Saturday, October 13, 2012

ചുഴി

ചിലരങ്ങനെയാണ്. നേരിട്ട് യുദ്ധം ചെയ്യില്ല. മാതൃകകള്‍ അനവധിയുണ്ട് അവര്‍ക്ക്. മര്യാദപുരുഷോത്തമനായ രാമനുള്‍പ്പെടെ. ഒളിയമ്പുകളാണ് പഥ്യം. തൊടുക്കുമ്പോള്‍ ഒന്നാണെങ്കില്‍ കൊള്ളുമ്പോള്‍ ഒരായിരമായി മാറുന്ന പാര്‍ഥശരങ്ങള്‍പോലെ. മുന്നില്‍ നില്‍ക്കാന്‍ ശിഖണ്ഡികള്‍ അനവധിയുള്ളപ്പോള്‍ യുദ്ധമര്യാദകള്‍ ഒന്നും അവര്‍ക്ക് വിഷയമല്ല. നെടുംതൂണിടിഞ്ഞാലും പോര, അടിത്തറതന്നെ മാന്തിപ്പൊളിക്കണം. എങ്കിലേ തൃപ്്തിയാകൂ.

ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ട സങ്കല്‍പം കുടുംബമാണ്. ഭര്‍ത്താവും ഭാര്യയും മക്കളുമടങ്ങുന്ന സന്തുഷ്ട കുടുംബം. സുഖവും ദുഃഖവുമെല്ലാം പങ്കിടാന്‍, പരസ്പരം താങ്ങായി മാറാന്‍ കുടുംബമല്ലാതെ മറ്റൊന്നുമില്ല. എന്നാല്‍, ഈ ഒളിയമ്പുകള്‍ ചെന്നുപതിക്കുന്നത് കുടുംബത്തിന്റെ സ്വസ്ഥതയിലും സമാധാനത്തിലുമാകുമ്പോള്‍, ദ്രോഹം, അതെല്ലാ സീമകളെയും ലംഘിക്കുകയാണ്.

പാപികള്‍ ആര്‍ത്തട്ടഹസിക്കുകയാണ്. വിജയാഹ്ളാദം മുഴക്കുകയാണ്. ചെകുത്താന്റെ സാമ്രാജ്യത്തിന്റെ നേരവകാശികള്‍ സദാചാരസൂക്ഷിപ്പുകാരായി മാറുന്നു. കാലുകൊണ്ട് വെറുതെ തട്ടിത്തെറിപ്പിക്കുന്ന ചെളിയും ശുഭ്രവസ്ത്രത്തെ കളങ്കിതമാക്കുന്നു.

പുതഞ്ഞുപുതഞ്ഞുപോകുന്ന ഒരു മണ്‍ചുഴിയിലാണ് നാമിപ്പോള്‍. വിശ്വാസത്തിന്റെയും ആദര്‍ശത്തിന്റെയും ഉള്‍ക്കരുത്തോടെ ഈ മണ്‍തിട്ടയില്‍ ഇതുവരെ നാം ഒരുമിച്ചുനിന്നു. ഇപ്പോള്‍, തിരിഞ്ഞുനോക്കുമ്പോള്‍, ഈ ചുഴിയിലേക്ക് വീണുപോകാന്‍ മാത്രം വിധിക്കപ്പെട്ടതാണോ നമ്മുടെ ജന്മം എന്നു തോന്നിപ്പോകുന്നു. കരകയറണമെങ്കില്‍ ഇത്രനാളും വിശ്വസിച്ചതിനെയെല്ലാം തള്ളിപ്പറയേണ്ടിവരും.

ഏതു മുറിവിലൂടെയും ഒഴുകിയിറങ്ങുന്ന രക്തത്തിന്റെ നിറം ചുവപ്പുതന്നെയാണ്. നാം സ്വപ്നം കണ്ട ചുവപ്പ്. ചെകുത്താന്‍ പിടിമുറുക്കുന്നതിനുമുമ്പു ഈ ചുവപ്പിനെയും നിരാകരിക്കാന്‍ മനസ്സിനെ ഒരുക്കണമല്ലോ എന്നോര്‍ക്കുമ്പോള്‍ വെറുതെയൊന്നു കരയാന്‍ തോന്നുന്നു.

No comments: