ടി കോണ്‍ഗ്രസിന് ആതിഥ്യം വഹിക്കുന്ന അഭിമാനകരമാകേണ്ട വേളയില്‍ തുടര്‍ച്ചയായി രണ്ടാം പ്രഹരമേറ്റു ക്ഷീണിച്ചിരിക്കുന്നു സിപിഎം. നെയ്യാറ്റിന്‍കരയില്‍ സ്വന്തം എംഎല്‍എയാണ് അവരെ ഉപേക്ഷിച്ചതെങ്കില്‍ പിറവത്തു കഴിഞ്ഞതവണ 157ലേക്കു ലീഡ് കുറച്ചു പ്രതീക്ഷയേകിയ വോട്ടര്‍മാരായി.''

ഈ വരികള്‍ സുജിത്നായര്‍ എഴുതിപ്പിടിപ്പിച്ചതു സ്വന്തം മനഃസാക്ഷിയോട് കൂറുപുലര്‍ത്തിക്കൊണ്ടാവില്ല എന്നു നിശ്ചയം. 'അനുകൂലപ്രവചനങ്ങളെപ്പോലും നിഷ്പ്രഭമാക്കുന്ന ലീഡ്' എന്ന പ്രയോഗംതന്നെ എത്ര നിരര്‍ഥകം! പിറവത്തു യുഡിഎഫ് ജയിക്കുമെന്നു പ്രവചനം നടത്തിയത് യുഡിഎഫുകാര്‍ മാത്രമാണ്. കാരണം, മുന്‍കാലങ്ങളിലെപ്പോലെ എക്സിറ്റ്പോളോ മറ്റു പ്രവചനങ്ങളോ തെരഞ്ഞെടുപ്പ് കമീഷന്‍ അനുവദിച്ചിരുന്നില്ല. സ്വന്തം പാര്‍ടി ജയിക്കുമെന്ന് ഏതു ഘട്ടത്തിലും പറയുന്നത് ആത്മവിശ്വാസത്തേക്കാളുപരി ഒരു പ്രതീക്ഷയാണ്. ആ പ്രതീക്ഷ ഇരുപക്ഷത്തെയും നേതാക്കള്‍ പുലര്‍ത്താറുണ്ട് എല്ലാ തെരഞ്ഞെടുപ്പിലും. യുഡിഎഫ് നേതാക്കന്മാരുടെ പ്രവചനങ്ങളെ അനൂപ്ജേക്കബിന്റെ ലീഡ് നിഷ്പ്രഭമാക്കിയെന്നാണ് സുജിത് ഉദ്ദേശിക്കുന്നത്. എന്നാല്‍, പിറവത്ത് ഇന്നുവരെ നടന്ന തെരഞ്ഞെടുപ്പുകളില്‍ ഏറ്റവും കൂടുതല്‍ ഭൂരിപക്ഷം ലഭിച്ചത് സിപിഐ എമ്മിന്റെ ഗോപി കോട്ടമുറിക്കല്‍ മത്സരിച്ചപ്പോഴായിരുന്നു എന്ന കാര്യം സുജിത് മറന്നു. അല്ലെങ്കില്‍ ഓര്‍ക്കാന്‍ ഇഷ്ടപ്പെടുന്നില്ല. അതിനെയും മറികടക്കുന്ന ഭൂരിപക്ഷം അനൂപിന് ലഭിച്ചിരുന്നുവെങ്കില്‍ നിഷ്പ്രഭമെന്ന വാക്കിന് കൂടുതല്‍ അര്‍ഥമുണ്ടായിരുന്നേനെ. സ്വന്തം പിതാവിന്റെ മരണം സൃഷ്ടിച്ച സഹതാപതരംഗവും ജാതിമതസാമുദായിക ശക്തികളുടെ അകമഴിഞ്ഞ പിന്തുണയും ഭരണത്തിന്റെ എല്ലാ അധികാരകേന്ദ്രങ്ങളെയും ഉപയോഗിച്ചുകൊണ്ട് പണവും മദ്യവും ഒഴുക്കി നടത്തിയ പ്രചാരണപ്രവര്‍ത്തനങ്ങളുമാണ് ഇത്തരമൊരു ഭൂരിപക്ഷം അനൂപ്ജേക്കബിന് നല്‍കിയത് എന്ന വസ്തുത സുജിത് മറക്കുന്നു.

പറഞ്ഞുനില്‍ക്കാവുന്ന ന്യായങ്ങള്‍പോലും എല്‍ഡിഎഫിനില്ല എന്നാണ് സുജിത്തിന്റെ മറ്റൊരു കണ്ടെത്തല്‍. നേരത്തെ സൂചിപ്പിച്ചതൊന്നും പിറവത്ത് നടന്നിട്ടില്ല എന്ന് മനഃസാക്ഷിക്കുത്തില്ലാതെ എഴുതിപ്പിടിപ്പിക്കാന്‍ സുജിത്തിന് കഴിയുമോ എന്നാണ് സംശയം. എല്‍ഡിഎഫിനെ സംബന്ധിച്ചിടത്തോളം മറ്റൊരു ന്യായവും ഈ വിജയത്തെപ്പറ്റി പറയേണ്ടതില്ല. പിറവം അടിസ്ഥാനപരമായി യുഡിഎഫ് മണ്ഡലം തന്നെയാണ്. അതു മറ്റെല്ലാവരെക്കാളും നന്നായറിയാവുന്നത് എല്‍ഡിഎഫിനുതന്നെയാണ്. എന്നാല്‍പോലും, അന്തസ്സുറ്റ രാഷ്ട്രീയപോരാട്ടം നടത്താനും ദേശീയ, സംസ്ഥാന രാഷ്ട്രീയം തെരഞ്ഞെടുപ്പില്‍ ജനങ്ങളിലെത്തിക്കാനും എല്‍ഡിഎഫ് നടത്തിയ പോരാട്ടം വിജയം കണ്ടു എന്നുതന്നെവേണം കരുതാന്‍. ഇല്ലായിരുന്നെങ്കില്‍, കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് ലഭിച്ച വോട്ടില്‍നിന്നും കൂടുതല്‍ വോട്ട് ഈ തെരഞ്ഞെടുപ്പില്‍ ലഭിക്കില്ലായിരുന്നു. എന്നുമാത്രമല്ല, ഇടതുപക്ഷജനാധിപത്യമുന്നണി പരാജയപ്പെട്ട കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പില്‍, രമേശ് ചെന്നിത്തലയുടെതന്നെ വാക്കുകള്‍ വിശ്വസിച്ചാല്‍, പിറവത്ത് ഏതാണ്ട് ഏഴായിരത്തോളം കോണ്‍ഗ്രസുകാര്‍ ടി എം ജേക്കബിന് വോട്ടുചെയ്തിരുന്നില്ല. എന്നിട്ടും അദ്ദേഹം ചെറിയ ഭൂരിപക്ഷത്തില്‍ അവിടെ നിന്നും വിജയിച്ചു. പിറവത്തിന്റെ യുഡിഎഫ് സ്വഭാവം അതില്‍നിന്നുതന്നെ നമുക്ക് മനസ്സിലാക്കാവുന്നതാണ്. എന്നാല്‍, ഇക്കുറി യുഡിഎഫ് തികഞ്ഞ ഐക്യത്തോടെ പ്രവര്‍ത്തിച്ചു. ഒരു വോട്ടുപോലും ചെയ്യാതിരുന്നില്ല. എന്നുമാത്രമല്ല, ഉമ്മന്‍ചാണ്ടി എന്ന ക്രിസ്ത്യന്‍ മുഖ്യമന്ത്രി തുടരണമോ വേണ്ടയോ എന്ന ചോദ്യം ക്രിസ്ത്യന്‍ ഭൂരിപക്ഷമുള്ള പിറവത്ത് യുഡിഎഫുകാര്‍ ചോദിച്ചത് വെറുതെയല്ല. അതൊരു ഭീഷണി തന്നെയായിരുന്നു. ആ ഭീഷണി പിറവത്തെ ഒരു വിഭാഗം വോട്ടര്‍മാരെ വല്ലാതെ സ്വാധീനിച്ചിട്ടുണ്ട്. അതിനൊപ്പം എന്‍എസ്എസും എസ്എന്‍ഡിപിയും അരമനകളുമെല്ലാമെടുത്ത നിലപാടുകളും യുഡിഎഫിനെ പരിധിവിട്ടു സഹായിച്ചു. ഈ സഹായങ്ങളെല്ലാം ഉണ്ടായിട്ടുപോലും യുഡിഎഫിന് 1987ല്‍ എല്‍ഡിഎഫ് നേടിയ വിജയത്തെ മറികടക്കാന്‍ കഴിഞ്ഞില്ല എന്നത് അവിശ്വസനീയമെന്നേ പറയാന്‍ കഴിയുകയുള്ളൂ. അത് പിറവത്തെ പ്രബുദ്ധരായ ജനതയുടെ ചെറുത്തുനില്‍പിന്റെ സൂചനയാണ് നല്‍കുന്നത്.

പാര്‍ടികോണ്‍ഗ്രസിലേക്കു പോകുന്ന സിപിഎമ്മിന് രണ്ടാമത്തെ പ്രഹരമാണ് പിറവത്ത് സംഭവിച്ചത് എന്നാണ് സുജിത്തിന്റെ കണ്ടുപിടുത്തം. അതിന് അനുബന്ധമായാണ് 'ചോര വാര്‍ന്നു പ്രതിപക്ഷം' എന്ന തലക്കെട്ടു നല്‍കിയിട്ടുള്ളത്. സുജിത് ഇപ്പോഴും ആ പൊട്ടക്കിണറ്റില്‍ തന്നെ കിടക്കുകയാണ്. അവിടെനിന്നും പുറത്തേക്കുനോക്കാന്‍പോലും അദ്ദേഹം തയ്യാറാകുന്നില്ല. സിപിഎമ്മിന് ഏറ്റ പ്രഹരത്തിന്റെ കണക്കെടുപ്പ് തുടങ്ങുന്നതിനുമുമ്പുതന്നെ സുജിത്തിന് ഒരു തയ്യാറെടുപ്പ് നടത്താനായിട്ടെങ്കിലും തൊട്ടുമുന്നേ നടന്ന അഞ്ച് സംസ്ഥാനങ്ങളിലെ പൊതുതെരഞ്ഞെടുപ്പുകളുടെ ഫലത്തിലൂടെ ഒന്നു കണ്ണോടിക്കാമായിരുന്നു. നാണം കെടാന്‍ ഇനിയെന്തെങ്കിലുമുണ്ടോ ബാക്കിയായി കോണ്‍ഗ്രസില്‍? പിറവത്തെക്കാളും എത്രയോ ഇരട്ടി കുത്തക എന്നവകാശപ്പെട്ടിരുന്ന രണ്ട് മണ്ഡലങ്ങള്‍ ഇന്ത്യയില്‍ കോണ്‍ഗ്രസിന് സ്വന്തമായുണ്ടായിരുന്നല്ലോ? റായ്ബറേലിയും അമേതിയും. അവിടെ നടന്ന തെരഞ്ഞെടുപ്പുഫലം സുജിത് കണ്ടില്ലേ? അവിടെ ചോരയൊലിപ്പിച്ചുകൊണ്ടു നില്‍ക്കുകയായിരുന്നില്ലല്ലോ കോണ്‍ഗ്രസ്... "വീണിതല്ലോ കിടക്കുന്നു ധരണിയില്‍, ശോണിതവുമണിഞ്ഞയ്യോ ശിവ... ശിവ...'' എന്ന മട്ടില്‍ കിടക്കുകയായിരുന്നില്ലേ? ഭാവി പ്രധാനമന്ത്രിയെന്നു മനോരമയടക്കം മനോരാജ്യം കാണുന്ന രാഹുലിന്റെ സ്വന്തം തട്ടകത്തിലെ പരാജയം ഇത്രപെട്ടെന്നു മറക്കാനോ അല്ലെങ്കില്‍ മറന്നെന്നു നടിക്കാനോ മനോരമയ്ക്കു മാത്രമേ കഴിയൂ.

സ്വന്തം സര്‍ക്കാരില്‍ വിശ്വാസമില്ലാത്ത ഒരു മുഖ്യമന്ത്രിയായാണ് ഉമ്മന്‍ചാണ്ടിയെ സുജിത് വിശേഷിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പിലെ പരാജയത്തിനുശേഷം ഇടതുപക്ഷമുന്നണിനേതാക്കള്‍ പലകുറി പറഞ്ഞിട്ടുള്ളതാണ് കുതിരക്കച്ചവടത്തിലൂടെയോ അവിഹിതമാര്‍ഗങ്ങളിലൂടെയോ സര്‍ക്കാരിനെ വീഴിക്കാന്‍ തങ്ങളില്ലായെന്ന്. എന്നിട്ടും സ്വന്തം സര്‍ക്കാരില്‍ വിശ്വാസമര്‍പ്പിക്കാന്‍ ഉമ്മന്‍ചാണ്ടിക്ക് കഴിയുന്നില്ല. അതുകൊണ്ടാണ് കോടികളെറിഞ്ഞ് ശെല്‍വരാജിനെപ്പോലെയുള്ള വഞ്ചകന്മാരെ സ്വന്തം കൂടാരത്തിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നത്. അതുകൊണ്ടുതന്നെയാകണമല്ലോ, സുജിത് പറയുന്നതുപോലെ 'പുതുപ്പള്ളി ഹൌസില്‍' നിന്ന് ക്ളിഫ്ഹൌസിലേക്ക് മാറാന്‍ ഉമ്മന്‍ചാണ്ടി അറച്ചുനിന്നതും. ഉമ്മന്‍ചാണ്ടിയുടെ ഇത്തരം സന്ദേഹങ്ങളാണ് കേരളത്തിന്റെ പൊതുരാഷ്ട്രീയരംഗത്തെ മലീമസമാക്കുന്നത്. ഉന്നതമായ സംസ്കാരം എന്നും കാത്തുസൂക്ഷിച്ചിരുന്ന കേരളത്തിന്റെ രാഷ്ട്രീയമുഖത്തിന് ഒരു കളങ്കമായി മാറിയിരിക്കുന്നു ഉമ്മന്‍ചാണ്ടി. ഉപജാപങ്ങളുടെയും നോട്ടുകെട്ടുകളുടെയും ഇഷ്ടതോഴനായ ഒരു മുഖ്യമന്ത്രിയെ ഇനി എത്രകാലം കേരള ജനത സഹിക്കും എന്നുമാത്രമാണ് അറിയാനുള്ളത്.

No comments: