Monday, June 2, 2014

അക്ഷരപ്പൂത്തിരി

പുതിയ ലോകമാണെങ്കിലു,മിതി-
ലൊട്ടുമേയാശങ്ക വേണ്ടയെന്നോമനേ,
വഴിതിരിഞ്ഞുപോകേണ്ട ദിക്കിനെ
പതിയെയെങ്കിലുമടുത്തറിക നീ

അക്ഷരക്കൂട്ടങ്ങള്‍ക്കിടയിലാണെങ്കിലും
അക്ഷമയൊട്ടുമേ പാടില്ലിനിമേല്‍
തൊട്ടുരുചിക്കുകയെല്ലാമൊരേമട്ടിലാ-
കില്ല,യെന്നാലും രുചികരംതന്നെ

കേള്‍ക്കുവാനിറ്റു ക്ഷമയുണ്ടായിടേണം
കാണുവാന്‍ കണ്ണുകള്‍ തുറന്നുതന്നാകണം
കൊച്ചുകൈകളിലീ ലോകമാകവെ
കുത്തിക്കുറിച്ചു വെളിവാക്കിടേണം

കാലുറയ്ക്കണം, മണ്ണിതില്‍തന്നെ
മനസ്സലയണം പാരിതിലാകെ
നേരറിയണം, നേരിന്‍വഴിയില്‍ നീ
നന്മയെമാത്രം തൊട്ടറിഞ്ഞീടണം

ദീര്‍ഘമാം നിന്‍വഴിത്താരയില്‍, നിത്യവും
പ്രോജ്വലദീപമായക്ഷരപ്പൂത്തിരി
കെട്ടുപോകാതെ കാക്കുക, നീയിനി
ചുറ്റും പരത്തുക, അറിവിന്‍ വെളിച്ചം...


2 comments:

സൗഗന്ധികം said...

അക്ഷരപ്പൂത്തിരി തെളിക്കാനും അറിവിന്റെ വിശാല ലോകം കാണാനുമായിയെത്തുന്ന കുരുന്നുകൾക്കായി, നന്മയുടെ തിരിനാളവുമേന്തി മനോഹരമായൊരു കാവ്യദീപിക..


വളരെ ഉചിതവും, മികച്ചതുമായ കവിത.



ശുഭാശംസകൾ......

ajith said...

ആശയവും അര്‍ഥവുമുള്ള മനോഹരകവിത