Wednesday, March 21, 2012

പിറവം നല്‍കുന്ന സൂചന


പിറവത്തെ യുഡിഎഫ് വിജയം കേരളത്തിന്റെ രാഷ്ടീയമണ്ഡലത്തിന് വ്യക്തമായ സൂചന നല്‍കുന്നു. അടിസ്ഥാനപരമായി പിറവം ഒരു യുഡിഎഫ് അനുകൂല മണ്ഡലമാണ്. എന്നാല്‍, മൂന്ന് അവസരങ്ങളില്‍ അവിടെ എല്‍ഡിഎഫിന് വിജയിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞതവണ യുഡിഎഫിന്റെ ടി എം ജേക്കബ് നേരിയ ഭൂരിപക്ഷത്തിലാണ് എല്‍ഡിഎഫിലെ എം ജെ ജേക്കബിനെ പരാജയപ്പെടുത്തിയത്. ടി എം ജേക്കബിന്റെ മരണംമൂലമുണ്ടായ പിറവം ഉപതെരഞ്ഞെടുപ്പില്‍ ടി എം ജേക്കബിന്റെ മകന്‍ അനൂപ്ജേക്കബ് എല്‍ഡിഎഫിലെ എം ജെ ജേക്കബിനെ 12,070 വോട്ടുകള്‍ക്കാണ് തോല്‍പിച്ചത്.
തെരഞ്ഞെടുപ്പുപരാജയം വിശകലനംചെയ്തു സിപിഐ എം സംസ്ഥാനസെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞത് യുഡിഎഫ് ഐക്യത്തോടെ നിന്ന എല്ലാ തെരഞ്ഞെടുപ്പിലും അവര്‍ തന്നെയാണ് പിറവത്ത് വിജയിച്ചത് എന്നാണ്. അതായത്, പിറവം എല്ലാക്കാലത്തും യുഡിഎഫിന്റെ ഉറച്ച മണ്ഡലം തന്നെയാണ് എന്നാണ്. എന്നാല്‍, യുഡിഎഫില്‍ കാലാകാലങ്ങളില്‍ പൊട്ടിപ്പുറപ്പെടുന്ന കലാപങ്ങള്‍ തെരഞ്ഞെടുപ്പുകാലയളവില്‍ പലപ്പോഴും പ്രതിഫലനങ്ങളുണ്ടാക്കാറുണ്ട്. അത്തരം വേളകളിലാണ് എല്‍ഡിഎഫിന് പിറവത്ത് യുഡിഎഫിനെ തളയ്ക്കാന്‍ കഴിയുന്നത്.
ഈ തെരഞ്ഞെടുപ്പ് യുഡിഎഫിനെയും എല്‍ഡിഎഫിനെയും സംബന്ധിച്ചിടത്തോളം വളരെയേറെ ഐക്യത്തോടെ സംഘടനാപ്രവര്‍ത്തനം നടത്തിയ തെരഞ്ഞെടുപ്പാണ്. എന്നാല്‍, അതിനൊപ്പം യുഡിഎഫിന് സഹായകമായി പിറവം മണ്ഡലത്തിലെ എല്ലാ ജാതിമതസമുദായശക്തികളുടെയും കേന്ദ്രീകരണം ഉണ്ടായി. കഴിഞ്ഞ കുറേക്കാലമായി ക്രിസ്ത്യന്‍ ജനവിഭാഗത്തിന് യുഡിഎഫിനോടുള്ള കടുത്ത ചായ്വ് അവര്‍ക്ക് മഹാഭൂരിപക്ഷമുള്ള മണ്ഡലത്തില്‍ പ്രകടമായിരുന്നു. അതിനൊപ്പമാണ് പ്രബലമായ മറ്റൊരു സമുദായമെന്ന നിലയില്‍ എന്‍എസ്എസ് എടുത്ത നിലപാട്. നാരായണപ്പണിക്കരില്‍നിന്നും എന്‍എസ്എസിന്റെ നിയന്ത്രണം ഏറ്റെടുത്ത നാള്‍ മുതല്‍ സുകുമാരന്‍നായര്‍ അനുവര്‍ത്തിച്ചുവരുന്ന അന്ധമായ യുഡിഎഫ് പ്രേമം ഈ തെരഞ്ഞെടുപ്പില്‍ പരസ്യമായി യുഡിഎഫിനെ അനുകൂലിക്കുന്ന തലത്തിലേക്ക് മാറി. കളം മാറ്റി ചവിട്ടുന്ന വിദ്യ കഴിഞ്ഞ കുറേക്കാലമായി സ്വീകരിച്ചുവരുന്ന എസ്എന്‍ഡിപിയും ഇത്തവണ യുഡിഎഫിനൊപ്പമായിരുന്നു. മുസ്ളിം ജനവിഭാഗമാകട്ടെ താരതമ്യേന അംഗബലത്തില്‍ കുറവും. ഈ ജാതിമതശക്തികളെയാകെ ഒരു കുടക്കീഴില്‍ കൊണ്ടുവരുന്നതിന് ഉമ്മന്‍ചാണ്ടിക്കും പ്രഭൃതികള്‍ക്കും നന്നായിത്തന്നെ കഴിഞ്ഞു എന്നതാണ് പിറവത്തെ യുഡിഎഫിന്റെ മികച്ച വിജയം സൂചിപ്പിക്കുന്നത്. എന്നാല്‍, ഇതിനൊപ്പം കേരളത്തിന്റെ പൊതുരാഷ്ട്രീയമനസ്സ് ഈ രീതിയില്‍ ജാതിമതസാമുദായിക വേര്‍തിരിവുകളോടെ ചിന്തിക്കുന്നത് ആശാസ്യമാണോ എന്ന ചോദ്യവും ഉയരുന്നുണ്ട്.
കേരളത്തെ സംബന്ധിച്ചിടത്തോളം ജാതി-മത ചിന്തകള്‍ക്കതീതമായി ഉയര്‍ന്ന രാഷ്ട്രീയബോധവും അതിലൂടെ ഉരുത്തിരിഞ്ഞുവന്ന ഒരു പുരോഗമനസംസ്കാരവും സ്വന്തമായുണ്ട് എന്ന് അഹങ്കരിച്ചവരാണ് നാം മലയാളികള്‍. രാജ്യത്തെ മറ്റിടങ്ങളില്‍ ഉയര്‍ന്നുവന്ന വിഭാഗീയചിന്തകള്‍ക്ക് വേരുറയ്ക്കാന്‍ നാം അവസരം നല്‍കിയിട്ടില്ല. ജാതിയുടെയോ മതത്തിന്റെയോ പേരില്‍ ആരെയും അകറ്റിനിര്‍ത്താന്‍ നാം ശ്രമിച്ചിട്ടില്ല. വര്‍ഗീയഭ്രാന്തില്‍ രാജ്യം കത്തിയെരിഞ്ഞപ്പോഴും അതില്‍നിന്നും കേരളം ഒഴിഞ്ഞുനിന്നു. അത്തരം വര്‍ഗീയപിന്തിരിപ്പന്‍ ആശയങ്ങളെ എതിര്‍ത്തുതോല്‍പിക്കാന്‍ കേരളത്തിന് കഴിഞ്ഞത് ഉറച്ച രാഷ്ട്രീയചിന്താഗതിയുടെ പിന്‍ബലത്തിലാണ്. മതം രാഷ്ട്രീയത്തില്‍ ഇടപെടുന്നതിനെ മഹാഭൂരിപക്ഷംവരുന്ന കേരള ജനത എതിര്‍ത്തുപോന്നു. എന്നാല്‍, കഴിഞ്ഞ കുറേക്കാലമായി കടുത്ത രാഷ്ട്രീയനിലപാടുകള്‍ സ്വീകരിച്ചുകൊണ്ട് മതമേലധ്യക്ഷന്മാരും പുരോഹിതന്മാരും സാമുദായികപ്രമാണിമാരും കേരളത്തിന്റെ പൊതുമണ്ഡലത്തെ തങ്ങളുടെ ഇംഗിതങ്ങള്‍ക്ക് വഴിപ്പെടുത്താന്‍ നിരന്തമായി ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഇതു നിലനിന്നുപോരുന്ന രാഷ്ട്രീയസ്വഭാവത്തെയാകെ അട്ടിമറിക്കുന്നതിനും സംസ്ഥാനത്തിന്റെ പൊതുവികസനമെന്ന കാഴ്ചപ്പാടിനെപ്പോലും ഇല്ലാതാക്കുന്നതുമാണ്. ഓരോ സമുദായവും, ഓരോ മതവിഭാഗവും അവര്‍ക്ക് ആവശ്യമുള്ളത് മാത്രം നേടിയെടുക്കാന്‍ അവരുടെ താല്‍പര്യസംരക്ഷകരായുള്ള രാഷ്ട്രീയനേതാക്കന്മാരെ ഉയര്‍ത്തിവിടാനും മറ്റുള്ളവരെ നിഷ്കാസനംചെയ്യാനും പ്രത്യേകം ശ്രദ്ധിക്കുന്നു. അതിനൊപ്പംതന്നെ, അവരുടെ കാര്യങ്ങളില്‍ മറ്റുള്ളവര്‍ ഇടപെടുന്നതിനെ സര്‍വശക്തിയോടെ എതിര്‍ക്കുകയും ചെയ്യുന്നു. സിപിഐ എമ്മിന്റെ സംസ്ഥാനസമ്മേളനത്തോടനുബന്ധിച്ച് നടന്ന ചരിത്രസെമിനാറില്‍ യേശുവിന്റെ ചിത്രം വെച്ചതും സമ്മേളന പ്രചാരണത്തിന്റെ ഭാഗമായി അന്ത്യഅത്താഴ ചിത്രം രാഷ്ട്രീയകാര്‍ട്ടൂണ്‍ ആക്കി അവതരിപ്പിച്ചതുമെല്ലാം വിവാദമായത് ഇത്തരം എതിര്‍പ്പുകളുടെ ഭാഗമായാണ്. എല്ലാക്കാലത്തും എല്ലായിടത്തും മതമേലധികാരികള്‍ സ്വീകരിച്ചുപോരുന്ന ഒരു നയമാണിത്. അവരെ വിമര്‍ശിക്കുന്നവരോട് വല്ലാത്ത അസഹിഷ്ണുത കാണിക്കുകയും അവരെ ഒറ്റപ്പെടുത്തുകയും ചെയ്യുക; അതിനൊപ്പം മറ്റുള്ളവരുടെ കാര്യങ്ങളില്‍ ഇടപെടാന്‍ തങ്ങള്‍ക്ക് അനിയന്ത്രിതമായ അവകാശമുണ്ട് എന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുക. സ്വാഭാവികമായും ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോള്‍ ഈ മതവിഭാഗങ്ങള്‍ തമ്മില്‍ രൂക്ഷമായ അഭിപ്രായവ്യത്യാസങ്ങളും മേല്‍ക്കൈ നേടാനുള്ള തീവ്രശ്രമങ്ങളും ഉണ്ടാകും. അത് നാടിന്റെയാകെ സമാധാനാന്തരീക്ഷത്തെ കലുഷിതമാക്കുമെന്നു മാത്രമല്ല, ഇന്നുവരെ നാം നേടിയെടുത്ത എല്ലാ പുരോഗമനചിന്തകളെയും നേട്ടങ്ങളെയും ഇല്ലാതാക്കും എന്നതുകൂടി ഓര്‍ക്കേണ്ടതുണ്ട്. രാഷ്ട്രീയത്തില്‍ കടന്നുകൂടിയിട്ടുള്ള അഴുക്കുകള്‍, വല്ലാതെ കേരളത്തിന്റെ പൊതുമണ്ഡലത്തെ ദുര്‍ഗന്ധപൂരിതമാക്കിയിരിക്കുന്നു. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് പിറവം തെരഞ്ഞെടുപ്പ്. നഗ്നമായ രീതിയില്‍ നിയമലംഘനം നടത്തുക; അത് ഭരണത്തിന്റെ എല്ലാ അധികാരങ്ങളും ഉപയോഗിച്ചുകൊണ്ട്. പണവും മദ്യവും വാഗ്ദാനപെരുമഴയുമെല്ലാം പിറവത്ത് യഥേഷ്ടം ഒഴുകുകയായിരുന്നു. നമ്മുടെ രാഷ്ട്രീയസംസ്കാരത്തെയാകെ കീഴ്മേല്‍മറിക്കുന്ന അധമചിന്തയും പ്രവര്‍ത്തനവുമായിരുന്നു യുഡിഎഫിന്റെ നേതാക്കള്‍ പിറവത്ത് കാഴ്ചവെച്ചത്. ചില്ലറ നോട്ടുകെട്ടുകള്‍ക്കും മനുഷ്യന്റെ സ്വബോധത്തെ ഇല്ലാതാക്കുന്ന ലഹരിക്കും അതിനൊപ്പം സുഖലോലുപതയുടെ ഉയരങ്ങള്‍ ചൂണ്ടിക്കാട്ടുന്ന വാഗ്ദാനങ്ങള്‍ക്കും കീഴടങ്ങുന്ന തെരഞ്ഞെടുപ്പുരാഷ്ട്രീയം നാളെ കേരളത്തിന് താങ്ങാന്‍ കഴിയാത്ത ഭാരമായി മാറുമെന്നതിന് സംശയമില്ല. നോട്ടുകെട്ടുകളാല്‍ താങ്ങിനിര്‍ത്തപ്പെടുന്ന ഒരു ഭരണത്തിന് സാധാരണക്കാരന്റെ, പാവപ്പെട്ടവന്റെ പ്രശ്നങ്ങളോട് ക്രിയാത്മകമായി പ്രതികരിക്കുവാന്‍ കഴിയില്ല എന്നതുമാത്രമല്ല, സമ്പന്നവര്‍ഗത്തിന്റെ താല്‍പര്യങ്ങള്‍ മാത്രമേ സംരക്ഷിക്കാന്‍ കഴിയൂ എന്ന തിരിച്ചറിവ് നമുക്കുണ്ടാകേണ്ടതുണ്ട്. ആ തിരിച്ചറിവിലേക്ക് എത്തിപ്പെടാനുള്ള കാലതാമസം കൂടുതല്‍ കൂടുതല്‍ ദുരന്തങ്ങളിലേക്ക് നമ്മെ വലിച്ചെറിയും എന്നതാണ്് പിറവം നല്‍കുന്ന സൂചന.

No comments: