Friday, October 26, 2012

എന്റെ രക്ഷ... എന്റെ കരുത്ത്

ഒറ്റപ്പെടലിന്റെ ഈ തുരുത്തില്‍
വിഹ്വലമായൊരുള്‍ത്താപമേറി
ഞാന്‍ കൊതിക്കുന്നു....
എന്റെ വലംകൈയില്‍
തെരുകിപ്പിടിക്കാനൊരു കൈ...

വയല്‍വരമ്പിലൂടന്നു ഞാന്‍
പുസ്തകപ്പെട്ടിയുമേന്തിക്കുതിക്കവെ
ഒരുകാല്‍ച്ചുവടിന്നുപിന്നിലെന്നും
ഒരു നിശ്വാസമായ് എന്റെയൊപ്പം
എന്റെ രക്ഷ
എന്റെ കരുത്ത്

യൌവ്വനം പോര്‍മുഖമാക്കിമാറ്റിയ
കലാലയമുറ്റത്തൊരഗ്നിയായ്
എന്റെ സഖാക്കള്‍ക്കൊപ്പം
കുതിച്ചുചാടിയ നാളുകള്‍
അകലെയെങ്കിലും
കരുതലോടെ,
രണ്ടുകണ്ണുകള്‍
എത്തിപ്പിടിക്കാനെന്നപോല്‍
രണ്ടു കൈയ്യുകള്‍
എന്റെ രക്ഷ
എന്റെ കരുത്ത്

കുടുംബമൊരു ചുമടായ്
തലയിലേറ്റി
അകംനിറയെ കണ്ണീരും
പുറത്തൊരിത്തിരി പുഞ്ചിരിയുമായ്
ജനിച്ചവീടിന്‍ പടിയിറങ്ങുംനേരം
തിരിഞ്ഞുനോക്കിയൊരു മാത്ര
പരിഭവമൊന്നും പറഞ്ഞില്ലയെങ്കിലും
കണ്ടു ഞാന്‍ രണ്ടു നിറകണ്ണുകള്‍
വീട്ടുസാധനങ്ങളേറ്റിയ വണ്ടിയില്‍
പിടിച്ചുകയറാനൊരു കൈത്താങ്ങായ്
എന്റെ രക്ഷ
എന്റെ കരുത്ത്

ജീവിതത്തിന്റെ ഈ മധ്യാഹ്നത്തില്‍
ഒറ്റപ്പെട്ടുപോയ ഒരു കുട്ടിയെപ്പോലെ
ഞാന്‍...
വേനലുരുകുന്ന ഈ ചൂടില്‍
ഇടയ്ക്കിടെ
തിരിഞ്ഞുനോക്കുന്നു ഞാന്‍
ഒരു നിശ്വാസത്തിന്റെ കുളിര്‍മ തേടി
ഇരുള്‍ തിങ്ങിനിറയുന്നൊരീ
ഒറ്റയടിപ്പാതയില്‍
പകച്ചുനില്‍ക്കുന്നു ഞാന്‍...
പരതുന്നു ചുറ്റിനും
തെരുകിപ്പിടിക്കാനൊരു കൈ...
പാതി വഴിയില്‍, ഒരു വാക്കുപറയാതെ
പിടിവിട്ടുപോയൊരെന്‍ രക്ഷ....
എന്റെ കരുത്ത്....
എന്റെ ജ്യേഷ്ഠന്‍....

No comments: